സിനിമാ പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഇന്നലെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് വെബ്‌സൈറ്റായ ബുക്ക് മൈഷോയില്‍ ആദ്യ ഒരു മണിക്കൂറില്‍ ഏറ്റവും അധികം ബുക്ക് ചെയ്യപ്പെടുന്ന ഇന്ത്യന്‍ ചിത്രമായി എമ്പുരാന്‍ മാറി. ഒരു ലക്ഷത്തിനടുത്ത് ടിക്കറ്റുകളാണ് വിറ്റുപോയത്.
ലിയോ, പുഷ്പ 2 എന്നിവയുടെ റെക്കോര്‍ഡാണ് എമ്പുരാന്‍ തകര്‍ത്തത്. റിലീസിങ് ദിവസത്തെ ടിക്കറ്റുകളെല്ലാം ഇതിനകം തീര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ബുക്ക് മൈഷോയില്‍ പല തീയറ്ററുകളുടേയും ബുക്കിങ് ഹാങ് ആവുന്ന സ്ഥിതിവന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രതീക്ഷകള്‍ പങ്കുവച്ച് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍ മാരാര്‍. ചിത്രം വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നതെന്നും എന്നാല്‍ തള്ളിമറിച്ച് സിനിമയെ നശിപ്പിക്കരുതെന്നും അഖില്‍ മാരാര്‍ പറയുന്നു. ‘തള്ളി തള്ളി എമ്പുരാനെ നശിപ്പിക്കരുത്, കുഞ്ഞാലിമരക്കാര്‍ സിനിമയുടെ അവസ്ഥ ഉണ്ടാവരുത് , ആ ചിത്രത്തിന് ഓവര്‍ ഹൈപ്പായിരുന്നു’ അഖില്‍ മാരാര്‍ പറയുന്നു.
സിനിമാ പ്രേമികളും ആരാധകരും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന പൃഥ്വിരാജ്–മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ മാർച്ച് 27ന് ആഗോള റിലീസായി തിയറ്ററുകളിലെത്തും. ഖുറേഷി-അബ്രാം,സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാരിയർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയ വന്‍ താര നിരയാണുള്ളത്.