എമ്പുരാന്‍ റിലീസിനായി അക്ഷമയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. ഇനി ദിവസങ്ങള്‍ മാത്രമാണ് റിലീസിനായി അവശേഷിക്കുന്നത്. ഓണ്‍ലൈനായും ഓഫ്ലൈനായും നിമിഷനേരം കൊണ്ടാണ് ടിക്കറ്റുകള്‍ വിറ്റഴിഞ്ഞുപോയത്.
എമ്പുരാന്‍ കാണാനായി ജീവനക്കാര്‍ക്ക് ഫ്രീ ടിക്കറ്റും ലീവും അനുവദിച്ച കൊച്ചിയിലെ എസ്തെറ്റ് എന്ന ഡിജിറ്റല്‍ മാര്‍ക്കറ്റിങ് കമ്പനിയുടെ വാര്‍ത്ത ശ്രദ്ധ നേടിയിരുന്നു. ഇതിനുപിന്നാലെ എമ്പുരാന്‍ കാണാന്‍ വിദ്യാര്‍ഥികള്‍ക്ക് അവധി നല്‍കിയ കോളേജും വാര്‍ത്തകളില്‍ ഇടംപിടിക്കുകയാണ്. ബെംഗളൂരുവിലുള്ള ഗുഡ് ഷെപ്പേര്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷനാണ് മാര്‍ച്ച് 27ന് കോളേജിന് മുഴുവനും അവധി നല്‍കിയിരിക്കുന്നത്.
അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രത്യേക പോസ്റ്ററും കോളേജ് പുറത്തുവിട്ടു. 'കാത്തിരുപ്പുകള്‍ക്ക് വിരാമം, എമ്പുരാന്‍റെ മാന്ത്രികതക്കായി തയാറായിക്കൊള്ളൂ' എന്നാണ് പോസ്റ്ററിലെ വാചകം. കോളേജിന്‍റെ സോഷ്യല്‍ മീഡിയ പേജുകളില്‍ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്.
2019ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലൂസിഫറിന്‍റെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രമാണ് എമ്പുരാന്‍. സിനിമയ്ക്ക് മുരളി ഗോപി തിരക്കഥ നിർവഹിക്കുന്നു. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ.
മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് എത്തുന്നത്. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയില്‍ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്.