കുത്തേറ്റ് മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു. ആറ് ദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് െസയ്ഫ് വീട്ടിലെത്തുന്നത്. ഡോക്ടര്‍മാര്‍ വീട്ടില്‍ വിശ്രമത്തിന് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, സെയ്‌ഫ് അലി ഖാനെ കുത്തിയ കേസില്‍ നടന്‍റെ വീട്ടില്‍ നടന്ന സംഭവങ്ങള്‍ മുംബൈ പൊലീസ് പുനരാവിഷ്കരിച്ചു. പ്രതി മുഹമ്മദ് ഷെരീഫുള്‍ ഇസ്ലാമിനെ ബാന്ദ്രയിലെ ഫ്ലാറ്റില്‍ എത്തിച്ചായിരുന്നു നടപടികള്‍.
ബാന്ദ്ര റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുലര്‍ച്ചെ പ്രതിയുമായി നേരെ നടന്‍റെ ഫ്ലാറ്റിലേക്ക്. ഫയര്‍ എക്സിറ്റ് ഗോവണി വഴി പ്രതി അകത്തേക്ക് കടന്നത് എങ്ങനെയാണോ അക്കാര്യങ്ങള്‍ പൊലീസ് പുനരാവിഷ്കരിച്ചു. തുടര്‍ന്ന് നടനുമായുണ്ടായ സംഘര്‍ഷം പ്രതീകാത്മകമായി വീണ്ടും അവതരിപ്പിച്ചു. ഗോവണി, കുളിമുറിയുടെ ജനല്‍, പൈപ്പ് എന്നിവിടങ്ങളില്‍ നിന്നും പ്രതിയുടെ 19 വിരലടയാളങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇത് നിര്‍ണായക തെളിവാകും. ബംഗ്ലദേശിലെ രാജ്ഭാരിയിലാണ് സ്വദേശമെന്നും നാട്ടിലേക്ക് പോകുന്നതിന് പണം കണ്ടെത്താനാണ് മോഷണത്തിന് ശ്രമിച്ചതെന്നും പ്രതി മൊഴി നല്‍കി.
താന്‍ ബംഗ്ലദേശില്‍ ദേശീയ ഗുസ്തി ചാംപ്യന്‍ ആയിരുന്നെന്നും ഇയാള്‍ അവകാശപ്പെട്ടു. അവിടെ മറ്റ് കേസുകള്‍ ഉണ്ടോ എന്നത് അടക്കം മൊഴിയിലെ മറ്റ് കാര്യങ്ങള്‍ പെലീസ് വിശദമായി പരിശോധിച്ച് വരികയാണ്. ബംഗ്ലദേശ് സ്വദേശിയ മറ്റൊരാളുടെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ചാണ് ഇയാള്‍ മൊബൈല്‍ നമ്പര്‍ സംഘടിപ്പിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്. കുറ്റകൃത്യം നടത്താന്‍ പുറത്ത് നിന്ന് പ്രതിക്ക് സഹായം കിട്ടിയോ എന്ന കാര്യത്തിലൊന്നും ഇനിയും വ്യക്തത വന്നിട്ടില്ല.