കുവൈത്ത് തീപിടിത്തത്തിൽ പരുക്കേറ്റ് ചികിൽസയിൽ കഴിയുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തതായി റിപ്പോർട്ട്. ഒരാൾ മാത്രമാണ് നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ഉത്തരേന്ത്യക്കാരൻ ഉൾപ്പെടെ രണ്ട് പേർ വെന്റിലേറ്ററിലുണ്ട്. നിലവിൽ അഞ്ച് ആശുപത്രികളിലായി ആകെ 31 പേരാണ് ചികിൽസയിലുള്ളത്. ഇതില്‍ 14 മലയാളികൾ ഉൾപ്പെടെ 25 പേരും ഇന്ത്യക്കാരാണ്. ചികില്‍സയില്‍ കഴിയുന്നവര്‍ കുടുംബവുമായി സംസാരിച്ചുവെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അറിയിച്ചു. ദുരന്തമുണ്ടായ സാഹചര്യത്തിൽ സഹായങ്ങളും വിവരങ്ങളുമെത്തിക്കാൻ എംബസി ഒരുക്കിയ ഹെല്‍പ് ലൈൻ ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അതേസമയം, കുവൈത്തില്‍ മരിച്ച നാലു മലയാളികളുടെ സംസ്കാരം ഇന്ന് നടക്കും. പന്തളം സ്വദേശി ആകാശ് നായരുടെ സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് വീട്ടുവളപ്പില്‍ നടക്കും. രാവിലെ 11 മണിക്കാണ് പൊതുദർശനം. കൊല്ലം വെളിച്ചിക്കാല സ്വദേശി ലൂക്കോസിന്റെയും പുനലൂര്‍ സ്വദേശി സാജന്‍ ജോര്‍ജിന്റേയും കണ്ണൂര്‍ കുറുവയിലെ അനീഷ്കുമാറിന്‍റെയും സംസ്കാരം 12 മണിയോടെ നടക്കും.
പായിപ്പാട് സ്വദേശി ഷിബു വർഗീസ്, തിരുവല്ല സ്വദേശി തോമസ് സി.ഉമ്മന്‍, ഇത്തിത്താനം സ്വദേശി ശ്രീഹരി എന്നിവരുടെ സംസ്കാരം നാളെയാണ്. കോന്നി സ്വദേശി സജു വർഗീസ്, കീഴ്‍വായ്പൂർ സ്വദേശി സിബിൻ എബ്രഹാം, പാണ്ടനാട് സ്വദേശി മാത്യു തോമസ് എന്നിവരുടെ സംസ്കാരം തിങ്കളാഴ്ചയാണ്. കുവൈത്തില്‍ തീപിടിത്തത്തിൽ മരിച്ച പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബുവിന്റെ സംസ്കാരവും തിങ്കളാഴ്ച നടക്കും.