വാഹനാപകടത്തില്‍ ഭര്‍ത്താവ് ബാലഭാസ്കറിനെയും മകളെയും നഷ്ടപ്പെട്ട് ആറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ലക്ഷ്മി മനോരമ ന്യൂസിലൂടെ മനസ് തുറന്നത്. ബാലഭാസ്കറിന്‍റെ ഡ്രൈവറായിരുന്ന അര്‍ജുന്‍ സ്വര്‍ണം പൊട്ടിക്കല്‍ കേസില്‍ പ്രതിയായത് മുതല്‍ നിറയുന്ന ദുരൂഹതകളെ കുറിച്ചും സമൂഹമാധ്യമങ്ങളിലേതടക്കമുള്ള വിചാരണകളെ കുറിച്ചും അവര്‍ തുറന്ന് പറയുന്നു. വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ ഇനിയും അതുണ്ടാക്കുമെന്നും പക്ഷേ തനിക്ക് താന്‍കണ്ടത് മാത്രമേ പറയാനാകൂവെന്നും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനില്ലെന്നും ലക്ഷ്മി വ്യക്തമാക്കുന്നു. ബാലുവിനെ സ്നേഹിക്കുന്ന വളരെ കുറച്ച് ആളുകള്‍ക്ക് വേണ്ടിയാണ് തന്‍റെ വെളിപ്പെടുത്തലുകളെന്നും താന്‍ കണ്ടതും അറിഞ്ഞതുമായ കാര്യങ്ങളാണ് പറയുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
വര്‍ഷങ്ങള്‍ക്കിപ്പുറമുള്ള തുറന്നുപറച്ചിലിനെ കുറിച്ച് ലക്ഷ്മി പറയുന്നതിങ്ങനെ..'ഇപ്പൊ സംസാരിക്കാന്‍ തയ്യാറായതിന് രണ്ടുകാരണങ്ങള്‍ ഉണ്ട്. ഒന്ന്, സിബിഐയുടെ രണ്ടാം ഘട്ട മൊഴിയെടുക്കലുമെല്ലാം കഴിഞ്ഞു. അതിന്‍റെ ഫൈനല്‍ സംഭവങ്ങളെനിക്കറിയില്ല. അതിനി ഉത്തരവാകുമ്പോള്‍ അറിയാന്‍ പറ്റുമെന്ന് തോന്നുന്നു. പിന്നെ, ഈ വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ലല്ലോ. അപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെ എല്ലാം റെക്കോര്‍ഡിക്കലാണ്,ലീഗല്‍ റെക്കോര്‍ഡുകളിലുള്ളതാണ്. എന്‍റെ വിറ്റ്നസ് മൊഴിയാണ്.
പക്ഷേ ബാലുവിനെ സ്നേഹിക്കുന്ന ഒരു വിഭാഗം ആളുകള്‍ ഞാനത് പറഞ്ഞുകേള്‍ക്കണമെന്ന് ആഗ്രഹിക്കുന്നുണ്ട്. അവരുടെ മുന്നിലല്ലോ ഞാന്‍ ഇതെല്ലാം പറഞ്ഞത്. ഇപ്പോഴെനിക്ക് തോന്നി ഞാന്‍ കണ്ടതും ഞാന്‍ അറിഞ്ഞതുമായ കാര്യങ്ങള്‍ അവരുടെ മുന്നില്‍ പറയണമെന്ന് . പറയുന്നു, അത്രയുമേയുള്ളൂ. ഇപ്പോഴും ഞാന്‍ പറയുന്നത് എല്ലാവരും വിശ്വസിക്കില്ലെന്ന് എനിക്കറിയാം. അത് പ്രശ്നങ്ങളുണ്ടാക്കുമെന്നും എനിക്കറിയാം. അതൊന്നുമറിയാഞ്ഞിട്ടല്ല. പക്ഷേ ഞാന്‍ പറഞ്ഞ് അത് മനസിലാക്കാനിരിക്കുന്ന കുറച്ചുപേരുണ്ടല്ലോ, ചെറിയൊരു ശതമാനം ആളുകള്‍. അവര്‍ക്കു വേണ്ടിയിട്ടാണ് ഞാന്‍ പറയുന്നത്.
വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ ഇനിയുമുണ്ടാക്കും. പറയാനുള്ളവര്‍ ഇനിയും പറയും. പക്ഷേ എനിക്ക് കണ്ടതുമാത്രമേ എനിക്ക് പറയാനാകൂ. എനിക്കറിയാവുന്ന കാര്യങ്ങളോ, അല്ലെങ്കില്‍ ബാലുവെങ്കിലും എന്നോട് പറഞ്ഞിട്ടുണ്ടെങ്കില്‍ എനിക്കതേ പറയാന്‍ പറ്റൂ. അല്ലാതെ ഊഹാപോഹങ്ങള്‍ പറ്റില്ല. മറ്റാരെങ്കിലും പറഞ്ഞത് കേട്ടുപറയാന്‍ പറ്റില്ല. ഏറ്റുപറഞ്ഞു നടക്കാന്‍ പറ്റില്ല. കാരണം ഇത് പലരുടെയും ജീവിതത്തിനെ ബാധിക്കുന്ന കാര്യമാണ്. എന്‍റെ ഭര്‍ത്താവിന്‍റെയോ മകളുടെയോ മരണത്തിനൊപ്പം കുറ്റം ചെയ്യാത്ത ആരുടെയെങ്കിലും കണ്ണീരും കൂടെയുണ്ടാവണമെന്ന് എനിക്കാഗ്രഹമില്ല. ആരെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുക, ഇല്ലെങ്കില്‍ ആരും അതില്‍ കുറ്റവാളികളാകാതെ ഇരിക്കുക എന്നുമാത്രമേയുള്ളൂ. അത്രയുമാണ് എന്‍റെ ആഗ്രഹം. അന്നും ഇന്നും എന്‍റെ ആഗ്രഹമതാണ്. അതിനുവേണ്ടിയിട്ടാണ് ഒരു മുടക്കവും വരുത്താതെ നിയമപരമായി ഞാന്‍ മൊഴി കൊടുക്കുന്നത്.'
