ചോരത്തിളപ്പിന്‍റെ പ്രായം, എന്തും നേരിടാനുള്ള ചങ്കൂറ്റം, അതിനൊത്ത കഴിവും പ്രതിഭയും കൈമുതല്‍. 26വയസില്‍ അമ്പതിലേറെ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ . മലയാളി യുവത്വത്തിന്‍റെ പര്യായമായി വാഴ്ത്തേണ്ട മുഖത്ത് പക്ഷേ അന്ന് ചെളിവാരിയെറിയാന്‍ ഒട്ടേറെപേരുണ്ടായി. സമൂഹമാധ്യമങ്ങള്‍ വലവിരിച്ചു തുടങ്ങിയകാലത്ത് വളരെവേഗം അയാള്‍ സൈബര്‍ ആക്രമണങ്ങളുടെ ഇരയായി. പക്ഷേ ആക്രമിച്ചവരെ അര്‍ഹക്കുന്ന അവജ്ഞയോടെ തള്ളിയ അയാള്‍ അന്ന് മനോരമ ന്യൂസ് നേരേ ചൊവ്വേ അഭിമുഖത്തില്‍ സ്വന്തം നിലപാട് പറഞ്ഞു. ആഗ്രഹങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും മിഴിപായിച്ചു. പത്തുവര്‍ഷത്തിന് ശേഷം താന്‍ ആരാകുമെന്ന് പ്രവചിച്ചു. നിര്‍മിക്കാനാഗ്രഹിക്കുന്ന സിനിമകളെ കുറിച്ച് പറഞ്ഞു. തന്നിലെ സംവിധയകനെ കുറിച്ച് സുചിപ്പിച്ചു. മലയാളം കടന്നുള്ള അഭിനയ സ്വപ്നങ്ങളും പങ്കുവച്ചു. അന്നു പറഞ്ഞതൊന്നും പതിരായില്ല. വര്‍ഷങ്ങള്‍ക്കപ്പുറം നേടണമെന്ന് ആഗ്രഹിച്ച സ്വപ്നങ്ങള്‍ എല്ലാം കൈപിടിയിലാക്കി , കളിയാക്കി രായപ്പാ എന്ന് വിളിപ്പിച്ചവരെ കൊണ്ട് ആളൊരു പുലിയാണെന്ന് മാറ്റി പറയിച്ചു, സിനിമ ലോകം ഒന്നാകെ ഇന്ന് അയാൾ സംവിധാനം ചെയ്ത സിനിമക്കായി കാത്തിരിക്കുകയാണ്, ടിക്കറ്റിനായി നെട്ടോട്ടമോടുകയാണ്,നടൻ സുകുമാരന്‍റെയും മല്ലികയുടെയും മകൻ, പൃഥ്വിരാജ്