വിവാഹമോചന വാർത്ത സ്ഥിരീകരിച്ച് സംഗീതസംവിധായകൻ എ.ആർ.റഹ്മാൻ രംഗത്ത് എത്തിയതിന് പിന്നാലെ സൈബറിടത്തെ ചര്‍ച്ച റഹ്മാനും ഭാര്യ സൈറയുമാണ്. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഭാര്യ സൈറയുമായുള്ള ബന്ധം വേർപെടുത്തുകയാണെന്ന് റഹ്മാൻ അറിയിച്ചത്. തങ്ങളുടെ ബന്ധം 30 വർഷങ്ങൾ പൂർത്തിയാക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും എന്നാൽ അത് സാധിച്ചില്ലെന്നും അദ്ദേഹം എക്സ് ഹാൻഡിലിൽ കുറിച്ചു. വിവാഹജീവിതത്തിലെ 29 വർഷങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് റഹ്മാനും സൈറയും വേർപിരിയാൻ തീരുമാനിച്ചത്.
ഇപ്പോഴിതാ സൈബറിടത്ത് ശ്രദ്ധേയം നേരത്തെ എ.ആര്. റഹ്മാനെക്കുറിച്ച് നടന് റഹ്മാന് പങ്കുവച്ച കാര്യമാണ്. നടന് റഹ്മാന്റെ ഭാര്യ സഹോദരിയാണ് സൈറ. എ.ആര്. റഹ്മാന്റെ ഹണിമൂണിനിടെ അവരെ ഫോണില്‍ വിളിച്ചപ്പോള്‍ ലഭിച്ച മറുപടിയാണ് വൈറല്‍.
‘അദ്ദേഹത്തിന്റെ വിവാഹശേഷമുണ്ടായ ഒരു സംഭവം ഞാന്‍ ഓര്‍ക്കുന്നു. വിവാഹത്തിന് ശേഷം അദ്ദേഹം എന്റെ ഭാര്യാസഹോദരിയുമായി ഒരു ഹില്‍സ്റ്റേഷനിലേക്ക് ഹണിമൂണിന് പോയി. ആ ദിവസം രാത്രി ഏകദേശം ഒരു 12 മണിയോടെ ഞാന്‍ അവരെ ഫോണില്‍ വിളിച്ചു. സൈറയാണ് അന്ന് മറുപടി നല്‍കിയത്. അവള് അപ്പോഴേക്കും ഉറങ്ങിയിരുന്നു. ഉറക്കത്തിനിടെയാണ് അവള് ഫോണെടുത്തത്. റഹ്മാന് എവിടെയെന്ന് ചോദിച്ചപ്പോള്‍ 'എനിക്കറിയില്ല' എന്നായിരുന്നു സൈറയുടെ മറുപടി. ആ സമയം, മറ്റൊരു മുറിയില്‍ വീണ വായിച്ച് എന്തോ സംഗീതം കമ്പോസ് ചെയ്യുകയായിരുന്നു അദ്ദേഹം’, നടന് റഹ്മാന് പറഞ്ഞു.