gaza-23

കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ലോകത്തിന്‍റെ കണ്ണുകള്‍ ഇസ്രയേലിലേക്കും പലസ്തീനിലേക്കും ഉറ്റുനോക്കുകയാണ്. ഒക്ടോബര്‍ ഏഴിന് രാജ്യത്തേക്ക് കടന്നുകയറി നടത്തിയ ആക്രമണത്തിന് മറുപടിയായി ഇസ്രയേല്‍ ഗാസയില്‍ യുദ്ധം തുടങ്ങി. ഹമാസിനെ പൂര്‍ണമായും തുരത്തുംവരെ യുദ്ധം തുടരുമെന്നായിരുന്നു പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിന്‍റെ പ്രഖ്യാപനം. യുദ്ധം തുടങ്ങിയിട്ട് ഒരു വര്‍ഷത്തോടടുക്കുമ്പോള്‍ ഉയരുന്ന ചോദ്യമിതാണ്. എന്നവസാനിക്കും ഈ യുദ്ധം?

പക്ഷേ, എന്തുകൊണ്ടാണ് ഇസ്രയേല്‍ പോലൊരു രാജ്യത്തിന് ഗാസയില്‍ ഹമാസിനെ അത്രപെട്ടെന്ന് അവസാനിപ്പിക്കാനാകുന്നെല്ലെന്ന ചോദ്യമുണ്ട്

അത്ര പെട്ടെന്നൊന്നും അവസാനിക്കില്ലെന്ന മുഖവുരയോടെയായിരുന്നു ഇസ്രയേല്‍ ഗാസയില്‍‌ സൈനിക നടപടി തുടങ്ങിയത്. ഓരോ ദിവസവും യുദ്ധത്തിന്റെ ദുരിതക്കാഴ്ചകള്‍. സ്കൂളുകള്‍, ആശുപത്രികള്‍, അഭയാര്‍ഥി ക്യാംപുകള്‍ അങ്ങനെ എല്ലായിടങ്ങളിലും യുദ്ധത്തിന്‍റെ, മരണത്തിന്‍റെ മരവിപ്പ്. കുരുന്നുകളടക്കം മരിച്ചുവീഴുന്ന കാഴ്ചകള്‍. യുദ്ധനീതിയും നിയമങ്ങളും പോലും മറക്കുന്നുവെന്ന ആരോപണം ഒരു വശത്തുണ്ട്. പക്ഷേ, എന്തുകൊണ്ടാണ് ഇസ്രയേല്‍ പോലൊരു രാജ്യത്തിന് ഗാസയില്‍ ഹമാസിനെ അത്രപെട്ടെന്ന് അവസാനിപ്പിക്കാനാകുന്നെല്ലെന്ന ചോദ്യമുണ്ട്. 

ഗാസയില്‍ ഹമാസ് നിര്‍മിച്ച തുരങ്കങ്ങളും ഇടവഴികളുമൊക്കെയുള്ള സംവിധാനം അത്ര പെട്ടെന്ന് തകര്‍ക്കാനാകില്ലെന്ന് ഇസ്രയേല്‍ ആദ്യമേ തിരിച്ചറിഞ്ഞ സത്യമാണ്. സ്കൂളുകള്‍ക്കും ആശുപത്രികള്‍ക്കുമൊക്കെ അടിയില്‍ കിലോമീറ്ററുകള്‍ നീളത്തില്‍ തുരങ്കങ്ങള്‍ നിര്‍മിച്ച് അവിടെ ഹമാസ് ആയുധങ്ങള്‍ ശേഖരിച്ചുവച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പലപ്പോഴായി ഇസ്രയേല്‍ പുറത്തുവിട്ടിട്ടുണ്ട്. ആശുപത്രികളും സ്കൂളുകളും ആക്രമിക്കപ്പെടുന്നുവെന്ന ആരോപണത്തിന് ഇസ്രയേല്‍ മുന്നോട്ടുവയ്ക്കുന്ന മറുപടിയും ഈ കാഴ്ചകളാണ്. 