വാഹനാപകടം തന്നെ ശാരീരികമായും മാനസികമായും ബാധിച്ചിരുന്നുവെന്നും യാഥാര്‍ഥ്യം അംഗീകരിക്കാന്‍ മാസങ്ങള്‍ വേണ്ടിവന്നുവെന്നും അവര്‍ വിശദീകരിക്കുന്നു. തലച്ചോറിനെറ്റ ക്ഷതം സുഖപ്പെട്ട് വരുമ്പോഴേക്കും വിവാദങ്ങള്‍ ആരംഭിച്ചുവെന്നും സത്യം എല്ലാവരും അറിയാന്‍ വേണ്ടി സംസാരശേഷി തിരികെ കിട്ടിയ സമയം മുതല്‍ താന്‍ അന്വേഷണവുമായി സഹകരിച്ച് തുടങ്ങിയെന്നും ലക്ഷ്മി പറയുന്നു. 'അപകടം ശാരീരികമായി ബാധിക്കപ്പെട്ടൊരാളാണ് ഞാന്‍. അതിന്‍റെ കാര്യമായ ബുദ്ധിമുട്ടുകള്‍ അനുഭവിക്കുമ്പോള്‍ തന്നെ മാനസികമായ ബുദ്ധിമുട്ടുകളും എനിക്കുണ്ടായി. രണ്ടും ഒരേസമയം എന്നെ ബാധിക്കുന്നുണ്ടായിരുന്നു. കുറച്ച് മാസങ്ങള്‍ വേണ്ടി വന്നു യാഥാര്‍ഥ്യം എന്താണെന്ന് തിരിച്ചറിയാന്‍. അതുവരെയും ഒരു ഇരട്ടവ്യക്തിത്വം പോലൊരു മാനസികാവസ്ഥയായിരുന്നു. ബ്രെയിന്‍ ഇന്‍ജുറിക്ക് ശേഷം അത് റിക്കവര്‍ ചെയ്ത് വരുന്ന ഒരവസ്ഥയായിരുന്നു. ആ തളര്‍ച്ച മാറുമ്പോഴേക്കും വിവാദങ്ങള്‍ തുടങ്ങി. പിന്നെ നിയമപരമായുള്ള കാര്യങ്ങള്‍ തുടങ്ങി.ആരോഗ്യം വീണ്ടെടുത്തശേഷം എനിക്ക് ലഭിച്ച ഊര്‍ജമത്രയും ഈ വിഷയത്തില്‍ നിയമപരമായ സഹകരണത്തിനായി ഉറപ്പാക്കകുയായിരുന്നു. മൊഴിയടുക്കല്‍ നടന്ന ഒരോ തവണയും ആ സഹകരണം തുടര്‍ന്നു.
'എനിക്ക് തോന്നുന്നു ഞാന്‍ ബോധത്തിലേക്ക് വന്ന് എന്‍റെ സംസാരശേഷി തിരിച്ചു കിട്ടിയ സമയം മുതല്‍ നമ്മുടെ ലോക്കല്‍ പൊലീസിനും പിന്നെ അതുകഴിഞ്ഞ് ക്രൈംബ്രാഞ്ചിലും അതുകഴിഞ്ഞ് സിബിഐയിലും തുടര്‍ന്ന് സിബിഐയുടെ തന്നെ രണ്ടാമത്തെ സംഘത്തിനും മൊഴി നല്‍കി പിന്നെ സിജെഎം കോടതിയിലും ഞാന്‍ മൊഴി കൊടുത്തിരുന്നു. ആദ്യം മുതല്‍ ഒറ്റത്തവണ പോലും എന്‍റെ അസൗകര്യങ്ങളുടെ പേരിലോ എന്‍റെ വയ്യായ്കയുടെ പേരിലോ ഒന്നും ഞാന്‍ മാറ്റിവച്ചിട്ടില്ല. മൊഴി കൊടുത്തുകൊണ്ടുതന്നെ ഇരിക്കുകയായിരുന്നു. അതൊന്നും പരസ്യമായി വരാത്ത കാര്യങ്ങളായതിനാലാണ് ആരും അറിയാത്തത്'. ആദ്യം മുതല്‍ തന്നെ മൊഴി കൊടുക്കുന്നുണ്ടായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.