വിവാദങ്ങള്‍ എമ്പുരാന്‍ സിനിമയ്ക്ക് തിരിച്ചടിയല്ലെന്ന് നിര്‍മാതാവ് ആന്റണി പെരുമ്പാവൂർ. സിനിമയെ സിനിമയായി കാണണമെന്നും എമ്പുരാനിൽ നിന്ന് മുറിച്ചുമാറ്റിയത് രണ്ട് മിനിറ്റ് ദൃശ്യങ്ങൾ മാത്രമാണെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. ‘ വിവാദങ്ങള്‍ എമ്പുരാന് തിരിച്ചടിയില്ലാ, നമ്മള്‍ സമൂഹത്തിലാണല്ലോ ജീവിക്കുന്നത്, വിവാദങ്ങളോട് താല്‍പര്യമില്ലാ, എല്ലാം പോസിറ്റീവായി എടുക്കണം, സിനിമ എല്ലാവരും തിയറ്ററില്‍ പോയി കാണു, സിനിമയെ സിനിമയായി കാണണം, സിനിമയുടെ വിജയത്തില്‍ ഞാന്‍ സന്തോഷവാനാണ്, സിനിമ വിജയിക്കുന്നതാണ് സന്തോഷം’ ആന്റണിയുടെ വാക്കുകള്‍.
അതേ സമയം എമ്പുരാന്‍ സിനിമയിലെ അണക്കെട്ടിനെക്കുറിച്ചുള്ള ഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട്ടിലെ ഒരുവിഭാഗം കര്‍ഷകര്‍ രംഗത്ത്. സിനിമയില്‍ സാങ്കല്പികപേരിലുള്ള അണക്കെട്ട് മുല്ലപ്പെരിയാറിനെ ഉദ്ദേശിച്ചുള്ളതാണെന്നും ഇതേക്കുറിച്ചുള്ള സംഭാഷണഭാഗങ്ങള്‍ ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. നടപടിയെടുത്തില്ലെങ്കില്‍ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും തമിഴ്‌നാട് കര്‍ഷകസംഘടന മുന്നറിയിപ്പുനല്‍കി. മുല്ലപ്പെരിയാര്‍ വൈഗൈ ഇറിഗേഷന്‍ ഫാര്‍മേഴ്‌സ് അസോസിയേഷന്‍ കോഡിനേറ്റര്‍ ബാലസിംഗവും അണക്കെട്ടു പരാമര്‍ശത്തിനെതിരേ രംഗത്തെത്തി.
വിവാദങ്ങൾ ഉയർന്നുനിൽക്കേ ചിത്രം ആഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചു. റിലീസ് ചെയ്ത് വെറും അഞ്ച് ദിവസംകൊണ്ടാണ് എമ്പുരാൻ 200 കോടി ക്ലബിലെത്തിയത്.നേരത്തേ 48 മണിക്കൂറിലാണ് ചിത്രം 100 കോടി ക്ലബിൽ ഇടംപിടിച്ചത്. അതേസമയം ചിത്രത്തിന്റെ റീ എഡിറ്റഡ് പതിപ്പ് ഉടൻ തീയേറ്ററുകളിലെത്തും. പ്രമേയവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളെത്തുടർന്ന് മൂന്ന് മിനിറ്റാണ് ചിത്രത്തിൽനിന്ന് നീക്കം ചെയ്തത്.