ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാരംഗത്ത് നിന്നുണ്ടായ ദുരനുഭവങ്ങള്‍ തുറന്നുപറഞ്ഞുകൊണ്ട് നിരവധി താരങ്ങളാണ് രംഗത്തെത്തിയത്. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി സിനിമാമേഖലകളിലെല്ലാം തന്നെ താരങ്ങള്‍ തങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളും ദുരനുഭവങ്ങളും തുറന്നുപറയുന്നുണ്ട്. പരാതിയുമായി രംഗത്തെത്തുന്നവര്‍ ചുരുക്കമാണെങ്കിലും അഭിമുഖങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും മറ്റുമാണ് താരങ്ങള്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. അത്തരത്തില്‍ തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം തുറന്നുപറഞ്ഞ ബോളിവുഡ് താരം സയാനി ഗുപ്ത വാക്കുകളാണ് ഇപ്പോള്‍ സൈബറിടത്ത് ചര്‍ച്ചയാകുന്നത്. ഇന്‍റിമേറ്റ് രംഗങ്ങൾ ചിത്രീകരിക്കുന്നതിനിടയിൽ നേരിടേണ്ടി വന്ന ബുദ്ധിമുട്ടിനെക്കുറിച്ചാണ് സയാനി ഗുപ്ത തുറന്നു പറഞ്ഞിരിക്കുന്നത്.
ഒരു റേഡിയോ പരിപാടിക്കിടെയായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍. ഇന്‍റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുന്നതിലെ പ്രശ്നങ്ങളെക്കുറിച്ച് ഒരു പുസ്തകം തന്നെ തനിക്ക് എഴുതാന്‍ കഴിയുമെന്ന് താരം പറയുന്നു. സയാനി ഗുപ്തയുടെ വാക്കുകള്‍ ഇങ്ങനെ... ഇന്‍റിമേറ്റ് രംഗങ്ങള്‍ കൊറിയോഗ്രാഫ് ചെയ്യുന്ന ഇൻറ്റിമസി കോർഡിനേറ്റർ ഇന്ത്യയിലിപ്പോള്‍ ഒരു പ്രൊഫഷനായി മാറിയതില്‍ ഞാൻ നന്ദിയുളളവളാണ്. മാർഗരിറ്റ വിത്ത് എ സ്ട്രോ എന്ന ചിത്രത്തില്‍ ഞാന്‍ ഒരു നടനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. 2013 പോലുളള കാലഘട്ടത്തില്‍ ഇത്തരം ഇന്‍റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കാന്‍ എളുപ്പമാണ്. പക്ഷേ ആ നടന്‍ ആ രംഗം മുതലെടുക്കുന്നതായി തോന്നി. ഷോട്ട് കഴിഞ്ഞിട്ടും അയാള്‍ ചുംബിച്ചുകൊണ്ടേയിരുന്നു. സംവിധായകന്‍ കട്ട് പറഞ്ഞിട്ടും അയാളത് തുടര്‍ന്നു. ഇത് എന്നെ വളരെ അസ്വസ്ഥയാക്കി' എന്ന് സയാനി ഗുപ്ത പറയുന്നു.
മറ്റൊരു ഇടത്ത് നിന്ന് നേരിട്ട ദുരനുഭവവും താരം പറഞ്ഞു. ഒരു വെബ് സീരീസിന്‍റെ ഭാഗമായി ബീച്ചില്‍ ഷൂട്ട് നടക്കുന്നതിനിടെയാണ് സംഭവം. ബീച്ച് വെയര്‍ ധരിച്ചുകൊണ്ട് കിടക്കുന്ന രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. എനിക്ക് ചുറ്റും 70ഓളം പുരുഷന്മാരുണ്ടായിരുന്നു. ഷോട്ട് കഴിഞ്ഞയുടന്‍ എനിക്കൊരു ഷാള്‍ തരാനോ എന്‍റെ സുരക്ഷയ്ക്ക് വേണ്ടിയുളള കാര്യങ്ങള്‍ ചെയ്തുതരാനോ ആരും തയ്യാറായില്ല. ഒരു നടിയുടെ സുരക്ഷയെക്കുറിച്ചോ സംരക്ഷണത്തെക്കുറിച്ചോ ആരും തന്നെ ചിന്തിക്കുന്നില്ല. ഈ ചിന്താഗതി മാറ്റണം' എന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം നല്ല സപ്പോര്‍ട്ടീവ് ആയുളള ആളുകളും സിനിമാമേഖലയിലുണ്ടെന്നും സയാനി പറഞ്ഞു. തന്നോടൊപ്പം വെബ് സീരീസില്‍ അഭിനയിച്ച സഹനടൻ പ്രതീക് ബബ്ബാര്‍ ഒരു ന്യൂഡ് സീനില്‍ തന്നോട് കാണിച്ച കരുതലും നടി ഓര്‍ത്തെടുത്തു.