israel-strikes-houthis-in-yemen

TOPICS COVERED

യെമനിലെ ഹൂതി കേന്ദ്രമായ ഹൊദെയ്ദ് തുറമുഖം അഗ്നിക്കിരയാക്കി ഇസ്രയേല്‍. വ്യോമാക്രമണത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു, 80 പേര്‍ക്ക് പരുക്കേറ്റു. ഹൂതികള്‍ നടത്തുന്ന നിരന്തര പ്രകോപനത്തിന്  ഇസ്രയേല്‍ പരസ്യമായി തിരിച്ചടിക്കുന്നത് ഇതാദ്യമാണ്.  

 

വടക്കുകിഴക്കന്‍ യെമനിലേക്കുള്ള ഭക്ഷ്യവസ്തുക്കളും എണ്ണയും കയറ്റുമതി ചെയ്യുന്ന പ്രധാന തുറമുഖമാണ് ഹൊദെയ്ദ്. തുറമുഖത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും ഹൂതികളുടെ നിയന്ത്രണത്തിലാണ്. ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തുറമുഖത്തിന്‍റെ ഭൂരിഭാഗവും കത്തിനശിച്ചു. എണ്ണസംഭരണകേന്ദ്രങ്ങള്‍ക്ക് തീപിടിച്ചു. കഴിഞ്ഞദിവസം ഇസ്രയേല്‍  തലസ്ഥാനമായ ടെല്‍ അവീവില്‍ യെമന്‍ നടത്തിയ ദീര്‍ഘദൂര ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ഇസ്രയേല്‍ പലസ്തീന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം, ചെങ്കടല്‍ കടക്കുന്ന  ഇസ്രയേലി കപ്പലുകള്‍ക്ക് ഹൂതികള്‍ വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

പ്രകോപനങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. പലസ്തീന് പിന്തുണയുമായി,, ഇസ്രയേലിനെതിരായ പോരാട്ടം തുടരുമെന്ന് യെമനിലെ ഹൂതി നേതൃത്വം മറുപടി നല്‍കി. ഗാസയില്‍ ഹമാസുമായുള്ള പോരാട്ടത്തിന് പുറമെ, ലബനനില്‍ ഹിസ്ബുല്ലയുമായും, യമനില്‍ ഹൂതികളുമായും, ഹൂതികള്‍ക്ക് പിന്തുണ നല്‍കുന്ന ഇറാനുമായും ഇസ്രയേല്‍ കടുത്ത സംഘര്‍ഷത്തിലാണ്. ഹൂതികള്‍ അയക്കുന്ന മിസൈലുകളും ഡ്രോണുകളും അമേരിക്കയുടെ സഹായത്തോടെ വെടവച്ചിടുകയോ നിര്‍വീര്യമാക്കുകയോ ചെയ്യുന്ന ഇസ്രേയേല്‍ തിരിച്ചടിക്കാന്‍ തീരുമാനിച്ചത് പശ്ചിമേഷ്യയെ വീണ്ടും ആശങ്കയിലാക്കുകയാണ്.  

ENGLISH SUMMARY:

Israel strikes Houthis in Yemen after drone hits Tel Aviv