ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ നടിമാരായ തമന്ന ഭാട്ടിയയെയും കാജൽ അഗര്‍വാളിനേയും പുതുച്ചേരി പൊലീസ് ചോദ്യം ചെയ്യുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഉയര്‍ന്ന വരുമാനം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്നാരോപിച്ച് വിരമിച്ച സൈനിക ഉദ്യോഗസ്ഥന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. തന്റെയും മറ്റ് പത്തുപേരുടേയും 2.40 കോടി രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. പിന്നാലെ താരങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായി. ഇപ്പോഴിതാ, വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് തമന്ന.
ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പില്‍ തനിക്ക് പങ്കുണ്ടെന്ന തരത്തില്‍ നിരവധി വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ഇവ വ്യാജമാണെന്നും തമന്ന അറിയിച്ചു. ഹിന്ദുസ്ഥാൻ ടൈംസിനോടായിരുന്നു താരത്തിന്‍റെ വെളിപ്പെടുത്തല്‍. ജനങ്ങളില്‍ തെറ്റിധാരണ ഉണ്ടാക്കുന്ന ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടിയടക്കമുള്ള കാര്യങ്ങള്‍ സ്വീകരിക്കണോ എന്നത് സംബന്ധിച്ച് പരിശോധന നടത്തുകയാണെന്നും നടി അറിയിച്ചു.
2022-ല്‍ കോയമ്പത്തൂര്‍ ആസ്ഥാനമായി ആരംഭിച്ച കമ്പനിക്കെതിരെയാണ് നേരത്തേ കേസെടുത്തത്. കമ്പനിയുടെ ഉദ്ഘാടനത്തില്‍ തമന്നയടക്കം നിരവധി സെലിബ്രിറ്റികള്‍ പങ്കെടുത്തിരുന്നു. മഹാബലിപുരത്തെ ഹോട്ടലില്‍ നടന്ന പരിപാടിയില്‍ കാജൽ അഗര്‍വാളും പങ്കെടുത്തിരുന്നു. മുംബൈയില്‍ പാര്‍ട്ടി നടത്തി ആയിരക്കണക്കിന് നിക്ഷേപകരില്‍ നിന്ന് കമ്പനി പണം വാങ്ങിയതായും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഡല്‍ഹി. ഒഡിഷ, മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്ര, കേരളം എന്നിവിടങ്ങളിലടക്കം ഇവര്‍ക്കെതിരെ തട്ടിപ്പുകേസുകള്‍ നിലവിലുണ്ട്. വ്യാജ അക്കൗണ്ടുകളിലേക്കാണ് ഇവര്‍ പണം സ്വീകരിച്ചതെന്നും സമാന കേസില്‍ ഇവരുടെ സഹായിയാ ഇമ്രാന്‍ പാഷയെ റായ്പുര്‍ പൊലീസ് അറസ്റ്റ് ചെയ്തുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.