സസ്പെന്‍ഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിന്‍റെ പരാതികള്‍ നേരിട്ടു കേള്‍ക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം അടുത്തയാഴ്ച നേരിട്ടു ഹാജരാകാന്‍ ചീഫ് സെക്രട്ടറി നോട്ടീസ് അയച്ചു. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിങ്ങ് നടത്തിയാകും പരാതികള്‍ കേള്‍ക്കുക.
തന്നെ നേരിട്ടുകേള്‍ക്കാതെ സസ്പെന്‍ഷന്‍ നടപടിയെടുത്തു എന്നുള്ളതായിരുന്നു എന്‍.പ്രശാന്തിന്‍റെ പ്രധാന പരാതി. അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെയുള്ള തന്‍റെ പേരിലുള്ള സമൂഹമാധ്യമ പോസ്റ്റ് വ്യാജമാണെന്നു ചൂണ്ടിക്കാണിച്ച് വക്കീല്‍ നോട്ടിസും അയച്ചിരുന്നു. എന്നാല്‍ പരാതികള്‍ സമിതിക്കു മുന്നില്‍ പറയണമെന്നായിരുന്നു ചീഫ്സെക്രട്ടറിയുടെ നിലപാട്.
മാത്രമല്ല കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൂടിയ കമ്മിറ്റി പ്രശാന്തിനെതിരെയുള്ള അന്വേഷണം ആവശ്യപ്പെട്ട് ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. ഇതിനിടെയാണ് പ്രശാന്തിനെ നേരിട്ടു കേള്‍ക്കാനുള്ള നിര്‍ദേശം ചീഫ് സെക്രട്ടറിക്ക് നല്‍കിയത്. അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരെ സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയെന്നതിലായിരുന്നു എന്‍.പ്രശാന്തിനെ കഴിഞ്ഞ നവംബര്‍ 11 ന് സസ്പെന്‍ഡ് ചെയ്തത്.
ഈ മാസം ശാരദാ മുരളീധരന്‍ വിരമിക്കുമ്പോള്‍ എ.ജയതിലക് ചീഫ് സെക്രട്ടറി സ്ഥാനത്തെത്താനുള്ള സാധ്യതയും കൂടുതലാണ്. അതു കൂടി കണക്കിലെടുത്താണ് ഇപ്പോഴത്തെ തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നിര്‍ണായക തീരുമാനം ഉടനെന്നു എന്‍.പ്രശാന്ത് ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരുന്നു. പിന്നീട് പോസ്റ്റില്‍ എന്‍.പ്രശാന്ത് സമൂഹമാധ്യമത്തിലൂടെയോ അല്ലാതെയോ പ്രതികരിച്ചില്ല.