‘എമ്പുരാന്‍’ റിലീസിനു പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് പൃഥ്വിരാജിനും മോഹന്‍ലാലിനുമെതിരെ നടക്കുന്നത്. ചിത്രത്തിന്‍റെ സെന്‍സറിങുമായി ബന്ധപ്പെട്ട് ബിജെപി വലിയ വിവാദമുയര്‍ത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്നായിരുന്നു ആരോപണം. ഇതേ തുടര്‍ന്ന് സിനിമയുടെ ടിക്കറ്റ് കാന്‍സല്‍ ചെയ്തു വരെ പ്രതിഷേധം രേഖപ്പെടുത്തിയവരുണ്ട്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളടക്കം വലിയ പിന്തുണയാണ് ചിത്രത്തിനും പൃഥ്വിക്കും മോഹന്‍ലാലിനും നല്‍കുന്നത്. ചിത്രത്തെ അനുകൂലിച്ച് ഒട്ടേറെപ്പേര്‍ സമൂഹമാധ്യമങ്ങളിലും പ്രതികരണിക്കുന്നതുണ്ട്. അത്തരത്തിലൊരു കുറിപ്പ് സമൂഹമാധ്യമത്തില്‍ ശ്രദ്ധേയമാകുകയാണ്. ALSO READ; ‘മോനെ അപ്പച്ചട്ടിയിൽ അരി വറക്കരുതെ; ആ വെറുപ്പ് മോഹൻലാലിന് നേർക്ക് തുപ്പണ്ട’
സംവിധായകൻ ആകണം എന്ന ആഗ്രഹം തുറന്നുപറഞ്ഞുകൊണ്ട് പൃഥ്വിരാജ് ആദ്യം ഞെട്ടിച്ചു. കാലക്രമേണ അയാള്‍ കൈവച്ചതെല്ലാം, ഇപ്പോള്‍ എമ്പുരാനില്‍ പൃഥ്വി അവതരിപ്പിക്കുന്ന രാഷ്ട്രീയം പോലും അതിന്‍റെ ബാക്കിയാണ്. എമ്പുരാന്‍ കഴിയുമ്പോള്‍ എഴുന്നേറ്റു നിന്നു കയ്യടിക്കാതെ നിങ്ങൾക്കു തീയറ്റർ വിടാൻ കഴിയില്ല എന്നാണ് കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ALSO READ; ‘എമ്പുരാന്‍ കാണരുത്, ബഹിഷ്കരിക്കണം’, മോഹന്‍ലാലിനും പൃഥ്വിരാജിനും എതിരെ സൈബര്‍ ആക്രമണം
കുറിപ്പിന്‍റെ പൂര്‍ണരൂപം;
ആദ്യം ഒരു സംവിധായകൻ ആകാനുള്ള ആഗ്രഹം കൊണ്ടും അതിനുവേണ്ടിയുള്ള പരിശ്രമം കൊണ്ടും അയാൾ ഞെട്ടിച്ചു.
ആദ്യത്തെ സിനിമ അതിസൂക്ഷ്മതയോടെ അണിയിച്ചൊരുക്കിയും അതിനു നെടുമ്പള്ളിക്കും മലയാളത്തിനും അപ്പുറത്തു ആരാധകരെ അണിനിരത്തിയും അയാൾ ഞെട്ടിച്ചു.
അതിന്‍റെ അടുത്തഭാഗം അവതരിപ്പിക്കാൻ അതിഭീമമായൊരു ബഡ്ജറ്റ് തിരഞ്ഞെടുത്തപ്പോൾ അയാൾ പിന്നെയും ഞെട്ടിച്ചു.
അങ്ങനെയൊരു സിനിമയെ ഇന്ത്യ മുഴുവൻ വിപണനം ചെയ്തു തീയറ്ററുകളായ തീയറ്ററുകൾ മുഴുവൻ പിടിച്ചെടുത്തപ്പോൾ അയാൾ പിന്നെയും ഞെട്ടിച്ചു.
അതിനുവേണ്ടി നടത്തിയ പ്രൊമോഷൻ കൊണ്ട്, ഇതും മലയാള സിനിമക്ക് സാധ്യമാണ് എന്നു കണ്മുന്നിൽ കാണിച്ചു തന്ന കച്ചവടപരതകൊണ്ട്, അയാൾ പിന്നെയും പിന്നെയും ഞെട്ടിച്ചു.
എന്നാൽ, അതിലുമെല്ലാം വലിയ ഞെട്ടൽ അയാൾ കരുതിവച്ചത് സിനിമയ്ക്കുള്ളിലായിരുന്നു. പറയാൻ തിരഞ്ഞെടുത്ത, തീർച്ചപ്പെടുത്തിയ, രാഷ്ട്രീയം കൊണ്ട് അയാൾ അതിനുമെല്ലാം അപ്പുറത്തേക്ക് ഞെട്ടിച്ചു കളഞ്ഞു. ഈ പരിശ്രമമെല്ലാം അതു പറയാൻ വേണ്ടി ആയിരുന്നു എന്നറിയുമ്പോഴാണ് എത്രയും വലിയ ഒരു കളിയാണ് അയാൾ കളിച്ചത് എന്നു മനസ്സിലാവുക. അതിന്‍റെ കേന്ദ്രബിന്ദുവായി അയാൾ അയാളെത്തന്നെ അവതരിപ്പിച്ചു സിനിമ ഏൽപ്പിക്കുന്ന പ്രഹരത്തിന്റെ കാര്യക്കാരനായി.
ഒരായിരം കുറ്റങ്ങൾ കണ്ടുപിടിക്കാൻ കഴിയുന്ന ഒരു സിനിമ ആയിരിക്കാം എമ്പുരാൻ, എന്നാൽ അതിൽ പൃഥ്വിരാജ് എന്ന നടനും സംവിധായകനും അത്രയും ബോധ്യത്തോടെ അവതരിപ്പിക്കുന്ന അതിന്‍റെ രാഷ്ട്രീയം ഉണ്ടല്ലോ, അതിനു എഴുന്നേറ്റു നിന്നു കൈയടിക്കാതെ നിങ്ങൾക്കു തീയറ്റർ വിടാൻ കഴിയില്ല.