മമ്മൂട്ടി ചിത്രം ബസൂക്ക നാളെ റിലീസ് ചെയ്യാനിരിക്കെ ഒരു ടീസര്‍ കൂടി പങ്കുവച്ച് അണിയറക്കാര്‍. നവാഗത സംവിധായകനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ 1.12മിനിറ്റ് ദൈര്‍ഘ്യമുള്ള പുതിയ ടീസര്‍ പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍.
‘പ്രിയ ഇച്ചാക്കയ്ക്കും ടീമിനും ആശംസകള്‍’ എന്നുകുറിച്ചാണ് മോഹന്‍ലാല്‍ ടീസര്‍ പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വസുദേവ് മേനോൻ ചിത്രത്തില്‍ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ആരാധകരെ ആവേശത്തിലാക്കുന്ന ആക്ഷന്‍ ചിത്രമാകുമെന്ന വിലയിരുത്തലിലാണ് സിനിമാപ്രേമികള്‍.
മോഹന്‍ലാലിന്റെ ആശംസയ്ക്ക് താഴെ ബസൂക്കയ്ക്ക് ആശംസകള്‍ അറിയിച്ചും ആരാധകര്‍ തമ്മില്‍ത്തല്ലിയും ഒട്ടേറെ കമന്റുകള്‍ നിറയുന്നുണ്ട്. ലാലേട്ടനും മമ്മൂക്കയും തമ്മിലുള്ള സ്നേഹം ഫാന്‍സിനു കൂടി ഉണ്ടായിരുന്നെങ്കിലെന്ന് പറയുന്നുണ്ട് ചിലര്‍. ഏതായാലും ബസൂക്കയ്ക്കായുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം.
ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആന്റണി, ഹക്കീം ഷാജഹാൻ, സ്ഫടികം ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.
കേരളത്തിലെ അഡ്വാൻസ് ടിക്കറ്റ് ബുക്കിങ് രണ്ടു ദിവസം മുൻപ് തന്നെ ആരംഭിച്ചിരുന്നു. മികച്ച അഡ്വാൻസ് ബുക്കിങ് ആണ് ചിത്രത്തിന് കേരളത്തിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. സരിഗമ ഇന്ത്യ ലിമിറ്റഡും, തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആദ്യം റിലീസ് ചെയ്ത ടീസറിനും, പിന്നീടെത്തിയ ട്രെയിലറിനും, ഏതാനും ദിവസങ്ങൾക്കു മുൻപെത്തിയ ചിത്രത്തിലെ ആദ്യ ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.