താന്‍ സംവിധാനം ചെയ്ത് അഭിനയിച്ച എമര്‍ജന്‍സി കണ്ട് പ്രതിപക്ഷത്തെ ഒരു അംഗം തന്നെ പ്രശംസിച്ചുവെന്ന് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഒരു പേപ്പറില്‍ തനിക്ക് കിട്ടിയ പ്രശംസ വാചകങ്ങളുടെ ചിത്രം കങ്കണ സോഷ്യല്‍ മീഡിയ വഴി പങ്കുവക്കുകയും ചെയ്തു.
'ഹേയ്, ഇന്നലെ എമര്‍ജന്‍സി കണ്ടു. യു ആര്‍ ടൂൂൂൂ ഗുഡ്. ലവ്', എന്നാണ് കുറിപ്പിലുള്ളത്. ഒരു ഒപ്പും കുറിപ്പിലുണ്ട്. 'മറുവശത്തുനിന്ന് അഭിനന്ദനത്തിന്റെ ഒരു കുറിപ്പ് എന്നെ നിശബ്ദമായി തേടിയെത്തി. അതെന്നില്‍ ഊഷ്മളമായ പുഞ്ചിരിയുണര്‍ത്തി', എന്നാണ് ചിത്രത്തിനൊപ്പം കങ്കണ കുറിച്ചത്.
ജനുവരി 17-നാണ് എമര്‍ജന്‍സി തിയേറ്ററുകളിലെത്തിയത്. ചിത്രത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ വേഷമാണ് കങ്കണ അവതരിപ്പിച്ചത്. സഞ്ജയ് ഗാന്ധിയുടെ വേഷത്തില്‍ മലയാളി താരം വിശാഖ് നായരുമെത്തിയിരുന്നു. അനുപം ഖേര്‍, സതീഷ് കൗശിക്, മഹിമ ചൗധരി, മിലിന്ദ് സോമന്‍, ശ്രേയസ് തല്‍പാഡേ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.