Image Credit: Facebook
ബേസിൽ ജോസഫ് നായകനായി എത്തുന്ന 'മരണമാസ്' എന്ന ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു. വിഷു റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക. ചിത്രത്തിന്‍റെ ഏറ്റവും പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നവാഗതനായ ശിവപ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ടോവിനോ തോമസ് പ്രൊഡക്ഷൻസ്, റാഫേൽ പ്രൊജക്ടസ്, വേൾഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളിൽ ടോവിനോ തോമസ്, റാഫേൽ പൊഴോലിപറമ്പിൽ, ടിങ്സ്‌റ്റൺ തോമസ്, തൻസീർ സലാം എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്. കോമഡി മാസ് എന്‍റര്‍ടെയ്നറായാണ് ചിത്രം എത്തുന്നതെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന. ഇതുവരെ കാണാത്ത കിടിലന്‍ ലുക്കിലാണ് ചിത്രത്തില്‍ ബേസില്‍ ജോസഫ് എത്തുന്നത്.
റിലീസ് തിയതി പ്രഖ്യാപിച്ചുകൊണ്ട് പുറത്തിറങ്ങിയ പോസ്റ്ററില്‍ ചെറിയ ഡയറക്ടര്‍ ബ്രില്യന്‍സ് ഒളിഞ്ഞിരിക്കുന്നത് കാണാം. സുരേഷ് കൃഷ്ണ, രാജേഷ് മാധവൻ, സിജു സണ്ണി, അനിഷ്‌മ അനിൽകുമാർ എന്നിവരോടൊപ്പം നില്‍ക്കുന്ന ബേസില്‍ ജോസഫിനെയാണ് പോസ്റ്ററില്‍ കാണുന്നത്. ഒറ്റ നോട്ടത്തില്‍ ഒരു കളര്‍ഫുള്‍ കോമഡി ചിത്രമാണ് മരണമാസ് എന്നുതോന്നുമെങ്കിലും പോസ്റ്ററില്‍ ഒരു സസ്പെന്‍സ് ത്രില്ലര്‍ ചിത്രത്തിന്‍റെ സൂചനകളും ഒളിഞ്ഞിരിപ്പുണ്ട്.
ചിരിച്ചുകൊണ്ട് ബസിനകത്ത് നില്‍ക്കുന്ന സുരേഷ് കൃഷ്ണയുടെയും സിജു സണ്ണിയുടെയും ദേഹത്ത് രക്തക്കറ പറ്റിയിരിക്കുന്നത് കാണാം. മാത്രമല്ല ബസിന്‍റെ സീറ്റനടിയില്‍ ഒരു മൃതദേഹവും കിടപ്പുണ്ട്. ഒരുപക്ഷേ കോമഡി സസ്പെന്‍സ് ത്രില്ലറായിരിക്കാം ചിത്രമെന്ന സൂചനയാകാം ഇതെല്ലാം. സംവിധായകൻ ശിവപ്രസാദും സിജു സണ്ണിയും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.