Photo Credit; Facebook (Meghna Alam)
രാജ്യത്തിന്റെ നയതന്ത്ര ബന്ധങ്ങള്‍ തകര്‍ക്കുന്നുവെന്ന് ആരോപിച്ച് ബംഗ്ലാദേശി മോഡലും മുന്‍ മിസ് എര്‍ത്ത് ബംഗ്ലാദേശുമായ മേഘ്‌ന ആലത്തിനെ അറസ്റ്റ് ചെയ്ത് ബംഗ്ലാദേശ് പൊലീസ്. സൗദി അറേബ്യയിലെ ഒരു നയതന്ത്ര ഉദ്യോഗസ്ഥനെപ്പറ്റി മോശമായ വിവരം പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് സ്‌പെഷ്യല്‍ പവര്‍ ആക്ട് പ്രകാരം മേഘ്‌നയെ അകത്താക്കിയത്. ഇക്കഴിഞ്ഞ ഒമ്പതിനാണ് പൊലീസ് മേഘ്‌നയെ കസ്റ്റഡിയിലെടുത്തത്.
സൗദിയിലെ നയതന്ത്ര ഉദ്യോഗസ്ഥനും മേഘ്‌നയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നും, ചില പ്രശ്നങ്ങളുടെ പേരില്‍, മകള്‍ ഉദ്യോഗസ്ഥന്റെ വിവാഹാഭ്യര്‍ത്ഥന നിരസിച്ചതാണ് എല്ലാത്തിന്‍റെയും അടിസ്ഥാനമെന്നും മേഘ്‌നയുടെ പിതാവ് പറയുന്നു. സൗദിയിലെ ഉദ്യോഗസ്ഥന് ഭാര്യയും കുട്ടികളും ഉണ്ട്, ആ വിവരം മേഘ്നയില്‍ നിന്ന് മറച്ചുവച്ചു, ഇക്കാര്യം മകള്‍ അറിഞ്ഞതോടെയാണ് പ്രണയ ബന്ധത്തില്‍ നിന്ന് പിന്‍മാറിയത്. അതോടെയാണ് പ്രശ്നം തുടങ്ങിയത്. – മേഘ്‌നയുടെ പിതാവ് ബദറുല്‍ ആലം വ്യക്തമാക്കുന്നു.
തന്നെ പിടികൂടാനായി പൊലീസ് വീട്ടിലെത്തുന്ന ദൃശ്യങ്ങള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ മേഘ്‌ന പങ്കുവെച്ചിരുന്നു. പൊലീസുമായി സഹകരിക്കാമെന്ന് മേഘ്‌ന പറയുന്നതും 12 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫെയ്‌സ്ബുക്ക് ലൈവിലുണ്ടായിരുന്നു. എന്നാല്‍, ഇതിനുപിന്നാലെയാണ് മേഘ്‌നയെ കസ്റ്റഡിയിലെടുത്തത്. ധാക്ക കോടതിയില്‍ ഹാജരാക്കിയ യുവതിയെ പിന്നീട് കാഷിംപുര്‍ ജയിലിലേക്ക് മാറ്റി.
വിദേശ നയതന്ത്ര ഉദ്യോഗസ്ഥനെതിരേ മേഘ്ന ഒട്ടേറെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍ ഇട്ടിട്ടുണ്ട്. അന്വേഷണ ഏജന്‍സികളെ വെച്ച് ഇയാള്‍ തന്നെ നിശബ്ദയാക്കാന്‍ ശ്രമിക്കുകയാണെന്നാണ് മേഘ്നയുടെ പരാതി. മേഘ്നയുടെ അറസ്റ്റിനെതിരേ ബംഗ്ലാദേശില്‍ പ്രതിഷേധം ശക്തമാണ്. മേഘ്നയുടെ അറസ്റ്റില്‍ ആശങ്കയറിയിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തി. അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കാവുന്ന കുറ്റം യുവതിക്ക് എതിരെ ചുമത്തിയില്ലെങ്കില്‍, അവരെ വിട്ടയക്കണമെന്നാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ആവശ്യപ്പെട്ടത്.