TOPICS COVERED

കുവൈത്തിൽ നീണ്ട ഒരിടവേളക്ക് ശേഷം ഗാർഹിക തൊഴിലാളികൾക്ക് തൊഴിൽ വീസയിലേക്ക് മാറാൻ അവസരം. ഗാർഹിക വീസ തൊഴിൽ വീസയിലേക്ക് മാറുന്നതിന് നിലവിലുള്ള നിരോധനം രണ്ട് മാസത്തേക്ക് നീക്കാൻ ആഭ്യന്തരമന്ത്രി നിർദേശം നൽകി. മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക് ഏറെ ഗുണം ചെയ്യുന്നതാണ് നടപടി.

കുവൈത്ത് ആഭ്യന്തര പ്രതിരോധ മന്ത്രിയും ഉപ പ്രധാനമന്ത്രിയുമായ  ഷെയ്ഖ് ഫഹദ്  അൽ യൂസുഫിന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന മാൻ പവർ അതൊറിറ്റിയുടെ പ്രത്യേക യോഗത്തിലാണ് ഗാ‍ർഹിക വീസ തൊഴിൽ വീസയിലേക്ക് മാറ്റുന്നതിലെ നിരോധം നീക്കാൻ  ധാരണയായത്. നിലവിലുള്ള നിരോധനം രണ്ട് മാസത്തേക്ക് നീക്കാനുള്ള കരട് തയ്യാറാക്കാൻ പബ്ലിക്ക് അതോറിറ്റി ഫോർ മാൻ പവറിന് ഷെയ്ഖ് ഫഹദ് നിർദേശം നൽകി. 

നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതോടെ ഗാർഹിക വീസ തൊഴിൽ വിസയിലേക്ക് മാറ്റാൻ കഴിയും. കുവൈത്തിലെ സ്വകാര്യ തൊഴിൽ മേഖലയിൽ അനുഭവപ്പെടുന്ന ജീവനക്കാരുടെ കുറവ് നികത്തുന്നതിനു കുവൈത്തിൽ നിന്ന് തന്നെ ആളുകളെ കണ്ടെത്തുന്നതിന്റെ ഭാഗമാണ്  നീക്കം. നിലവിലെ നിയമ പ്രകാരം ഗാർഹിക തൊഴിലാളികളുടെ 20 നമ്പർ വീസ തൊഴിൽ വീസ 18 ലേക്ക് മാറ്റാൻ അനുവദിക്കുന്നില്ല. ഈ വിലക്ക് മാറ്റുന്നതിലൂടെ അർഹരായ ഗാർഹിക തൊഴിലാളികൾക്ക് സ്വകാര്യ കമ്പനികളിലും സ്ഥാപനങ്ങളിലും ജോലി ചെയ്യാനാകും. മലയാളികൾ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. രണ്ട് മാസത്തേക്ക് മാത്രമായിരിക്കും ആനുകൂല്യമെന്നാണ് സൂചന.

ENGLISH SUMMARY:

New rules for Kuwait visas