എമ്പുരാന്‍ സിനിമയെ പറ്റിയുള്ള പോസ്റ്റിന് പിന്നാലെ സംവിധായകന്‍ അഖില്‍ മാരാരിന്‍റെ സവര്‍ക്കര്‍ സ്തുതി കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ. സവർക്കർ അനുഭവിച്ച പോലത്തെ ജയിൽ വാസം ആയിരുന്നു എങ്കിൽ 13വർഷം വേണ്ട പതിമൂന്നാം ദിവസം കമ്മ്യൂണിസ്റ്റുകാർ ബ്രിട്ടന്‍റെ കാലുപിടിച്ചേനെയെന്നുള്ള അഖിലിന്‍റെ പഴയ പോസ്റ്റാണ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നത്.
കമ്മ്യൂണിസ്റ്റ് വിരുദ്ധത മറയാക്കി നിഷ്പക്ഷ മുഖംമൂടിയിൽ പതുങ്ങി കിടക്കുന്ന അപകടകാരിയായ സംഘിയാണ് അഖിൽ മാരാരെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പങ്കുവക്കപ്പെട്ട കുറിപ്പുകളില്‍ പറയുന്നു. എമ്പുരാന്‍ സിനിമ കൊണ്ട് ഗുജറാത്ത് കലാപം മാത്രമല്ല ചർച്ചയാവുക ഗോധ്ര തീ വെപ്പും കൂടെയാണെന്നും ആത്യന്തികമായി രാമ ഭക്തർ വെന്തുമരിച്ചത് ചർച്ചയാവുമ്പോൾ ബിജെപിക്ക് ഗുണകരമാവും എന്നാണ് അയാളുടെ നരേഷനെന്നും പോസ്റ്റുകളില്‍ ചൂണ്ടിക്കാണിക്കുന്നു.
എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങള്‍ക്ക് പിന്നാലെ സിനിമയിൽ ഗുജറാത്ത് കലാപം കാണിക്കുന്നതുകൊണ്ട് സംഘികൾ ഈ സിനിമയെ എതിർക്കുന്നു എന്ന മാർക്കറ്റിംഗ് തന്ത്രമാണ് ഉപയോഗിക്കുന്നതെന്നാണ് അഖില്‍ മാരാര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. '3 തവണ പ്രധാനമന്ത്രി ആയ മോദിക്കും ബിജെപിയ്ക്കും എപ്പോഴൊക്കെ കലാപം ജനങ്ങളെ ഓർമ്മിപ്പിച്ചോ അപ്പോഴൊക്കെ നേട്ടം മാത്രം..അവരുടെജയത്തിന് ഏറ്റവും കാരണമായതും ഈ വർഗീയ വാദികൾ എന്ന എതിരാളികളുടെ വിളികളാണ്,' എന്നും അഖില്‍ മാരാര്‍ പറയുന്നു.
'എമ്പുരാൻ നിലവിൽ സംഘ വിരുദ്ധമാണ് എന്ന് തോന്നുന്നെങ്കിൽ ആത്യന്തികമായി ബിജെപിയ്ക്ക് വോട്ട് വർധിപ്പിക്കാൻ കാരണമാകുന്ന ഒരു സിനിമ ആയി ഭവിക്കും ഇത്രയും എഴുതിയ സ്ഥിതിക്ക് ഞാനും സംഘിയാകും. എനിക്ക് എന്‍റെ മനസാക്ഷിക്ക് തോന്നുന്ന സത്യം എഴുതാനെ അറിയൂ,' എന്നും പോസ്റ്റില്‍ പറയുന്നു.