റണ്‍വേയിലേക്ക് പറന്നിറങ്ങവേ പൊടുന്നനെ മുന്നിലേക്ക് മറ്റൊരു വിമാനം പറന്നുപൊങ്ങാനായി എത്തുന്നു. യു.എസിലെ ഷിക്കാഗോ മിഡ്‌വേ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. സൗത്ത്‌വെസ്റ്റ് എയര്‍ലൈന്‍സിന്റെ വിമാനമാണ് ലാന്‍ഡിങ്ങിനായി എത്തിയത്. എന്നാല്‍ റണ്‍വേയില്‍ മറ്റൊരു വിമാനം കണ്ടതോടെ പൈലറ്റ് സമയോചിതമായി ഇടപെട്ടു. വിമാനം മുകളിലേക്ക് തിരിച്ചുവിട്ടു. തലനാരിഴയ്ക്കാണ് വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത്.
സൗത്ത്‌വെസ്റ്റ് ഫ്‌ളൈറ്റ് 2504 എന്ന വിമാനം ലാന്‍ഡിങ്ങിനായി റണ്‍വേയിലേക്ക് താഴ്ന്നിറങ്ങവേ മറ്റൊരു സ്വകാര്യ ജെറ്റ് മുന്നിലെത്തി. അനുമതിയില്ലാതെയാണ് സ്വകാര്യ ജെറ്റ് റണ്‍വേയിലേക്ക് പ്രവേശിച്ചതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ (എഫ്.എ.എ) വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തില്‍ എഫ്.എ.എയും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡും അന്വേഷണം പ്രഖ്യാപിച്ചു.
സംഭവത്തിന്‍റെ വിഡിയോ സാമൂഹികമാധ്യമത്തില്‍ വൈറലാണ്. സൗത്ത്‌വെസ്റ്റ് ഫ്‌ളൈറ്റ് 2504ന്റെ ചക്രങ്ങള്‍ റണ്‍വേയില്‍ തൊടുന്നതിന് 50 അടി മാത്രം ദൂരമുള്ളപ്പോഴാണ് സ്വകാര്യ ജെറ്റ് പറന്നുയരാനായി തുടങ്ങിയത്. നെബ്രാസ്‌കയിലെ ഒമാഹയില്‍ നിന്ന് വരികയായിരുന്നു സൗത്ത്‌വെസ്റ്റിന്‍റെ വിമാനം. ടെന്നസിയിലെ നോക്‌സ്‌വില്ലെയിലേക്ക് പോകാനായി പുറപ്പെട്ടതാണ് സ്വകാര്യ ജെറ്റ്.