electrical-shock-hospital

TOPICS COVERED

ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനിരുന്ന യുവാവിന് ഷോക്ക് ട്രീറ്റ്മെന്‍റ് നല്‍കി ആശുപത്രി. ചൈനയിൽ ആണ് സംഭവം. 27 കാരനായ ലിന്‍ഗര്‍ എന്ന യുവാവ് സംഭവത്തില്‍ ആശുപത്രിക്കെതിരെ കേസ് നല്‍കി. 80,000 യുവാന്‍ (ഏകദേശം 9.4 ലക്ഷം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ലിന്‍ഗര്‍ പരാതി നല്‍കിയത്. 97 ദിവസം തന്നെ ആശുപത്രിയില്‍ നിര്‍ബന്ധിച്ചു കിടത്തി ചികില്‍സിപ്പിച്ചുവെന്നും ദിവസങ്ങളോളം ഷോക്ക് ട്രീറ്റ്മെന്‍റ് നല്‍കിയെന്നുമാണ് യുവാവിന്‍റെ പരാതി. 

പുരുഷനായിട്ടാണ് ജനിച്ചതെങ്കിലും തനിക്ക് സ്ത്രീയായി ജീവിക്കാനാണ് ആഗ്രഹമെന്നും അതിനായിട്ടാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനായി പണം സമ്പാദിച്ചെന്നും യുവാവ് പറയുന്നു. പണം കണ്ടെത്തിയ ശേഷം ഈസ്ട്രജൻ ഹോർമോൺ ചികിത്സയും യുവാവ് ആരംഭിച്ചു. ചികില്‍സ പതുക്കെ ഫലം കണ്ടെന്നും തന്‍റെ മുഖത്തെ രോമങ്ങള്‍ കൊഴിയുകയും ശബ്ദത്തില്‍ മാറ്റം സംഭവിക്കാന്‍ തുടങ്ങിയതായും യുവാവ് വെളിപ്പെടുത്തി. 

എന്നാൽ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്യാനുള്ള തീരുമാനം യുവാവിന്‍റെ മാതാപിതാക്കള്‍ ഒരിക്കലും അംഗീകരിച്ചിരുന്നില്ല. ഒരാളുടെ ശരീരം അവരുടെ മാതാപിതാക്കളുടെ സമ്മാനമാണെന്നാണ് ചൈനീസ് വിശ്വാസം. അതുകൊണ്ട് ലിംഗമാറ്റ ശസ്ത്രക്രിയ ചൈനയില്‍ ഭൂരിഭാഗം പേരും എതിര്‍ക്കുന്നു. വിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ മകനെ ഈ പ്രവൃത്തിയില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ മാതാപിതാക്കള്‍ ശ്രമിച്ചു. 

മാതാപിതാക്കളുടെ നിര്‍ദേശപ്രകാരം 2022-ല്‍ ജിയുലോങ്ഷാന്‍ ഹോസ്പിറ്റലിലെ ഡോക്ടറെ കാണാനെത്തി. ആശുപത്രിയിലെത്തിയ ലിന്‍ഗറിനെ പരിശോധിച്ച ഡോക്ടര്‍ ലിന്‍ഗറിന് 'ഈഗോ ഡിസ്റ്റോണിക് സെക്ഷ്വല്‍ ഓറിയന്‍റേഷന്‍' എന്ന മാനസിക വൈകല്യമാണെന്ന് അറിയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ യുവാവിന്‍റെ മൊബൈല്‍ ഫോണ്‍ ആശുപത്രി അധികൃതര്‍ പിടിച്ചെടുക്കുകയും ഉടന്‍ തന്നെ യുവാവിനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. തന്റെ കൈയ്യും കാലും കെട്ടിയ ശേഷം ഡോക്ടര്‍മാര്‍ തനിക്ക് ദിവസങ്ങളോളം ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയെന്നും ലിന്‍ഗര്‍ പറഞ്ഞു. ഈ ആശുപത്രിയ്‌ക്കെതിരെയാണ് ലിന്‍ഗര്‍ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.