യൂറോപ്പിലടക്കം വിവിധയിടങ്ങളില്‍ വലിയ പ്രതിഷേധം തുടരുമ്പോഴും ഗള്‍ഫ് മേഖലയില്‍ ഹമാസിന് പൂര്‍ണപിന്തുണയില്ലെന്നത് യാഥാര്‍ഥ്യമാണ്

തുടക്കത്തില്‍ ഇസ്രയേല്‍- ഹമാസ് യുദ്ധമായിരുന്നുവെങ്കില്‍ ഇന്നത് അല്‍പംകൂടി വ്യാപകമായിരിക്കുന്നു. ഇറാനും യെമനിലെ ഹൂതികളും ലെബനനിലെ ഹിസ്ബുല്ലയും ഹമാസിനൊപ്പം അണിനിരന്നിരിക്കുന്നു. ഇസ്രയേല്‍ കടുത്ത യുദ്ധക്കുറ്റം നടത്തുന്നുവെന്ന് ആരോപണങ്ങളുയരുമ്പോഴും യൂറോപ്പിലടക്കം വിവിധയിടങ്ങളില്‍ വലിയ പ്രതിഷേധം തുടരുമ്പോഴും ഗള്‍ഫ് മേഖലയില്‍ ഹമാസിന് പൂര്‍ണപിന്തുണയില്ലെന്നത് യാഥാര്‍ഥ്യമാണ്. അതിനൊരു കാരണമുണ്ട്. 

ഹമാസിനെ മധ്യപൂര്‍വദേശത്തെ ശക്തരായ സൗദിയും യുഎഇയും അകറ്റിനിര്‍ത്താന്‍ ഇവയൊക്കെയാണ് കാരണങ്ങള്‍.

ഹമാസിന് ഏറ്റവുമധികം പിന്തുണയും സഹായവും നല്‍കുന്ന രാജ്യം ഇറാനാണ്. പ്രത്യക്ഷ ഏറ്റുമുട്ടലില്ലെങ്കിലും സൗദിയും യുഎഇയുമൊക്കെ ഇറാനെ ഒരു കയ്യകലത്തിലാണ് നിര്‍ത്തിയിരിക്കുന്നത്. ഭീകരരെ സഹായിക്കുന്നുവെന്നതടക്കം ആരോപണങ്ങളാണ് അവര്‍ ഇറാനുമേല്‍ ആരോപിക്കുന്നത്. ഹമാസിനെ നേരിട്ട് സഹായിക്കുന്ന ഹൂതികളാകട്ടെ സൗദിയുമായി നേരിട്ടും അല്ലാതെയും യുദ്ധം ‌നടത്തുന്നവരാണ്. ഏറ്റവും സുരക്ഷിതമെന്ന് കരുതിയിരുന്ന യുഎഇ തലസ്ഥാനമായ അബുദാബിയില്‍ പോലും ആക്രമണം നടത്തിയവരാണ് ഹൂതികള്‍. അതിനാല്‍ തന്നെ ഹമാസിന് നല്‍കുന്ന സഹായങ്ങള്‍ ഹൂതികള്‍ക്കു കൂടിയുള്ളതാകുമെന്ന് യുഎഇയും സൗദിയും വിശ്വസിക്കുന്നു. ഇതുതന്നെയാണ് ഹിസ്ബുല്ലയോടുള്ള സമീപനവും. അത്തരത്തിലുള്ള കൂട്ടുകെട്ടുകളുമായി ചേര്‍ന്ന് പോര് നടത്തുന്നവരെ, ഹമാസിനെ മധ്യപൂര്‍വദേശത്തെ ശക്തരായ സൗദിയും യുഎഇയും അകറ്റിനിര്‍ത്താന്‍ ഇവയൊക്കെയാണ് കാരണങ്ങള്‍. 

 

