asif-ali-deleted-scene

രേഖാ ചിത്രം കാണാന്‍ കുടുംബസമേതം വന്നപ്പോള്‍ തന്നെ കാണാതെ സങ്കടപ്പെട്ട് മടങ്ങിയ സുലേഖ ചേച്ചിക്ക് ഇനി ചിരിക്കാം. എഡിറ്റിങ് ടേബിളിലെത്തിയപ്പോള്‍ മുറിച്ചുമാറ്റപ്പെട്ട ആ സീനുകള്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തിലെ നായകനായ ആസിഫ് അലിയാണ് ഈ സന്തോഷം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. ആസിഫിന്‍റെ കുറിപ്പിങ്ങനെ. 'ഇതാണ് സുലേഖ ചേച്ചിയുടെ ഡിലീറ്റായി പോയ സീൻ. സിനിമ ഇറങ്ങിയ ദിവസം തന്നെ ഞങ്ങൾ ചേച്ചിയോട് പറഞ്ഞിരുന്നു ‘ഈ സീൻ ചേച്ചിക്ക് വേണ്ടി ഞങ്ങൾ പുറത്തിറക്കു'മെന്ന്..ആ വാക്ക് പാലിക്കുന്നു'. തിങ്ക് മ്യൂസിക് ഒഫീഷ്യല്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പുറത്തുവിടുന്നത്. 

രേഖാചിത്രം കണ്ട് പുറത്തിറങ്ങിയപ്പോള്‍ തന്നോടൊപ്പം അഭിനയിച്ച സുലേഖ ചേച്ചി ഇരുന്ന് കരയുന്നത് കണ്ടെന്ന് ആസിഫ് വെളിപ്പെടുത്തിയിരുന്നു. സുലേഖ ചേച്ചിയെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന ആസിഫിന്‍റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 'ചേച്ചി കരയുന്നത് കണ്ടപ്പോള്‍ ഞാന്‍ കരുതിയത് സിനിമ കണ്ട് അതിന്‍റെ ഇമോഷന്‍റെ പുറത്ത് കരയുന്നതാണെന്നാണ്. അടുത്ത് ചെന്നപ്പോഴാണ് ചേച്ചി പറഞ്ഞത്, ചേച്ചി 2 ഷോട്ടുളള ഒരു സീനില്‍ അഭിനയിച്ചിരുന്നു. പക്ഷേ അത് തിയറ്ററിലെത്തിയപ്പോള്‍ എഡിറ്റ് ചെയ്ത് കളഞ്ഞു എന്ന് ആസിഫ് വിശദീകരിച്ചു.

പിന്നാലെ 'സോറി, പറ്റിപ്പോയി… നമ്മൾ ഒരുമിച്ച് അഭിനയിച്ച സീനിൽ ചേച്ചി എന്ത് രസമായാണ് ചെയ്തിരിക്കുന്നത്. ചില സിനിമകളിൽ നമുക്ക് ലെങ്ത് പ്രശ്നം വരുമല്ലോ. നമുക്ക് എല്ലാവർക്കും ഇങ്ങനെയുള്ള അവസ്ഥയുണ്ടായിട്ടുണ്ട്. അടുത്ത സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിക്കും. ചേച്ചി കരയുന്നത് കണ്ടിട്ട് ഞാനും കരഞ്ഞു. ഇനി അങ്ങനെ ചെയ്യരുത്. ചേച്ചിയുടെ നല്ല രസമുള്ള ഹ്യൂമർ സീനായിരുന്നു'- എന്ന് ആശ്വസിപ്പിക്കാനും ഈ സീന്‍ പുറത്തുവിടുമെന്ന് ഉറപ്പുനല്‍കാനും താരം മറന്നില്ല. 

ആസിഫും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തിയ 'രേഖാചിത്രം' തിയറ്ററുകളില്‍ നിറഞ്ഞോടുകയാണ്. ആസിഫിന്‍റെ പൊലീസ് വേഷത്തിനൊപ്പം തന്നെ അനശ്വരയുടെ വിന്‍റേജ് കഥാപാത്രവും, സറിന്‍ ഷിഹാബിനെയും പ്രേക്ഷകര്‍ നെഞ്ചിലേറ്റി.