‘എമ്പുരാന്‍’ സിനിമയെയും സംവിധായകന്‍ പൃഥ്വിരാജിനേയും വിമര്‍ശിച്ച് ആര്‍എസ്എസ് നേതാവ് എ.ജയകുമാര്‍. ‘എമ്പുരാന്‍’ മോഹൻലാലിനെയും ഗോകുലം ഗോപാലനെയും തകർക്കാനുള്ള ഇടതു ജിഹാദി ഗൂഢാലോചനയാണെന്നാണ് ജയകുമാറിന്‍റെ നിലപാട്. പൃഥ്വിരാജും കൂട്ടരും നാടിനെയും ഭരണകൂടത്തെയും ചതിച്ചെന്നും ജയകുമാര്‍ ആരോപിച്ചു. ‘സിനിമാ ലോകത്തെ രാജാക്കന്മാരായ ഗോപാലേട്ടനെയും ലാലേട്ടനെയും അക്ഷരാർത്ഥത്തിൽ കൊലയ്ക്കുകൊടുക്കുകയാണ് ചിലർ ചെയ്തത്.’– ജയകുമാര്‍ ഫേസ്ബുക്കില്‍ കുറിപ്പില്‍ പറഞ്ഞു.
‘എമ്പുരാൻ സിനിമയുടെ കഥയും ആവിഷ്കാരവും കോടിക്കണക്കിന് ജനങ്ങളെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. എന്‍ഐഎ പോലുള്ള ദേശീയ ഏജൻസികളെ ജനലക്ഷങ്ങളുടെ മുൻപിൽ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നത് ആർക്ക് വേണ്ടിയായിരുന്നു. മുല്ലപ്പെരിയാർ ഡാം ബോംബിട്ട് തകർത്ത് കേരളത്തെ നശിപ്പിക്കും എന്ന ഭീഷണി കേന്ദ്രത്തിൽ നിർണായകസ്വാധീനം ചെലുത്തുന്നതായി ചിത്രീകരിക്കപ്പെടുന്ന കഥാപാത്രത്തെക്കൊണ്ട് പറയിപ്പിച്ചത് നിർദോഷമായ കലയല്ല, കുത്സിത പ്രവർത്തനം ആണ്.’ അതിന് ഗുജറാത്ത് കലാപവുമായി ഒരു ബന്ധവുമില്ല എന്ന് മാത്രമല്ല അങ്ങനെയൊരു ആഖ്യായികയോട് ഒരു തരത്തിലും ബന്ധപ്പെടുത്തുവാൻ കഴിയുന്ന കാര്യവുമല്ലെന്നും ജയകുമാര്‍ പറയുന്നു.
‘തിരക്കഥാകൃത്തിന്റെയും അണിയറയിലെയും അരങ്ങത്തെയും ഗൂഢാലോചനക്കാരുടെയും ലക്ഷ്യമാണ് അത്തരം ഒരു ഭീഷണിയിലൂടെ പുറത്തുവരുന്നത്. സെൻസർ ബോർഡിനു കാണാൻ കഴിയാത്തത് തിയേറ്ററിൽ പോയ ജനങ്ങൾക്ക് കാണാൻ കഴിഞ്ഞു.’ മോഹൻലാലും ഗോകുലം ഗോപാലനും പറയാൻ മടിക്കുന്ന കാര്യങ്ങള്‍ തനിക്ക് പറയാതിരിക്കാൻ കഴിയില്ലെന്ന് ജയകുമാര്‍ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കപ്പെട്ടും പ്രിവ്യൂ കാണാതെയും കഥയുടെ പൂർണ രൂപം മനസ്സിലാക്കിക്കാതെയും ആണ് ഗോകുലം ഗോപാലനും മോഹന്‍ ലാലും സിനിമാതിയറ്ററിൽ എത്തിയതെന്നും അദ്ദേഹം അവകാശപ്പെടുന്നു.
‘ഈ നാട്ടിലെ ജനകോടികൾ ഇതിന് വിധി എഴുതട്ടെ. സിനിമയിൽ രാഷ്ട്രീയവും മതവും കലർത്തി കേരളത്തെയും മലയാളികളെയും ഇടത് തീവ്രവാദ കൂടാരത്തിലേക്ക് കൊണ്ടുപോകാം എന്ന് ധരിക്കുന്നവരെ സിനിമലോകം ചവറ്റുകൊട്ടയിലെറിയും. ഇവിടെ കരളുറപ്പുള്ള ഒരു പ്രധാനമന്ത്രിയും കൈവിലങ്ങ് വയ്ക്കാൻ കരുത്തുള്ള ആഭ്യന്തരമന്ത്രിയും ഉള്ള നാടാണ്.’ കളം വിട്ടു കളിച്ചാൽ കാണികൾ ഉണ്ടാവില്ല എന്ന് മാത്രമല്ല, എന്നെന്നേക്കുമായി കളി അവസാനിപ്പിക്കുകയും ചെയ്യുമെന്ന ഭീഷണിയോടെയാണ് പോസ്റ്റ് അവസാനിക്കുന്നത്.