ആദ്യം ഖത്തറിലും പിന്നീട് ഈജിപ്തിലുമൊക്കെയായി വിവിധ തലങ്ങളില്‍ സമാധാന ചര്‍ച്ചകള്‍ നടന്നു. പക്ഷേ, അതൊന്നും ശാശ്വതമെന്നല്ല, താല്‍ക്കാലികമായെങ്കിലുമുള്ള ഒരു വെടിനിര്‍ത്തലിലെത്തിക്കാന്‍ സാധിച്ചില്ല. ഗാസയില്‍ ഹമാസ് ഭരണത്തിന്‍റെ ആധിപത്യം ഒഴിവാക്കുകയെന്നതാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. മേഖലയിലെ സമാധാനത്തിന് അത് അത്യാവശ്യമാണെന്ന് ഇസ്രയേല്‍ കരുതുന്നു. ആ ലക്ഷ്യത്തിലേക്കെത്താതെ ഈ യുദ്ധം അവസാനിക്കില്ലെന്ന് നെതന്യാഹു പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ, ഹമാസ് തടവിലുള്ള ബന്ദികള്‍ കൊല്ലപ്പെടുന്നതിന്‍റെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രിക്കെതിരെ ടെല്‍ അവീവില്‍ പ്രതിഷേധം തുടരുന്നുണ്ട്. ഒപ്പം, ഹമാസിനെതിരെ പലസ്തീനില്‍ നിന്നുതന്നെ വിമതശബ്ദങ്ങളുമുയരുന്നുണ്ട്. പലസ്തീനിലേക്ക് എത്തിയിരുന്ന സഹായങ്ങള്‍ ഇല്ലാതാകുന്നതിന് ഒക്ടോബര്‍ ഏഴിലെ ആക്രമണം കാരണമായെന്നതും വിമര്‍ശനങ്ങള്‍ക്ക് മുനകൂട്ടുന്നുണ്ട്.

നേതാക്കളെയെല്ലാം കൊന്നാല്‍ യുദ്ധം നിര്‍ത്തുമോ? ആ ചോദ്യം പ്രസക്തമാണ്.

അതിനിടെയാണ്, ഹമാസിന്‍റെ രാഷ്ട്രീയകാര്യമേധാവി ഇസ്മയേല്‍ ഹനിയയെ ഇറാനില്‍ വച്ചും മറ്റൊരു പ്രബല നേതാവ് മുഹമ്മദ് ദെയ്ഫിനെ ഗാസയില്‍വച്ചും ഇസ്രയേല്‍ കൊലപ്പെടുത്തിയത്. ഹിസ്ബുല്ലയുടെ നേതാക്കളെ ലെബനനില്‍വച്ചും ഇസ്രയേല്‍ വധിച്ചു. അങ്ങനെ ഒക്ടോബര്‍ ഏഴിന്‍റെ ആസൂത്രകരെ ഓരോന്നായി കൊലപ്പെടുത്തുകയെന്ന പ്രഖ്യാപിത ലക്ഷ്യത്തിലേക്കാണ് ഇസ്രയേലെത്തുന്നത്. നേതാക്കളെയെല്ലാം കൊന്നാല്‍ യുദ്ധം നിര്‍ത്തുമോ? ആ ചോദ്യം പ്രസക്തമാണ്.

ഒക്ടോബര്‍ ഏഴിന് ഇസ്രയേലില്‍ നിന്ന് പിടിച്ചുകൊണ്ടുപോയ ബന്ദികളെ പൂര്‍ണമായും മോചിപ്പിക്കാതെ യുദ്ധം അവസാനിപ്പിക്കാനാകില്ലെന്നാണ് ഇസ്രയേല്‍ നിലപാട്. ഹമാസ് എന്ന സംഘടനയുടെ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക മാത്രമല്ല രാഷ്ട്രീയ ഇടപെടലും അവസാനിപ്പിക്കുകയെന്നതും ഇസ്രയേലിന്‍റെ ലക്ഷ്യമാണ്. ഹമാസ് കൂട്ടുപിടിച്ചിരിക്കുന്ന ഹൂതികളുടേയും ഹിസ്ബുല്ലയുടേയുമൊക്കെ ഇടപെടലില്ലാത്തൊരു ഗാസയാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. 

പക്ഷേ, ആ ലക്ഷ്യത്തിലേക്കെത്തണമെങ്കില്‍ ഇനിയുമേറെ ചോര വീഴേണ്ടിവരുമെന്ന് ഇസ്രയേലിനറിയാം. ലോകത്തിനും...വേണ്ടത് രാഷ്ട്രീയ ഇടപെടലിലൂടെയുള്ളൊരു പരിഹാരമാണ്. വെടിനിര്‍ത്തല്‍ അവസാനിച്ചാലും തീപ്പൊരി അവിടെയുണ്ടാകും. അത് കെടണമെങ്കില്‍, ശാശ്വത പരിഹാരത്തിലേക്ക് എത്തിപ്പെടണമെങ്കില്‍ ഇനിയുമേറെ കാത്തിരിക്കേണ്ടിവരുമെന്നതാണ് യാഥാര്‍ഥ്യം.

ENGLISH SUMMARY:

When Will The Israel Palestine War End