എങ്ങനെ ഫോട്ടോഷൂട്ടുകള്‍ വ്യത്യസ്തമാക്കാം എന്ന പരീക്ഷണങ്ങള്‍ സമൂഹമാധ്യമത്തില്‍ തകൃതിയാണ്. ഇക്കാലത്ത് ഫോട്ടോയെക്കുറിച്ചും കാമറയെക്കുറിച്ചുമെല്ലാം സാധാരണക്കാരില്‍ വരെ തികഞ്ഞ ബോധ്യമുണ്ട്. അതുകൊണ്ടു തന്നെ ഫോട്ടോഗ്രാഫര്‍മാരുടെ പണി വെല്ലുവിളി നിറഞ്ഞതാണ്. എങ്ങനെയൊക്കെ വെറൈറ്റി കൊണ്ടുവരാമെന്ന് തലപുകഞ്ഞ് ആലോചിക്കുകയാണ് ഫോട്ടോഗ്രാഫര്‍മാര്‍. എന്നാലിതാ ഒരു വള്ളക്കാരന്‍ സംഗതി പൊളിച്ചടുക്കിയിരിക്കുകയാണ്.
സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് എങ്ങനെ എടുക്കണമെന്ന് ഈ ചേട്ടന്‍ നല്ല വൃത്തിയായി കാണിച്ചു തന്നിട്ടുണ്ട്. ഫോട്ടോഷൂട്ടിനെത്തിയ യുവതിക്കും യുവാവിനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുക മാത്രമല്ല, ഡേമോ വരെ കാണിച്ചുകൊടുത്താണ് ഈ ചേട്ടന്‍ സൈബറിടം ഭരിക്കുന്നത്. ഇത് ഫോട്ടോ എടുക്കാനെത്തിയ കാമറമാന്‍ അതേപടി പകര്‍ത്തി സമൂഹമാധ്യമത്തില്‍ പങ്കുവച്ചു. ഒരാഴ്ചകൊണ്ട് ആറു മില്യണിലധികം വ്യൂസാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.
‘അണ്ണൻ ചുമ്മാ തീ...’ എന്നാണ് വരുന്ന കമന്‍റുകള്‍. ‘പെണ്ണിനൊപ്പം ഫോട്ടോ എടുക്കുന്നതിലും സന്തോഷത്തിലാണ് ചെക്കന്‍ ആ ചേട്ടനൊപ്പം നില്‍ക്കുന്നത്’ എന്നാണ് മറ്റൊരു കമന്‍റ്. വളരെയധികം ആസ്വദിച്ചാണ് അദ്ദേഹം എങ്ങനെയൊക്കെ ഫോട്ടോയ്ക്കും വിഡിയോയ്ക്കും പോസ് ചെയ്യണമെന്ന് കാണിച്ചുകൊടുക്കുന്നത്.