rashmiika-allu-arjun

പുഷ്​പ 2 ദി റൂള്‍ കാണാന്‍ തിയേറ്ററുകളില്‍ വന്‍തിരക്കാണ് ഇപ്പോള്‍. ചിത്രത്തില്‍ അല്ലു അര്‍ജുന്‍ പെര്‍ഫോമന്‍സ് തന്നെയാണ് പ്രധാനമായും ആളുകളെ ആകര്‍ഷിക്കുന്നത്. ഇതിനിടക്ക് താരത്തിന്‍റെ പ്രകടനത്തെ പുകഴ്​ത്തിയുള്ള നടി രശ്​മിക മന്ദാനയുടെ പരാമര്‍ശങ്ങള്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ സാരി ഉടുത്തുള്ള അല്ലുവിന്‍റെ പ്രകടനമാണ് തന്നെ അമ്പരിപ്പിച്ചതെന്നാണ് ഒരു അഭിമുഖത്തില്‍ രശ്മിക പറഞ്ഞത്. 

'നല്ല ബോധ്യത്തോട് കൂടി തന്നെ പറയട്ടെ, എന്‍റെ ജീവിതത്തില്‍ ഒരു നടന്‍ അതുപോലെ പെര്‍ഫോം ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല. അല്ലു അര്‍ജുനല്ലാതെ മറ്റൊരു നടനും ഇതുപോലെ പെര്‍ഫോം ചെയ്യാന്‍ സാധിക്കില്ലെന്ന് എനിക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കും. ഒന്ന് ചിന്തിച്ചു നോക്കൂ, ഇന്ത്യന്‍ സിനിമയില്‍ ഇതുപോലെ ചെയ്യാനുള്ള ധൈര്യം മറ്റേതെങ്കിലും നടന് ഉണ്ടാകുമോ?

നായകന്‍റെ ആല്‍ഫാനെസ്സ് മാറ്റിവെച്ച് സാരിയുടുത്തുകൊണ്ട് പെര്‍ഫോം ചെയ്യുക, അതില്‍ തന്നെ ഡാന്‍സും, ഫൈറ്റും ചെയ്യുക, നീണ്ട ഡയലോഗുകള്‍ പറയുക, സിനിമയില്‍ 25 മിനിട്ട് അദ്ദേഹം സാരിയിലാണ്, ഇതെല്ലാം ആര്‍ക്ക് ചെയ്യാന്‍ പറ്റും? ഈയൊരൊറ്റ സീന്‍ കൊണ്ട് എനിക്ക് അല്ലു അര്‍ജുനോട് വലിയ ബഹുമാനമാണ് തോന്നിയത്. ജീവിതകാലം മുഴുവന്‍ അത് ഉണ്ടാവുകയും ചെയ്യും,’ രശ്മിക പറഞ്ഞു.‌

താരത്തിന്‍റെ പരാമര്‍ശത്തിന് പിന്നാലെ വലിയ വിമര്‍ശനവും ഉയര്‍ന്നു. സൗത്ത് ഇന്ത്യന്‍ സിനിമയെ രശ്​മികക്ക് വേണ്ടത്ര പരിചയമില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകള്‍. മുമ്പ് പല നടന്മാരും സാരി ഉടുത്ത് നടത്തിയ പ്രകടനങ്ങളും പലരും എടുത്തു കാട്ടി. അല്ലു വെറും 25 മിനിട്ടാണ് സാരി ഉടുത്തതെങ്കില്‍ അവൈ ഷണ്‍മുഖിയുടെ നല്ലൊരു ശതമാനം രംഗങ്ങളിലും സാരി ഉടുത്ത് അഭിനയിച്ച കമല്‍ഹാസനെ രശ്​മിക കണ്ടിട്ടില്ലേ എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നു. കാഞ്ചനയില്‍ ട്രാന്‍സ്ജെന്‍ഡറായി അഭിനയിച്ച ശരത്​കുമാറിനേയും സാരി ഉടുത്ത് അഭിനയിച്ച രാഘവ ലോറന്‍സിനേയും സൂപ്പര്‍ ഡീലക്സിലെ വിജയ് സേതുപതിയുടെ പെര്‍ഫോമന്‍സുമെല്ലാം രശ്മികക്ക് മുന്നില്‍ നെറ്റിസണ്‍സ് നിരത്തി. റെമോയിലെ ശിവകാര്‍ത്തികേയനേയും ചിലര്‍ ചൂണ്ടിക്കാട്ടി.

ENGLISH SUMMARY:

Social media replies to rashmika for her praise for Allu Arjun in Pushpa 2