ഇന്ത്യ യുഎഇ സംസ്കാരങ്ങളെ മനോഹരമായി കോർത്തിണക്കിയ ശിലാക്ഷേത്രമാണ് അബുദാബിയിലെ ബാപ്സ് ഹിന്ദു മന്ദിർ. ഏഴ് എമിറേറ്റുകളെ പ്രതിനിധീകരിച്ച് ഏഴ് ഗോപുരങ്ങൾ. ചുറ്റിലും ഇൻഡോ അറബ് ചരിത്രവും വിശ്വാസവും കൊത്തിവച്ചത് കാണാം.  മധ്യപൂർവദേശത്തെ ഏറ്റവും വലിയ ശിലാക്ഷേത്രം ഉദ്ഘാടനത്തിന് പൂർണസജ്ജമായതായി ബാപ്സ് അധികൃതർ അറിയിച്ചു.

 

ദൂരക്കാഴ്ചയിൽ തന്നെ വ്യക്തമാണ് ഇന്ത്യ യുഎഇ സംസ്കാരങ്ങളുടെ സമന്വയമാണ് ഈ ശിലാക്ഷേത്രമെന്ന്. ക്ഷേത്രത്തിന് മുന്നിലായുള്ള രണ്ട് കെട്ടിടങ്ങളിലും അറബ് നിർമാണരീതി കാണാം. കാലാവസ്ഥയും ഭൂപ്രകൃതിയുമെല്ലാം കണക്കിലെടുത്താണ് സംസ്കാരങ്ങളെ ഇങ്ങനെ കോർത്തിണക്കിയിരിക്കുന്നത്

 

മൂന്ന് പുണ്യനദികളുടെ സംഗമസ്ഥാനത്താണ് ക്ഷേത്രം. ഇരുവശത്തുമായി കാണുന്ന ജലധാരകൾ ഗംഗയേയും യമുനയേയും പ്രതിനിധാനം ചെയ്യുമ്പോൾ പ്രകാശകിരണങ്ങളായി സരസ്വതി നദിയുമുണ്ടാകും.

 

പതിനാലിന് വൈകിട്ട് അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യും. യുഎഇ ഭരണാധികാരികളും ചടങ്ങിന് സാക്ഷ്യംവഹിക്കാനെത്തും. പതിനെട്ടിന് പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെങ്കിലും തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി യുഎഇ നിവാസികളോട് മാർച്ച് ഒന്ന് വരെ കാത്തിരിക്കണമെന്ന് ക്ഷേത്രംഭാരവാഹികൾ അഭ്യർഥിച്ചു. നിലവിൽ റജിസ്റ്റർ ചെയ്തവർക്ക് ദർശനത്തിനെത്താമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

 

Baps hindu mandir inaguration on February 14 by Narendra Modi