prithviraj-sukumaran-old-pic-post

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരുന്ന എമ്പുരാന്‍ തിയറ്ററുകളിലെത്തുമ്പോള്‍ പൃഥ്വിരാജിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റും ശ്രദ്ധേയമാകുന്നു. ‘അച്ഛാ, എനിക്കറിയാം നിങ്ങളും കാണുന്നുണ്ടെന്ന്’ എന്നാണ് എമ്പുരാന്‍റെ റിലീസിന് മണിക്കൂറുകള്‍ക്ക് മുന്‍പ് പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. ‘ഇന്നു മുതല്‍’ എന്ന എമ്പുരാന്‍റെ പോസ്റ്റര്‍ പങ്കുവച്ചായിരുന്നു പൃഥ്വിയുടെ പോസ്റ്റ്. പോസ്റ്റിനു താഴെ കമന്‍റുകളുമായി ആരാധകരുമെത്തി.

‘നിങ്ങളുടെ വിജയത്തിന് സാക്ഷ്യം വഹിക്കാൻ അച്ഛന്‍ ഇവിടെ ഇല്ലായിരിക്കാം, പക്ഷേ നിങ്ങളുടെ കഠിനാധ്വാനത്തിലൂടെയും ദൃഢനിശ്ചയത്തിലൂടെയും അദ്ദേഹത്തിന്റെ ഓർമ്മകൾ ജീവിക്കുന്നു. അതിരുകൾ കടന്ന് മുന്നേറുക’ എന്നാണ് ഒരാള്‍ പോസ്റ്റിന് താഴെ കുറിച്ചത്. ‘അച്ഛന്‍റെ പേര് വാനോളം ഉയർത്തിയ മകൻ, പൃഥ്വിരാജ് സുകുമാരൻ’, ‘മലയാള സിനിമയുടെ ഗെയിം ചേഞ്ചറാണ് നിങ്ങള്‍’ എന്നിങ്ങനെ നീളുന്നു പോസ്റ്റിനു താഴെ കമന്‍റുകള്‍.

പിന്നാലെ പൈറസിയോടും സ്പോയിലറുകളോടും ‘നോ’ പറയാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള പോസ്റ്റും പൃഥ്വി പങ്കുവച്ചിട്ടുണ്ട്. മറ്റൊരു പോസ്റ്റില്‍ എമ്പുരാന്‍റെ തിയറ്റര്‍ ലിസ്റ്റും നടന്‍ പങ്കുവച്ചുകഴിഞ്ഞു. പൃഥ്വിക്ക് ആശംസകള്‍ നേര്‍ന്ന് ഭാര്യ സുപ്രിയയും ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.

‘നിങ്ങൾ എത്രമാത്രം അധ്വാനിച്ചുവെന്ന് ഞാൻ കണ്ടു! 2006 ൽ കണ്ടുമുട്ടിയതുമുതൽ മലയാള സിനിമയെ കുറിച്ചുള്ള നിങ്ങളുടെ സ്വപ്നത്തെക്കുറിച്ച് നിങ്ങൾ എന്നോട് പറഞ്ഞുകൊണ്ടിരുന്നു, ഇപ്പോൾ നമ്മൾ ആ കൊടുമുടിയിലാണ്! ലക്ഷ്യങ്ങളിലേക്ക് നിങ്ങൾ മുന്നേറുമ്പോൾ ഞാൻ എപ്പോഴും നിങ്ങളുടെ പിന്നിലുണ്ടാകും, നിങ്ങളെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്യും. നിങ്ങൾ എന്റെ ഇല്ലുമിനാറ്റി അല്ല, എന്റെ അഹങ്കാരിയായ, താന്തോന്നിയായ, തന്‍റേടിയായ ഭർത്താവാണ്! ആളുകൾ നിങ്ങളെ എത്രമാത്രം പരിഹസിച്ചുവെന്നും നിങ്ങളുടെ സ്വപ്നങ്ങളെ കുരിച്ചും ധൈര്യത്തെക്കുറിച്ചും എനിക്കറിയാം. നിരാകരിക്കുന്നവരോട് എനിക്ക് ഒരു കാര്യം മാത്രമേ പറയാനുള്ളൂ, ‘ആളറിഞ്ഞു കളിക്കെടാ’.

രാവിലെ ആറിന് ആദ്യപ്രദര്‍ശനം കാണാന്‍ ലോകമെമ്പാടുമുള്ള തിയറ്ററുകള്‍ക്ക് മുന്നില്‍ വന്‍ ജനാവലിയായിരുന്നു. കേരളത്തില്‍ മാത്രം 746 സ്ക്രീനുകളിലായി നാലായിരത്തി അഞ്ഞൂറിലധികം ഷോകളുണ്ട്. തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക സുരക്ഷയൊരുക്കി പൊലീസും രംഗത്തുണ്ട്. ആദ്യഷോയ്ക്ക് ടിക്കറ്റ് കിട്ടാത്തവര്‍ പറയുന്നത് ഒന്നുമാത്രമാണ്, പടത്തിന്‍റെ സസ്പെന്‍സ്, അത് നശിപ്പിക്കരുതെന്ന്...അഡ്വാൻസ് ബുക്കിങ്ങിലൂടെയും ‘എമ്പുരാൻ’ ആദ്യ ദിനം 50 കോടി ക്ലബിലെത്തി. ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്. ആദ്യ വീക്കെൻഡിലെ ഗ്ലോബൽ കലക്‌ഷൻ 80 കോടി കടക്കുമെന്നാണ് റിപ്പോർട്ട്.

ENGLISH SUMMARY:

As audiences eagerly await the release of Empuraan, Prithviraj Sukumaran’s Facebook post has caught attention. Just hours before the film’s release, he shared a post with the caption: "Achcha, I know you are watching too." Along with this, he shared the film’s “From Today” poster.