മഞ്ജു വാരിയരുടെ ജീവന്‍ അപകടത്തിലാണെന്ന വാദം ആവര്‍ത്തിച്ച് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മഞ്ജുവിന്‍റെ ജീവന് ഭീഷണി ആരാണെന്ന് പൊതുസമൂഹം അന്വേഷിക്കണമെന്നാണ് ഫെയ്സ്ബുക് പോസ്റ്റില്‍ സനലിന്‍റെ ആവശ്യം. ഈമാസം പതിനെട്ടിന് ഫെയ്സ്ബുക്കിലിട്ട കുറിപ്പിന്‍റെ തുടര്‍ച്ചയാണ് പുതിയ പോസ്റ്റ്.
അതിലെ വരികള്‍ ഇങ്ങനെ. ‘സമൂഹം ഒരു തമാശയാണ്. അങ്ങനെയൊന്ന് നിലനിൽക്കുന്നേയില്ല എന്നുതോന്നും ചിലപ്പോൾ. എന്റെയോ നിന്റെയോ എന്നുള്ളത് മാറ്റിവെച്ചാലും ഞാൻ പുറത്തുവിട്ട സംഭാഷണത്തിൽ രണ്ടു മനുഷ്യരാണല്ലോ ഉള്ളത്. അതാരായിക്കോട്ടെ, ഒരു സ്ത്രീയെ അവൾക്ക് ഇഷ്ടമുള്ളയാളോട് സംസാരിക്കാൻ അനുവദിക്കുന്നില്ലെന്നും അതിനു ശ്രമിച്ചാൽ ആ സ്ത്രീയുടെയും മകളുടെയും ജീവന് ഭീഷണിയാകും എന്നുമാണല്ലോ പ്രധാനമായും അതിലുള്ളത്. അതാരാണെന്ന് ബോധമുള്ള സമൂഹം ചോദിക്കേണ്ടേ? അതിൽ സത്യമുണ്ടോ എന്ന് അന്വേഷിക്കേണ്ടേ?
ഞാൻ പൊതുസമൂഹത്തെ പറ്റിക്കുകയാണ് എന്ന് വാദിച്ചാൽ പോലും അതിന്റെ സത്യാവസ്ഥ തിരക്കി പോകാൻ ഒരു സമൂഹം തയാറാവേണ്ടതില്ലേ? നീ പറഞ്ഞത് ശരിതന്നെയാണ്. ഇതൊരു പാഴ് സമൂഹമാണ്. ഞാൻ തോൽവി സമ്മതിച്ചു. മുൻപ്, നിന്റെ മൗനം എന്നിൽ ഉണർത്തിയിരുന്ന വികാരം കോപമായിരുന്നു. ഇപ്പോൾ ഭയവും ആധിയുമാണ്. നിന്നെയോർക്കുമ്പോൾ ഉള്ളിലാളുന്ന തീ കാരണം എഴുതാതിരിക്കാൻ കഴിയുന്നില്ല. കടലാസ് വഞ്ചി പുഴയിൽ ഒഴുക്കിവിടുമ്പോലെ നിന്നിലേക്ക് എത്തുമായിരിക്കും എന്ന പ്രതീക്ഷയിൽ എന്തൊക്കെയോ കുറിക്കുന്നു. നമ്മുടെ പ്രണയം ഇങ്ങനെ പൊതുസമൂഹത്തിൽ വിളിച്ചുപറയേണ്ടിവരുന്നതിൽ എനിക്ക് സങ്കടമുണ്ട്. പക്ഷെ മറ്റെന്താണ് വഴി? എന്താണ് ഈ ലോകം ഇത്ര ക്രൂരമായി പോകുന്നതിന്റെ കാരണം!’
മഞ്ജു വാര്യരുടെ ജീവന് ഭീഷണിയുണ്ടെന്ന് മൂന്നുവര്‍ഷം മുന്‍പിട്ട ഫെയ്സ്ബുക് പോസ്റ്റിനെതിരെ താരം പൊലീസില്‍ പരാതി നല്‍കുകയും സനലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. അത് മഞ്ജു വാരിയരുടെ പേരില്‍ മറ്റാരോ സൃഷ്ടിച്ച കള്ളപ്പരാതിയാണെന്നാണ് സനല്‍കുമാര്‍ ഈമാസം 18ന് പോസ്റ്റ് ചെയ്ത കുറിപ്പിലുള്ളത്. ‘അന്ന് പറഞ്ഞ രണ്ടു കാര്യങ്ങൾ ആവർത്തിക്കുന്നു’ എന്ന ആമുഖത്തോടെ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഒരു ശബ്ദരേഖയും ചേര്‍ത്തിരുന്നു.
