ആറുവര്‍ഷം മുന്‍പൊരു സെപ്റ്റംബറില്‍ കേരളം കണ്‍ തുറന്നത് നെഞ്ചു തകര്‍ക്കുന്നൊരു വാര്‍ത്ത കേട്ടാണ്. സംഗീതജ്ഞനും വയലിനിസ്റ്റുമായ ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടുവെന്നതായിരുന്നു ആ വാര്‍ത്ത. വീടെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയുണ്ടായ അപകടത്തില്‍ ലക്ഷ്മിക്ക് താന്‍ ജീവന്‍റെ ജീവനായി സ്നേഹിച്ച ഭര്‍ത്താവ് ബാലുവിനെയും ആറ്റുനോറ്റ് ലഭിച്ച മകളെയും നഷ്ടമായി. വര്‍ഷങ്ങള്‍ക്കിപ്പുറം, നടുക്കുന്ന ആ ദിവസത്തെ ലക്ഷ്മി ഓര്‍ത്തെടുക്കുകയാണ്. അവസാനമായി ബാലു പറഞ്ഞ വാക്കുകള്‍, നടന്ന സംഭവം അന്വേഷണസംഘത്തിന് മുന്നിലല്ലാതെ ലക്ഷ്മി ആദ്യമായി മനോരമ ന്യൂസിലൂടെ വെളിപ്പെടുത്തുകയാണ്.
ഏകദേശം തിരുവനന്തപുരം അടുക്കാറായപ്പോഴാണ് വാഹനമോടിച്ച അര്‍ജുന്‍ വണ്ടി നിര്‍ത്തി ഡ്രിങ്ക്സ് കുടിക്കാനിറങ്ങിയതെന്ന് ലക്ഷ്മി ഓര്‍ത്തെടുക്കുന്നു. 'നിനക്കെന്തെങ്കിലും കുടിക്കാന്‍ വേണോ'യെന്ന് ബാലു തന്നോട് ചോദിച്ചുവെന്നും 'ഒന്നും വേണ്ടെ'ന്ന് താന്‍ പറഞ്ഞുവെന്നും ലക്ഷ്മി പറയുന്നു. 'വീടെത്താനായോ' എന്ന തന്‍റെ ചോദ്യത്തിന് 'അധികം വൈകില്ല നമ്മളെത്തു'മെന്ന് പറഞ്ഞുവെന്നും' ഞാനൊന്ന് കിടക്കട്ടെ'യെന്ന് പറഞ്ഞ് ബാലഭാസ്കര്‍ കിടന്നുവെന്നും ഉള്ളുലയുന്ന വേദനയോടെ അവര്‍ വെളിപ്പെടുത്തി. അപകടദിവസം സംഭവച്ച കാര്യങ്ങളെ കുറിച്ച് ലക്ഷ്മി പറയുന്നതിങ്ങനെ..
ചോദ്യം: ലക്ഷ്മീ.. അന്ന് നടന്ന അപകടത്തില്‍ ഏറ്റവും ആധികാരികമായി അതേപ്പറ്റി സംസാരിക്കാന്‍ കഴിയുന്നൊരാള്‍ ലക്ഷ്മിയാണ്. ലക്ഷ്മി ശരിക്കും സെപ്റ്റംബര്‍ 24 മുതലുള്ള സംഭവങ്ങള്‍ എങ്ങനെയാണ് ഓര്‍ക്കുന്നത്?
അത് വ്യക്തിപരമായ ഒരു യാത്രയായിരുന്നു, മകളുടെ നേര്‍ച്ചയ്ക്കായുള്ള യാത്രയായിരുന്നു. ഞാനൊരു അസുഖാവസ്ഥയിലുമായിരുന്നു. എനിക്ക് മഞ്ഞപ്പിത്തത്തിന്‍റേതായ പ്രശ്നങ്ങളുണ്ടായിരുന്നു. അത് പ്രസവശേഷം ഉണ്ടായിക്കൊണ്ടിരുന്നതാണ്. അപ്പൊ അതിങ്ങനെ വിട്ടുവിട്ട് മഞ്ഞപ്പിത്തത്തിന്‍റെ ബുദ്ധിമുട്ടുകള്‍ ഉണ്ടായിക്കൊണ്ടിരുന്നു. റിക്കവറാകുക, വീണ്ടും അഫക്ടടാവുക അതിങ്ങനെ പോകുന്ന വളരെ ക്ഷീണിതമായ ഒരവസ്ഥയിലായിരുന്നു. അപ്പോള്‍ തൃശൂരില്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ മകള്‍ക്കായി ഞങ്ങളുടെ നേര്‍ച്ചയുണ്ടായിരുന്നു . ചിലപ്പോള്‍ അതിന് പോകാന്‍ പറ്റില്ലായെന്ന് വിചാരിച്ചിരുന്നു. ബാലുവും നാട്ടിലുള്ള സമയം. അപ്പോള്‍ ബാലുവാണ് പറഞ്ഞത് കുഴപ്പമില്ല, മോളെ ഞാന്‍ സപ്പോര്‍ട്ട് ചെയ്തോളാം എന്ന് . തുടര്‍ന്ന് ഞങ്ങള്‍ പുറപ്പെടുകയായിരുന്നു.
