രാജ്യത്താദ്യമായി നിര്‍മിത ബുദ്ധി നയം രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറുന്നു. കരട് നയം തയാറായെന്നും ഒരുമാസത്തിനുള്ള എ.ഐ നയം പ്രഖ്യാപിക്കുമെന്നും മന്ത്രി പി. രാജീവ് മനോരമ ന്യൂസിനോട് പറഞ്ഞു. കിഫ്ബിയുടെ സഹായത്തോടെയാണ്. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള വ്യവസായങ്ങള്‍ക്ക് ഉള്‍പ്പടെ അടിസ്ഥാന സൗകര്യം ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിവരസാങ്കേതിക വിദ്യ നമ്മളുടെ ജീവിതത്തിന്‍റെയെല്ലാം ഭാഗമായി മാറിക്കഴിഞ്ഞുവെങ്കിലും അഞ്ചുകൊല്ലം മുന്‍പ് ചിന്തിക്കാന്‍ പോലും കഴിയാത്ത വേഗത്തിലാണ് നിര്‍മിത ബുദ്ധി മേഖലയുടെ കുതിച്ചുചാട്ടം. ഒഹരി വിപണിമുതല്‍ പച്ചക്കറി കൃഷിവരെ ഇന്ന് നിര്‍മിത ബുദ്ധിയുടെ സഹായം തേടുന്നു. കൂടുതല്‍ മേഖലകളിലേക്ക് എ.ഐ കുതിക്കുകയുമാണ്. ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നിര്‍മിത ബുദ്ധി നയം രൂപീകരിക്കുന്നത്.
ഡിസംബറില്‍ സംഘടിപ്പിച്ച ജനറേറ്റീവ് കോണ്‍ക്ലേവിലാണ് നിര്‍മിത ബുദ്ധി നയം രൂപീകരിക്കുന്നത് സംബന്ധിച്ച ആശയം രൂപമെടുത്തത്. കൊച്ചി–ബംഗ്ലൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായ പാലക്കാട് സ്മാര്‍ട് സിറ്റി, എ.ഐയ്ക്ക് പുറമെ പുതിയ കാലത്തിന്‍റെ സാങ്കേതിക വിദ്യകളായ റോബോട്ടിക്സ്, ബിഗ് ഡേറ്റാ അനാലിസിസ്, മെഷീന്‍ ലേണിങ് തുടങ്ങിയവയ്ക്കായി കിഫ്ബിയുടെ സഹായത്തോടെയാണ് അടിസ്ഥാന സൗകര്യമൊരുക്കുന്നത്. പഠനത്തോടൊപ്പം തൊഴിലെടുക്കുന്നതിനും ഉതകുന്ന ക്യംപസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളില്‍ ഉടന്‍തന്നെ ആദ്യ അലോട്മെന്റിന് തയാറെടുക്കുകയാണ് വ്യവസായ വകുപ്പ്.