biden-trump-pardon

TOPICS COVERED

മുൻ പ്രസിഡന്റ് ജോ ബൈഡൻ നൽകിയ എല്ലാ മാപ്പുകളും അസാധുവാക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. മാപ്പുകളിൽ ‘ഓട്ടോപെൻ’ ഉപയോഗിച്ചാണ് ഒപ്പിട്ടതെന്ന് ആരോപിച്ചാണ് ട്രംപിന്‍റെ  നടപടി. ബൈഡൻ നൽകിയ മാപ്പുകൾ അദ്ദേഹത്തിന്‍റെ അനുമതിയില്ലാതെ നടപ്പിലാക്കിയതാണെന്നാണ് ട്രംപിന്‍റെ വാദം.

2021 ജനുവരി 6ന്  തിരഞ്ഞെടുപ്പ് അട്ടിമറി ആരോപിച്ച് ട്രംപ് അനുയായികള്‍ നടത്തിയ ക്യാപ്പിറ്റോള്‍ ഹില്‍ ആക്രമണം അന്വേഷിച്ച ഹൗസ് കമ്മിറ്റി അംഗങ്ങൾക്ക് ബൈഡൻ മാപ്പ് നൽകിയിരുന്നു. വരാനിരിക്കുന്ന ഭരണകൂടത്തിന്റെ രാഷ്ട്രീയ പ്രേരിതമായ നടപടികളില്‍ നിന്ന് സംരക്ഷിക്കുന്നതിനാണ് ഈ മുൻകൂർ മാപ്പ് നൽകുന്നത് എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.  നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അലർജി ആൻഡ് ഇൻഫെക്ഷ്യസ് ഡിസീസസിന്റെ മുൻ ഡയറക്ടർ ഡോ. ആന്റണി ഫൗസി, ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫിന്റെ മുൻ ചെയർമാൻ വിരമിച്ച ജനറൽ മാർക്ക് മില്ലി എന്നിവര്‍ക്കും മാപ്പ് നല്‍കിയിരുന്നു.

‘മാപ്പ് നല്‍കുന്നതിന് ആവശ്യമായ  രേഖകൾ ബൈഡന് വിശദീകരിച്ചു നൽകുകയോ അവ അംഗീകരിക്കുകയോ ചെയ്തില്ല. അദ്ദേഹത്തിന് അവയെക്കുറിച്ച് ഒന്നും അറിയില്ലായിരുന്നു. അങ്ങനെ ചെയ്തവർ കുറ്റം  ചെയ്തിരിക്കാം.തന്നെയും മറ്റ്  നിരപരാധികളെയും  രണ്ട് വര്‍ഷം വേട്ടയാടി  തയ്യാറാക്കിയ തെളിവുകളെല്ലാം നശിപ്പിച്ചു . അവര്‍ ഉന്നതല അന്വേഷണത്തിന് വിധേയരാണെന്ന് മനസിലാക്കണം . നമ്മുടെ രാജ്യത്തിന്‍റെ  ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡന്‍റായ ജോ ബൈഡന്‍റെ അറിവോ സമ്മതമോ ഇല്ലാതെ   ഒപ്പിട്ട രേഖകൾക്ക് അവർ ഉത്തരവാദികളായിരിക്കാം’- ട്രംപ് എക്സില്‍ കുറിച്ചു.

വ്യക്തിപരമായി ഒപ്പിടാൻ കഴിയാത്തപ്പോള്‍    എക്‌സിക്യൂട്ടീവ് ഉത്തരവുകളിലടക്കം  ഒപ്പിടാൻ പ്രസിഡ്‍റുമാർ ഓട്ടോപെൻ ഉപയോഗിച്ചുവരുന്നുണ്ട്. 2011ല്‍ ഒബാമയുടെ യൂറോപ്യന്‍ സന്ദര്‍ശനത്തിനിടെ പാട്രിയൊട്ട് ആക്റ്റ് നീട്ടുന്നതിനായാണ് ആദ്യമായി ഓട്ടോപെൻ ഉപയോഗിച്ചത്. രോഗശയ്യയിലുള്ള കുട്ടികള്‍ക്കും മറ്റും കത്തയക്കാനാണ് താന്‍ ഓട്ടോപെൻ ഉപയോഗിക്കുന്നത് .എക്‌സിക്യൂട്ടീവ് ഉത്തരവുകളില്‍ ഒപ്പിടാന്‍ അവ ഉപയോഗിക്കുന്നത് തെറ്റെന്നാണെന്നും  ട്രംപ് പറഞ്ഞു. എന്നാല്‍  പൊതുവെ അത്തരം ഒപ്പുകള്‍ക്ക്  സാധുതയുണ്ടെന്നാണ് നിയമ വിദഗ്ധരുടെ പക്ഷം.

ENGLISH SUMMARY:

President Donald Trump has invalidated all pardons granted by former President Joe Biden, accusing Biden of using an "autopen" to sign the pardons. Trump claims that the pardons were implemented without his approval.