കെഎല്‍എഫ് വേദിയില്‍ തര്‍ക്കവുമായി നടി പാര്‍വതി തിരുവോത്തും ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മിയും. ‘സ്ത്രീയും സിനിമയും’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ചർച്ചയ്ക്കിടയിലായിരുന്നു സംഭവം. സിനിമാ ലോകത്ത് സ്ത്രീകൾ അനുഭവിക്കുന്നതും നേരിട്ടതുമായ വിഷയങ്ങളെ പറ്റിയും ഹേമ കമ്മിറ്റി റിപ്പോർട്ടും പറ്റിയും പാര്‍വതി സംസാരിച്ചിരുന്നു. ‘നമുക്ക് എന്തും തുറന്നു പറയാനുള്ള ഒരു ഇടമുണ്ട്. അവിടെ ആർക്കും വന്ന് പറയാനുള്ളത് പറയാം. വിമർശിക്കാനുളളവർക്കും അവിടേക്ക് വരാം,’ എന്നും ഡബ്ല്യുസിസിയെ പറ്റി പരാമര്‍ശിച്ച് പാർവതി പറഞ്ഞിരുന്നു.
ഇതിനു മറുപടി ആയിട്ടാണ് കാണികൾക്കിടയിൽ നിന്ന് ഭാഗ്യലക്ഷ്മി സംസാരിച്ചത്. ഒരുപാട് ആര്‍ടിസ്റ്റുകള്‍ക്ക് ഡബ്ല്യുസിസിയിലേക്ക് വരുന്നതെങ്ങനെ എന്ന് അറിയില്ലെന്നും അത് കൂടി പരിഗണിക്കണമെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു. "ഈ ഓർഗനൈസേഷൻ കുറച്ചുകൂടി ആളുകൾക്ക് സംരക്ഷണം കൊടുക്കുന്ന രീതിയിൽ ആകണം. ഇരുന്ന് സംസാരിക്കാനും അവരോടൊപ്പം കുറച്ചു സമയം ചെലവഴിക്കാനും ഉള്ള ഒരു സ്പേസ് നൽകാനുള്ള ഒരു ശ്രമം ഡബ്ല്യുസിസി നടത്തിയാൽ നല്ലതാണെന്ന് എനിക്ക് തോന്നുന്നു, കുറെ കൂടി ആളുകൾ നിങ്ങളിലേക്ക് വരാൻ ശ്രമിക്കും. ‘ഞങ്ങൾ എങ്ങനെയാ മാഡം അവരുടെ അടുത്തേക്ക് പോകേണ്ടത്’ എന്ന് എന്നോട് സ്ത്രീകൾ ചോദിക്കാറുണ്ട്. ഡബ്ബിങ് ആർട്ടിസ്റ്റുകൾ അല്ല, അവർക്ക് പരാതി ഇല്ല എന്നു തന്നെ വച്ചോളൂ.
ചോദിക്കുന്നത് മറ്റ് ഒരുപാട് ആർട്ടിസ്റ്റുകൾ, ടെക്നീഷ്യൻസ് ആയിട്ടുള്ള സ്ത്രീകൾ അങ്ങനെ പലരും, ഞങ്ങൾ എങ്ങനെയാ മാഡം അങ്ങോട്ട് പോകേണ്ടത്, ആരുടെ അടുത്തേക്കാണ് പോകേണ്ടത് എന്ന് ചോദിക്കുന്ന ഒരു ചോദ്യം ഇവിടെ നിൽക്കുന്നുണ്ട്. അപ്പോൾ അതും കൂടി ഒന്നു നിങ്ങൾ പരിഗണിക്കണം എന്ന് കൂടിയാണ് എനിക്ക് ഇത്രയും ആളുകളുടെ മുമ്പിൽ വച്ച് നിങ്ങളോട് പറയാനുള്ളത്. ഞാൻ ഇവിടെ വെറുതെ ഇരുന്നു കേട്ടിട്ട് പോകാം എന്ന് കരുതി തന്നെയാണ് വന്നത്. പക്ഷേ, എനിക്ക് തോന്നി അങ്ങനെയല്ല, എന്‍റെ ഭാഗത്ത് നിന്നുള്ള ഒരു സജഷൻ ഉണ്ടാകണം എന്ന്," ഭാഗ്യലക്ഷ്മി പറഞ്ഞു.
ഇതിനു മറുപടിയായി ഭാഗ്യലക്ഷ്മിക്ക് എന്തുകൊണ്ട് ഡബ്ല്യൂസിസിയുടെ ഭാഗമായിക്കൂട എന്നാണ് പാർവതി ചോദിച്ചത്. ‘ചേച്ചി നിങ്ങൾക്ക് എന്നെ നന്നായി അറിയാം. നിങ്ങൾക്ക് എന്‍റെ നമ്പർ കിട്ടാനും ഒരു പ്രയാസവും ഉണ്ടാകില്ല. നിങ്ങൾക്ക് എന്തുകൊണ്ട് കലക്ടീവിൽ ജോയിൻ ചെയ്തുകൂടാ’? എന്നാണ് പാര്‍വതി ചോദിച്ചത്. കരഘോഷത്തോടെയാണ് കാണികൾ പാർവതിയുടെ ചോദ്യത്തെ സ്വീകരിച്ചത്.
എന്നാൽ ഡബ്ല്യുസിസിയില്‍ നിന്നും പിന്മാറാനുള്ള കാരണം പൊതുവേദിയിൽ പരസ്യമാക്കിയാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്. "മുഖ്യമന്ത്രിക്ക് പരാതി കൊടുക്കാൻ പോകുന്ന ദിവസം രാവിലെ എന്നോട് ചർച്ച ചെയ്തിട്ട് നമുക്ക് ഒന്നിച്ച് പോകാം എന്ന് പറഞ്ഞിട്ട്, പിന്നെ ഞാൻ കാണുന്നത് ടെലിവിഷനിൽ നിങ്ങളെല്ലാം മന്ത്രിയെ കണ്ടു എന്ന വാർത്തയാണ്. അപ്പോൾ ഞാൻ നിങ്ങളെ വിളിച്ചു ചോദിക്കുന്നു, എന്തുകൊണ്ട് എന്നെ വിളിച്ചില്ല. മന്ത്രിയെ കാണാൻ പോകാൻ എന്തുകൊണ്ട് വിളിച്ചില്ല എന്നല്ല ചോദിച്ചത്. അതിനു മുൻപുള്ള ചർച്ചയുടെ കാര്യമാണ് ഉദ്ദേശിച്ചത്. അതു ചോദിച്ചപ്പോൾ നിങ്ങളുടെ ഗ്രൂപ്പിലുള്ള ഒരാൾ തന്നെ എന്നോട് പറഞ്ഞ ഉത്തരമാണ്, നിങ്ങളെ കൂട്ടണ്ട എന്ന് ഞങ്ങളിൽ ചിലർ താല്പര്യപ്പെട്ടു എന്ന്. അങ്ങനെ നിങ്ങളുടെ കൂട്ടത്തിലുള്ളവർ തന്നെ പറഞ്ഞപ്പോൾ, ശരി എന്നെ ഇഷ്ടമല്ലെങ്കിൽ കൂട്ടണ്ട എന്ന് ഞാൻ കരുതി. അതുകൊണ്ടാണ് ഡബ്ല്യുസിസിയിലേക്ക് വരാത്തത്," ഭാഗ്യലക്ഷ്മി പറഞ്ഞു.