ദൈവഭയമുള്ള തികഞ്ഞ വിശ്വാസി, എങ്കില്‍ വിദ്യാഭ്യാസവും വിശ്വാസവഴിയിലാകട്ടെയെന്ന് ചെറുപ്പത്തിലേ ഉറപ്പിച്ചു . അങ്ങിനെ ആ അങ്കമാലിക്കാരന്‍ 10 തരം കഴിഞ്ഞയുടന്‍ മൈസൂരിലെ സെമിനാരിയിൽ ചേര്‍ന്നു. പക്ഷേ ഒരുമാസം കൊണ്ടുതന്നെ തിരിച്ചറിവുണ്ടായി. തിരഞ്ഞെടുത്ത ലക്ഷ്യം സാധൂകരിക്കുന്ന മാര്‍ഗത്തിലല്ല പോക്ക് . പിന്നെ താമസിച്ചില്ല കാര്യങ്ങള്‍ അമ്മയോട് തുറന്നു പറഞ്ഞു. ഈ വഴി എങ്ങുമെത്തില്ല തിരിച്ചുപോരുന്നു എന്ന് . വൈദികമോഹം ചുരുങ്ങിയകാലം കൊണ്ട് ഉപേക്ഷിച്ച് നേരെ എറണാകുളം മഹാരാജാസ് കോളജിലേക്ക് . വിദ്യാഭ്യാസ കാലത്ത് തന്‍റ യഥാര്‍ഥ വഴി അവന്‍ തിരിച്ചറിഞ്ഞു. നടനാകണമെന്ന് ആഗ്രഹിച്ചാല്‍ മാത്രം പോരല്ലോ . അതിനായി കഠിനമായ പരിശ്രമവും തുടങ്ങി . കിട്ടാവുന്ന ഷോര്‍ട്ട്ഫിലിമുകളിലെല്ലാം മുഖം കാണിച്ചു . പക്ഷേ സിനിമയിലേക്കൊരു വാതില്‍ മാത്രം തുറന്നില്ല . അപ്പോഴാണ് സ്വന്തം നാട്ടില്‍ ഓഡിഷന്‍ നടക്കുന്ന വിവരമറിഞ്ഞത് . അങ്കമാലിയിലെത്തി ഒരു ചെറിയവേഷം പ്രതീക്ഷിച്ച് ഓഡിഷനില്‍ പങ്കെടുത്തു. പക്ഷേ സംഭവിച്ചത് പ്രതീക്ഷിച്ചതിലുമപ്പുറമായിരുന്നു . തേടിയെത്തിയത് ആരും മോഹിക്കുന്ന നായകവേഷം . ആ സിനിമയ്ക്കൊപ്പം നായകനും വിജയിച്ചു കയറി. ആ ചിത്രം അങ്കമാലി ഡയറീസ്, ആ നായകന്‍ വർഗീസിന്റെയും അൽഫോൻസയുടെയും മകൻ ആന്‍റണി വർഗീസ് എന്ന പ്രേക്ഷകരുടെ സ്വന്തം പെപ്പെ
സിനിമ എന്ന സ്വപ്നം മാത്രം ഉള്ളിലിട്ട് ഒറ്റയ്ക്ക് വഴിവെട്ടിവന്ന ഒരു സാധാരണക്കാരൻ, അതാണ് ആന്റണി വർഗീസ് എന്ന പെപ്പെ, ഓട്ടോറിക്ഷ തൊഴിലാഴിയായ പിതാവിന്‍റെ മകൻ ജീവിതത്തിലെ കഷ്ടപ്പാടും പ്രാരാബ്ധവും നന്നായി അറിഞ്ഞാണ് ജീവിച്ചത്. ദുരിതപൂര്‍ണമായി ജീവിതത്തിലും അവന്‍റ സ്വപ്ങ്ങള്‍ക്ക് താങ്ങും തണലുമായി വീട്ടുകാര്‍ ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടാവും ആന്റണി വർഗീസിൽ നിന്നും സ്ക്രീനിലെ പെപ്പയായപ്പോഴും തന്നിലെ സാധാരണക്കാരനെ അവന് കൈമോശം വന്നില്ല. പോർക്കും പെരുന്നാളും പൊടിപാറുന്ന അടിയുമായി ജീവിതം ആഘോഷമാക്കുന്ന അങ്കമാലിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ. പറയത്തക്ക കാരണമൊന്നുമില്ലാതെ ഇവർ ചെന്നുപെടുന്ന പ്രതികൂല സാചര്യങ്ങള്‍. ആ സമയം ചോരത്തിളപ്പിന്‍റെ പുറത്ത് ചാടക്കയറി ചെയ്തുകൂട്ടുന്ന കാര്യങ്ങള്‍ കൊണ്ട് കൈമോശം വന്നുപോയ ജീവിതം. അവിടെ നിന്നുള്ള അവന്‍റെ മടങ്ങിവരവും ചേരുന്നതാണ് അങ്കമാലി ഡയറീസിന്‍റെ ഇതിവൃത്തം. 86 പുതുമുഖങ്ങളെ വെച്ച് അങ്കമാലിയുടെ കഥപറയാൻ ലിജോ ജോസ് പെല്ലിശ്ശേരി മുതിര്‍നിടത്തു നിന്നാണ് വിൻസെന്റ് പെപ്പെ എന്ന നായകന്‍റെ ജനനം