സംഗീതജ്ഞന്‍ ബാലഭാസ്കറും മകളും മരിച്ച അപകടത്തില്‍ കാറോടിച്ചിരുന്നത് ഡ്രൈവറായിരുന്ന അര്‍ജുന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് ബാലുവിന്‍റെ ഭാര്യ ലക്ഷ്മി. മനോരമന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. യാത്രയുടെ തുടക്കം മുതല്‍ അര്‍ജുനാണ് കാര്‍ ഓടിച്ചത്. ബാലു മരിച്ചു, താന്‍ ജീവിക്കുമെന്ന് അര്‍ജുന്‍ കരുതിയിട്ടുണ്ടാവില്ലെന്നും അതാവും നുണ പറഞ്ഞതെന്നും ലക്ഷ്മി പറയുന്നു.
തൃശൂരില്‍ നിന്നും യാത്ര പുറപ്പെട്ടത് മുതല്‍ അര്‍ജുനാണ് കാറോടിച്ചത്. മുന്‍സീറ്റില്‍ താനും മകളും, പിന്‍സീറ്റില്‍ ബാലഭാസ്കറുമാണ് ഉണ്ടായിരുന്നത്. അപകടത്തിന് പിന്നാലെ ആശുപത്രിയിലെത്തിയ ബാലുവിന്‍റെ സുഹൃത്തുക്കളോട് അര്‍ജുന്‍ തെറ്റ് സമ്മതിച്ചു. ഉറങ്ങിപ്പോയതാണ് അപകടമുണ്ടാക്കിയതെന്ന് പറഞ്ഞ് കരഞ്ഞു. പിന്നീട് മൊഴി മാറ്റിയത് ഞെട്ടിച്ചു കളഞ്ഞുവെന്നും ലക്ഷ്മി നടുക്കത്തോടും സങ്കടത്തോടും കൂടി പറഞ്ഞു. 'ബാലു മരിച്ചു, ഞാനും ജീവിക്കുമെന്ന് കരുതിയില്ല. അതിനാലാവും ബാലുവാണ് കാറോടിച്ചതെന്ന് അര്‍ജുന്‍ പിന്നീട് മൊഴി മാറ്റിയത്' –ലക്ഷ്മി വിശദീകരിക്കുന്നു. Also Read: 'സ്വര്‍ണക്കടത്ത് കേസ് ബാലുവിന് അറിയാമായിരുന്നു'
അര്‍ജുന്‍ സ്ഥിരം ഡ്രൈവറായിരുന്നില്ല. വിളിക്കുമ്പോള്‍ മാത്രമാണ് കാറോടിക്കാന്‍ വന്നിരുന്നത്. പാലക്കാട്ടെ പൂന്തോട്ടം കുടുംബത്തിന്‍റെ ബന്ധുവാണ് അര്‍ജുന്‍. അവിടെ വച്ചാണ് അര്‍ജുനെ പരിചയപ്പെട്ടത്. ഒരു കേസില്‍പ്പെട്ട് ജീവിക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണെന്നാണ് അര്‍ജുന്‍ ബാലുവിനോട് പറഞ്ഞത്. സഹായിക്കാമെന്ന് കരുതിയാണ് തിരുവനന്തപുരത്തേക്ക് കൂടെ കൂട്ടിയത്. അര്‍ജുനെതിരെ കേസുണ്ടായിരുന്നത് ബാലുവിന് അറിയാമായിരുന്നു. ജീവിക്കാന്‍ പറ്റാത്ത സാഹചര്യമെന്ന് പറഞ്ഞതോടെ കൂടെ കൂട്ടിയതാണെന്നും ലക്ഷ്മി പറഞ്ഞു. Read More: 'നിനക്കെന്തേലും വേണോ? ഞാനൊന്ന് കിടക്കട്ടെ'; ബാലു അവസാനമായി എന്നോട് പറഞ്ഞത്; ഉള്ളുലഞ്ഞ് ലക്ഷ്മി
ആറുവര്‍ഷം മുന്‍പാണ് വാഹനാപകടത്തില്‍ ഭര്‍ത്താവ് ബാലഭാസ്കറിനെയും പതിനെട്ട് വര്‍ഷത്തെ പ്രാര്‍ഥനയ്ക്കൊടുവില്‍ കിട്ടിയ കുഞ്ഞുമകളെയും ലക്ഷ്മിക്ക് നഷ്ടമായത്. താനല്ല ബാലുവാണ് കാറോടിച്ചതെന്ന ഡ്രൈവര്‍ അര്‍ജുന്‍റെ മൊഴിമാറ്റം കേസില്‍ വലിയ വിവാദമുണ്ടാക്കിയിരുന്നു. സ്വാഭാവിക അപകടമെന്നായിരുന്നു അതുവരെ എല്ലാവരും കരുതിയിരുന്നത്. പിന്നാലെ ബാലുവിന്‍റെ വിശ്വസ്തരായിരുന്ന പ്രകാശന്‍ തമ്പിയും വിഷ്ണു സോമസുന്ദരവും സ്വര്‍ണക്കടത്തില്‍ പ്രതികളായതോടെ സ്വത്ത് തട്ടിയെടുക്കാന്‍ സ്വര്‍ണക്കടത്ത് മാഫിയ നടത്തിയ ആസൂത്രിത അപകടമെന്ന ആരോപണത്തിലേക്ക് കുടുംബം കടന്നു. ബാലുവിന്‍റെ കാര്‍ ആക്രമിക്കുന്നത് കണ്ടെന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബിയും രംഗത്തെത്തി. ഇതെല്ലാം നുണയെന്നായിരുന്നു ക്രൈംബ്രാഞ്ചിന്‍റെയും സിബിഐയുടെയും കണ്ടെത്തല്‍.
അമിതവേഗം മൂലമുണ്ടായ അപകടമെന്നും അപകടസമയത്ത് കാറിന്‍റെ വേഗം 120 കിലോമീറ്ററിന് മുകളിലെന്നും അന്വേഷണസംഘം ശാസ്ത്രീയമായി തെളിയിച്ചു. ദുരൂഹതകളെല്ലാം തള്ളിയ സിബിഐ അപകടകരമായ ഡ്രൈവിങിന് അര്‍ജുനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് അന്വേഷണം അവസാനിപ്പിച്ചു. എതിര്‍പ്പുമായി പിതാവ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് കോടതി നിര്‍ദേശിച്ച തുടരന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. അതിനിടയില്‍ പെരിന്തല്‍മണ്ണയില്‍ വ്യാപാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസില്‍ അര്‍ജുന്‍ പിടിക്കപ്പെട്ടതോടെ പഴയ ആരോപണങ്ങളെല്ലാം വീണ്ടും തലപൊക്കുകയായിരുന്നു.