അമേരിക്കൻ പ്രസിഡന്‍റ് വ്യവസായിയായ ഒരു ശതകോടീശ്വരൻ, യുക്രെയ്ൻ ഭരിക്കുന്നത് ഒരു കൊമേഡിയൻ, ഇവർക്കിടയിലേക്ക് ഒരു മിക്സ്ഡ് മാര്‍ഷ്യല്‍ ആര്‍ട്സ് ഫൈറ്റര്‍ കൂടി താരം കൂടി എത്തിയാലോ? MMA ആരാധകരുടെ ഇഷ്ടതാരം കോണർ മഗ്രെഗറാണ് ഈ വർഷം നവംബറിൽ നടക്കുന്ന അയർലൻഡ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നത്.
ഇടിച്ചും തൊഴിച്ചും എതിരാളികളെ നിലംപരിശാക്കുന്ന കോണർ മക്ഗ്രേഗറിന് അയർലണ്ടിന്റെ പ്രസിഡന്‍റ് ആകാൻ മോഹം ഉദിച്ചത് വൈറ്റ് ഹൗസിലെത്തി ഡോണൽഡ് ട്രംപിനെ കണ്ടതിന് പിന്നാലെ. അയർലൻഡിന്റ് സ്വത്വം നഷ്ടപ്പെടുന്നുവെന്നും അനധികൃത കുടിയേറ്റ റാക്കറ്റ് പിടിമുറുക്കുന്നുവെന്നും കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചു. യൂറോപ്യൻ യൂണിയൻ കുടിയേറ്റ ഉടമ്പടി അയർലൻഡിൽ നടപ്പിലാക്കുന്നതിനെ താരം എതിർക്കുന്നു. 2026 ജൂൺ 12-നു മുമ്പ് അയർലണ്ട് ഈ ഉടമ്പടി പൂർണ്ണമായി നടപ്പിലാക്കേണ്ടതുണ്ട്. ഉടമ്പടി നടപ്പിലാക്കരുതെന്നും അതല്ലെങ്കിൽ ജനങ്ങൾ പ്രതികരിക്കണമെനും മക്ക്gഗ്രേഗർ പറയുന്നു.
2023 ലും മക്ഗ്രേഗർ പ്രസിഡന്റ് സ്ഥാനാർഥിയാകുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു. അൾജീരിയയിൽ നിന്ന് കുടിയേറി എത്തിയയാൾ അയർലണ്ടിലെ സ്കൂളിന് മുന്നിൽ മൂന്ന് കുട്ടികളെ കുത്തിപ്പരിക്കേൽപിച്ചതിന് തുടർന്ന്, ഡബ്ലിനിൽ തുടങ്ങിയ കലാപത്തിന് പിന്നിലായിരുന്നു പ്രസിഡന്‍റ് ആകാൻ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചത്. അന്ന് മക്ഗ്രേഗറിനെ പിന്തുണച്ച് ഇലോൺ മസ്ക് എത്തിയിരുന്നു. പ്രസിഡന്‍റ് ആകാൻ ഒരുങ്ങുന്ന മക്ഗ്രേഗറിന്റെ മുദ്രാവാക്യം എന്താണെന്ന് കേൾക്കണ്ടേ. "മെയ്ക് അയർലൻഡ് ഗ്രേറ്റ് എഗൈൻ "