എമ്പുരാന്‍ സിനിമയെ പറ്റിയുള്ള ചോദ്യത്തില്‍ നിന്ന് ഒഴിഞ്ഞുമാറി സുരേഷ് ഗോപി. എമ്പുരാന്‍ സിനിമക്ക് പിന്തുണയുണ്ടോ എന്ന ചോദ്യത്തിന് നല്ല കാര്യങ്ങള്‍ ചോദിക്കൂ എന്നാണ് സുരേഷ് ഗോപി മാധ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ചത്. തൃശൂര്‍ പൂരം വെടിക്കെട്ട് വിവാദം തരികിട പരിപാടികളെന്നും സുരേഷ് ഗോപി പറഞ്ഞു. പൂരം ഗംഭീരമായി നടത്തും. വെടിക്കെട്ട് അപകടങ്ങള്‍ കണക്കിലെടുത്താണ് കേന്ദ്രം നിയമം മാറ്റുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
അതേസമയം വിവാദം തുടരവേ എമ്പുരാനില്‍ നിന്നും പതിനേഴിലധികം ഭാഗങ്ങള്‍ ഒഴിവാക്കി. ചിത്രത്തിന്‍റെ എഡിറ്റഡ് പതിപ്പ് അടുത്തയാഴ്ച തിയറ്ററുകളില്‍ എത്തും. സ്ത്രീകള്‍ക്കെതിരായ അക്രമവും കലാപത്തിലെ ചില രംഗങ്ങളുമാണ് നിര്‍മാതാക്കള്‍ ഒഴിവാക്കിയത്. വൊളന്‍ററി മോഡിഫിക്കേഷന്‍ നടത്തിയ പതിപ്പ് സെന്‍സര്‍ ബോര്‍ഡ് പരിഗണിക്കുകയാണ്. ചിത്രത്തില്‍ നിന്നും പത്ത് സെക്കന്‍റ് മാത്രമാണ് ആദ്യപതിപ്പില്‍ സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. സ്ത്രീകള്‍ക്കെതിരായ അക്രമവും ദേശീയപതാകയെ സംബന്ധിക്കുന്നതുമായി ചില ഭാഗങ്ങളായിരുന്നു ഇത്.
ചിത്രത്തില്‍ ഗുജറാത്ത് കലാപത്തെ പരാമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ക്കെതിരെ ബിജെപി കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡിലെ ആര്‍എസ്എസ് നോമിനികള്‍ക്ക് ഇക്കാര്യത്തില്‍ വീഴ്ച സംഭവിച്ചുവെന്നായിരുന്നു ആരോപണം. തപസ്യ ജനറൽ സെക്രട്ടറി ജി.എം. മഹേഷ് ഉൾപ്പെടെ നാല് പേർ സെൻസർ ബോർഡ് കമ്മിറ്റിയിലുണ്ട്. ഇവർക്ക് വീഴ്ച പറ്റിയെന്ന് രാജീവ് ചന്ദ്രശേഖർ കോർ കമ്മിറ്റിയിൽ സൂചിപ്പിച്ചതായാണ് വാര്‍ത്തകള്‍ പുറത്തുവന്നത്. പിന്തുണ സൗഹൃദം മാത്രമാണെന്നും സിനിമയുടെ ഉള്ളടക്കത്തെ പിന്തുണയ്ക്കുന്നില്ലെന്നും അദ്ദേഹം കോര്‍കമ്മിറ്റിയില്‍ വ്യക്തമാക്കിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.