കേസിനുശേഷം മഞ്ജു വാരിയര്‍ മറ്റൊരു പേരില്‍ ഫെയ്സ്ബുക് വഴി തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും മൂന്നുദിവസം മുന്‍പ് അവര്‍ സംസാരിച്ച ശബ്ദരേഖയാണെന്നുമെല്ലാമാണ് സനല്‍ കുമാര്‍ പറയുന്നത്. എന്നാല്‍ ശബ്ദരേഖയിലുള്ള സ്ത്രീശബ്ദത്തിന് മഞ്ജു വാരിയരുടെ ശബ്ദവുമായി സാമ്യം തോന്നുന്നില്ല. തമിഴ് കലര്‍ന്ന മലയാളമാണ് ശബ്ദരേഖയിലുള്ള സ്ത്രീയുടേത്.
സനല്‍ കുമാറിന്‍റെ പുതിയ പോസ്റ്റിനെ വിമര്‍ശിച്ച് നിര്‍മാതാവും സംവിധായകനുമായ അനില്‍ തോമസ് ഇട്ട കമന്‍റിനെ ഒട്ടേറെപ്പേര്‍ പിന്തുണച്ചു. അനില്‍ തോമസിന്‍റെ കമന്‍റ് ഇങ്ങനെ: ‘എന്‍റെ പൊന്നുസനലേ, ഈ പരിപാടി നിർത്തൂ. നിങ്ങളുടെ സിനിമയിൽ അഭിനയിച്ച ഒരു നടിയോട് താങ്കൾക്ക് പ്രണയം തോന്നിയിരിക്കാം പക്ഷെ അവർക്ക് അങ്ങനെ ഒന്നും തന്നെയില്ലെയെന്ന് താങ്കൾക്കും അറിവുള്ളതല്ലേ, അതിന്റെ തെളിവല്ലേ താങ്കൾക്കെതിരെ അവർ കൊടുത്ത കേസ്. താങ്കൾ ഇപ്പോൾ അമേരിക്കയിൽ ഇരുന്നാണ് അവരെ stalk ചെയ്യുന്നതെന്ന് മനസിലാക്കുന്നു, അവരുടെ അല്ലാത്ത ഒരു voice clip അവരുടേതെന്ന് പറഞ്ഞ് സോഷ്യൽ മീഡിയയിൽ ഇട്ട് വീണ്ടും നടപടികൾ വിളിച്ച് വരുത്തരുത്. പണ്ട് കേസ് ഉണ്ടായപ്പോൾ താങ്കൾ ഇന്ത്യയിൽ ആയിരുന്നു എന്ന് സമാധാനിക്കാം ഇപ്പോൾ നിങ്ങൾ ഉള്ളത് ലോക ഭ്രാന്തനായ ഒരുത്തൻ പ്രസിഡന്റ് ആയിരിക്കുന്ന നാട്ടിലാണ്. അതുകൊണ്ട് അരഭ്രാന്തിനു പ്രത്യേകിച്ചും ഇളവുകൾ ഒന്നും ലഭിക്കില്ല. താങ്കളുടെ ഈ പ്രവർത്തി കൊണ്ട് സ്വയം കുഴിതോണ്ടാതിരിക്കുക. താങ്കളെ നേരിൽ പരിചയപ്പെട്ട ഒരാൾ എന്ന നിലയിൽ ഇത്തരം പ്രവർത്തികൾ ഭൂഷണമല്ല എന്ന് ഓർമിപ്പിക്കട്ടെ. അവരെ അവരുടെ വഴിക്ക് വിടുക. താങ്കൾ അറിയാവുന്ന പണി (സിനിമ സംവിധാനം ) തുടർന്നും ചെയ്യാൻ ശ്രമിക്കുക.’
മഞ്ജു വാരിയര്‍ ഏതുവിധേനയും തന്‍റെ പരാമര്‍ശങ്ങളോട് പ്രതികരിക്കണം എന്ന ആവശ്യമാണ് അനില്‍ തോമസിന്‍റെ കമന്‍റിന് മറുപടിയായി സനല്‍കുമാര്‍ ശശിധരന്‍ മുന്നോട്ടുവയ്ക്കുന്നത്. അനില്‍ തോമസ് അതിന് മുന്‍കൈയെടുക്കുന്നില്ലെങ്കില്‍ ആധികാരികമായി ഇതേപ്പറ്റി സംസാരിക്കാന്‍ വരേണ്ടെന്നും സനല്‍കുമാര്‍ മറുപടിയില്‍ പറയുന്നു.