അധികം വൈകാത്തതുകാരണമാണ് നേര്‍ച്ച കഴിഞ്ഞ് ഞങ്ങള്‍ രാത്രി അവിടെ നിന്ന് തിരിച്ചത്. അല്ലെങ്കില്‍ അവിടെ സ്റ്റേ ബാക്ക് ചെയ്യുമായിരുന്നു. ബാലുവിന് തിരിച്ച് തിരുവനന്തപുരം എത്തി കുറച്ച് ജോലികള്‍ ചെയ്യാനുമുണ്ടായിരുന്നു. തിരിച്ചതിന് ശേഷം എനിക്ക് ട്രാവല്‍ സിക്നെസ് ഉള്ള ഒരാളാണ്. ഞാന്‍ കാറിന്‍റെ ഫ്രണ്ട് സീറ്റില്‍ ഇരുന്നു. മോളെന്‍റെ മടിയിലുണ്ടായിരുന്നു. മോഷന്‍ സെന്‍സിങ് ഇല്ലാതിരിക്കാന്‍ വേണ്ടിയിട്ട് കണ്ണടച്ചിരിക്കുകയെന്നുള്ളതാണ് ഞാന്‍ ചെയ്യുക. അന്നും അങ്ങനെ തന്നെ ആയിരുന്നു. കുറച്ച് ദൂരം വന്നിട്ടുണ്ട്. അതിന് ശേഷം കാറ് നിര്‍ത്തിയിരുന്നു. അവര് പുറത്തിറങ്ങി. ഡ്രൈവര്‍ പുറത്തിറങ്ങി, ബാലു ബാക്കിലെ സീറ്റിലുണ്ട്. ഡ്രൈവ് ചെയ്തിരുന്നത്, ആളുടെ പേര് അര്‍ജുന്‍, കടയില്‍ നിന്ന് ഡ്രിങ്ക്സ് ഒക്കെ വാങ്ങി കഴിക്കുന്നുണ്ടായിരുന്നു. അപ്പോ അവര് കൊണ്ടുവന്ന് ബാലുവിനോട് ചോദിക്കുമ്പോള്‍ ബാലു എന്നോട് ചോദിച്ചു, 'നിനക്കെന്തേലും വേണോ എന്ന് . വേണ്ടെന്ന് പറഞ്ഞു. നമ്മളിപ്പോ എത്താറായോ എന്ന് ചോദിച്ചു. ബാലു പറഞ്ഞു 'അധികം വൈകില്ല, നമ്മളെത്തും, എത്താറായി' എന്ന്. 'ഒന്നും വേണ്ടല്ലോ അല്ലെയെന്ന് വീണ്ടും ചോദിച്ചു. ഞാന്‍ പറഞ്ഞു വേണ്ടെന്ന്. ഞാനത് പറഞ്ഞതിന് ശേഷം ഡ്രൈവര്‍ അര്‍ജുന്‍ തിരിച്ച് കാറില്‍ കയറി. ഡോര്‍ അടച്ചു, ഞാന്‍ കണ്ണടച്ച് ഇരുന്നു. 'ഞാനൊന്ന് കിടക്കട്ടെ' എന്ന് ബാലു പറയുന്നുണ്ടായിരുന്നു. ബാലു റെസ്റ്റെടുക്കാന്‍ വേണ്ടിയിട്ട് കിടക്കുവായിരുന്നു. പിന്നെയും കുറച്ച് ദൂരം മുന്നോട്ട് പോയിട്ടുണ്ട്. എനിക്കത് കറക്ട് സമയമൊന്നും അറിയില്ല.
കുറച്ച് ദൂരം കൂടി മുന്നോട്ട് പോയി. എനിക്ക് വളരെ അസാധാരണമായൊരു മൂവ്മെന്റ് ഫീല്‍ ചെയ്തിട്ടാണ് ഞാന്‍ കണ്ണു തുറക്കുന്നത്. കുറച്ചൊരു ഓഫ് റോഡ് സഞ്ചരിക്കുന്നത് പോലെ വല്ലാത്തൊരു നിയന്ത്രണമില്ലാത്ത അവസ്ഥ. ഞാന്‍ കണ്ണ് തുറന്നു. പുറത്തുള്ള വിഷന്‍ എനിക്കത്ര വ്യക്തമല്ല. പക്ഷേ അകത്ത് ഡ്രൈവര്‍ സീറ്റിലിരിക്കുന്ന അര്‍ജുന്‍ ആകെ പകച്ച്, വണ്ടിയുടെ കണ്‍ട്രോള്‍ കയ്യില്‍ ഇല്ലാത്തതു പോലെ ഒരു ഇരിക്കലായിരുന്നു. അതൊക്കെ സെക്കന്‍റുകളുടെ ഓര്‍മയാണ്. ഞാന്‍ നിലവിളിക്കാന്‍ ശ്രമിക്കുന്നുണ്ട്. എന്‍റെ ഒച്ച പുറത്തുവന്നോ എന്നെനിക്ക് അറിയില്ല. ഞാന്‍ ഗിയര്‍ബോക്സില്‍ കൈ കൊണ്ട് നന്നായി അടിക്കുന്നുണ്ടായിരുന്നു. അവിടെ എന്‍റെ ബോധം പോയി. പിന്നെ എനിക്കൊന്നും ഓര്‍മയില്ല. എത്രയോ ദിവസം കഴിഞ്ഞ് ഹോസ്പിറ്റലിനകത്താണ് കണ്ണ് തുറക്കുന്നത്.'- ലക്ഷ്മി പറഞ്ഞു നിര്‍ത്തി.