ഖാന്‍ യുനീസിലെ നാസര്‍ ആശുപത്രി പരിസരത്തെ ടെന്‍റില്‍ ഇസ്രായേലിന്‍റെ വ്യോമാക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ ഉള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഇസ്രായേലിന്‍റെ ആക്രമണത്തില്‍ മാധ്യമപ്രവര്‍ത്തകനായ അഹമ്മദ് മന്‍സൂര്‍ കൊല്ലപ്പെടുന്ന ഭീതിതമായ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണിപ്പോള്‍. 33 കാരനായ ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനാണ് ജീവനോടെ തീയില്‍ വെന്തുമരിച്ചത്. .
മാധ്യമപ്രവര്‍ത്തകരുടെ ടെന്‍റ് ലക്ഷ്യം വച്ച് തന്നെയായിരുന്നു ആക്രമണമെന്ന് മാധ്യമപ്രവര്‍ത്തകനായ അബെദ് ഷാത്ത് പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു. 'വലിയ സ്ഫോടനത്തിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നത്. ഓടിവന്നപ്പോള്‍ ടെന്‍റില്‍ എന്‍റെ സഹപ്രവര്‍ത്തകരില്‍ ഒരാള്‍ ജീവനോടെ കത്തുന്നതാണ് കണ്ടത്. ടെന്‍റിനകത്തേക്ക് കയറി അവനെ അദ്ദേഹത്തെ പുറത്തേക്ക് വലിച്ചുകൊണ്ടുവരാന്‍ നോക്കി. അവിടെ ഒരു ഗ്യാസ് കാനിസ്റ്റര്‍ പൊട്ടിത്തെറിച്ചിട്ടുണ്ടായിരുന്നു. മറ്റൊന്ന് കത്തുന്നുമുണ്ടായിരുന്നു. കാലില്‍ വലിച്ച് പുറത്തേക്ക് എടുക്കാന്‍ നോക്കിയപ്പോള്‍ പാന്‍റ് കയ്യില്‍ നിന്നും കീറി പോയി. കുറച്ച് ആളുകള്‍ വന്ന് വെള്ളമൊഴിച്ച് തീ അണക്കാന്‍ നോക്കി. അപ്പോഴേക്കും എന്‍റെ ബോധം പോയി,' അബെദ് ഷാത്ത് പറഞ്ഞു.
റംലയിലെ പാലസ്തിന് വിദേശ കാര്യമന്ത്രാലയം മാധ്യമപ്രവര്‍ത്തകന്‍റെ മരണം നിയമവിരുദ്ധമായ കൊലപാതകമെന്നാണ് പറഞ്ഞത്. ദൃശ്യങ്ങള്‍ പുറത്തേക്ക് പോകാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യമാണിതെന്നും വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തു. ഗാസ മുനമ്പിൽ ഇസ്രായേൽ ബോംബാക്രമണം ആരംഭിച്ചതുമുതൽ ആശുപത്രി പരിസരങ്ങളിലെ ക്യാമ്പുകളിൽ നൂറുകണക്കിന് ആളുകൾ അഭയം തേടിയിരുന്നു. പലസ്തീൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, 2023 ഒക്ടോബർ മുതൽ കൊല്ലപ്പെട്ട പലസ്തീൻ മാധ്യമപ്രവർത്തകരുടെ എണ്ണം 207 ആയി.
അതേസമയം ആശുപത്രി പരിസരത്ത് വ്യോമാക്രമണം നടത്തിയത് ഹമാസിലെ അംഗമായ അസ്ലിഹിനെ ലക്ഷ്യം വച്ചായിരുന്നുവെന്നാണ് ഇസ്രായേലിന്‍റെ വാദം. അസ്ലിഹ് മാധ്യമപ്രവര്‍ത്തകന്‍റെ വേഷം ധരിച്ചെത്തിയ ഹമാസ് അംഗമാണെന്നും ഐഡിഎഫും ഷിൻ ബെറ്റ് സുരക്ഷാ ഏജൻസിയും പറഞ്ഞു.