ഒന്‍പത് വയസില്‍ പെണ്‍കുട്ടികളെ വിവാഹം കഴിച്ചുവിടുക. ആലോചിക്കാന്‍ കൂടി കഴിയുമോ? ഇറാഖില്‍ അതിനുവേണ്ടി നിയമം വരുന്നു. മതത്തിന്റെ വേലിക്കെട്ടുകള്‍ മറയാക്കി, വിചിത്രവാദങ്ങള്‍ ഉയര്‍ത്തിയുള്ള നീക്കം. പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് ഒന്‍പതാക്കി കുറയ്ക്കുന്ന ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകഴിഞ്ഞു. വ്യക്തിനിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ അവതരിപ്പിച്ച വകുപ്പിന്റെ പേരാണ് വിചിത്രം, നീതിന്യായ വകുപ്പ്! പെൺകുട്ടികളെ 'അധാർമിക’ ബന്ധങ്ങളില്‍ നിന്ന് സംരക്ഷിക്കാനാാണ് വിവാഹപ്രായം ഒന്‍പതാക്കുന്നതെന്നാണ് പുതിയ നിയമത്തിന് ഭരണകൂടം നല്‍കുന്ന ന്യായീകരണം. ഒരു ജനതയെ പ്രാകൃത കാലത്തേക്ക് തിരിച്ചുനടത്തുന്ന, പെണ്‍കുട്ടികളോടുള്ള നീചമായ നീതികേടെന്ന് വിശേഷിപ്പിക്കാവുന്ന ഈ നീക്കത്തിനെതിരെ ഇറാഖിനുള്ളില്‍ വലിയ പ്രക്ഷോഭം ഉയരുകയാണ്.
രാജ്യാന്തര മനുഷ്യാവകാശ പ്രസ്ഥാനങ്ങളും ഏജന്‍സികളുമെല്ലാം വലിയ ആശങ്ക പ്രകടിപ്പിച്ച് രംഗത്തുവന്നുകഴിഞ്ഞു. ഭേദഗതി ബിൽ ഇറാഖ് പാർലമെന്റ് പാസാക്കിയാൽ 15 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്മാര്‍ക്ക് 9 വയസ് മുതല്‍ പ്രായമുള്ള പെണ്‍കുട്ടികളെ നിയമപരമായി വിവാഹം ചെയ്യാന്‍ കഴിയും. കുടുംബപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പൗരൻമാർക്ക് മതാധികാരികളെയോ നീതിന്യായ വ്യവസ്ഥയെയോ സമീപിക്കാമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.
1959-ൽ ഖാസിം സര്‍ക്കാര്‍ നടപ്പിലാക്കിയ വ്യക്തിനിയമത്തിലാണ് ഭേദഗതി വരുന്നത്. ഇറാഖിലെ രാജവാഴ്ചയുടെ പതനത്തിനു ശേഷമാണ് ഈ നിയമം പ്രാബല്യത്തില്‍ വന്നത്. ഇതോടെ കുടുംബ വ്യവസ്ഥകളുടെ അധികാരം മതാധികാരികളില്‍ നിന്ന് രാജ്യത്തിന്റെ നിയമവ്യവസ്ഥയുടെ കീഴിലേക്ക് മാറുകയായിരുന്നു. ഈ നിയമം ഭേദഗതി ചെയ്യുന്നതിലൂടെ കോടതികൾക്ക് പകരം വിവാഹ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മതമേലധികാരികള്‍ക്ക് കഴിയും.
ആറാമത്തെ ഷിയ ഇമാം ജാഫർ അൽ സാദിഖിന്റെ പേരിലുള്ള ജഅ്ഫാരി നിയമ വ്യവസ്ഥയെ അടിസ്ഥാനമാക്കിയാണ് കരട് ബിൽ തയ്യാറാക്കിയിരിക്കുന്നത്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കൽ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. ഇറാഖ് പാർലമെന്റിലെ യാഥാസ്ഥിതിക ഷിയാ ഇസ്ലാമിസ്റ്റ് പാർട്ടികളുടെ കൂട്ടായ്മയാണ് ഭേദഗതി നീക്കത്തിനുപിന്നില്‍. പാര്‍ലമെന്റില്‍ ഏറ്റവും അംഗബലമുള്ളത് ഇവര്‍ക്കാണ്. എംപി റെയ്ദ് അൽ മാലിക്കിയാണ് കരട് ബിൽ സഭയില്‍ അവതരിപ്പിച്ചത്.
വിവാഹ പ്രായം കുറയ്ക്കുന്ന ബിൽ കഴിഞ്ഞ ജൂലൈയിൽ കൊണ്ടുവന്നിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. എന്നാൽ ഷിയ ഗ്രൂപ്പുകളുടെ പിന്തുണ ലഭിച്ചതോടെയാണ് ഈമാസം നാലിന് ബിൽ വീണ്ടും സഭയിലെത്തിയത്. ഇറാഖില്‍ ശൈശവ വിവാഹം അസാധാരണമല്ല. യൂണിസെഫിന്റെ കണക്കുപ്രകാരം ഇറാഖിലെ 28 ശതമാനം പെണ്‍കുട്ടികളും 18 വയസ്സിന് മുമ്പ് വിവാഹിതരായവരാണ്. എന്നാല്‍ ശൈശവവിവാഹത്തിന് നിയമസാധുത നല്‍കുന്നതോടെ സ്ഥിതി വീണ്ടും വഷളായേക്കും. രാജ്യത്തിനകത്തെ പ്രതിഷേധങ്ങളിലും മുഴങ്ങിക്കേള്‍ക്കുന്നത് ഈ ആശങ്കയാണ്.
പുതിയ ബിൽ നിയമമായാൽ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, ക്ഷേമം എന്നിവയെ ഗുരുതരമായി ബാധിക്കുമെന്ന് വനിതാ കൂട്ടായ്മകളും സാമൂഹികപ്രവര്‍ത്തകരും മനുഷ്യാവകാശ സംഘടനകളും മുന്നറിയിപ്പുനല്‍കുന്നു.
സ്ത്രീകളുടെ അവകാശങ്ങളും ലിംഗസമത്വവും ഉറപ്പുവരുത്താന്‍ പതിറ്റാണ്ടുകളായി നടത്തി വരുന്ന പരിശ്രമങ്ങളെയും പരിപാടികളെയും ഒറ്റയടിക്ക് റദ്ദ് ചെയ്യുന്നതാണ് ഇറാഖിന്റെ നീക്കമെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. ബില്ലുമായി മുന്നോട്ടുപോകരുതെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് ഗവേഷക സാറാ സന്‍ബര്‍ ആവശ്യപ്പെടുന്നു.ഇറാഖ് വിമന്‍സ് നെറ്റ്‍വര്‍ക്കിലെ അമന്‍ കബാഷി ഉള്‍പ്പെടെയുള്ളവരും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ച് രംഗത്ത് വന്നിട്ടുണ്ട്.
മതത്തിന്റെ ആത്യന്തികലക്ഷ്യം മനുഷ്യനന്മയും ദൈവചിന്തയുമാണെങ്കില്‍ എങ്ങനെയാണ് ഇത്തരമൊരു നീക്കം പ്രോല്‍സാഹിപ്പിക്കാന്‍ കഴിയുക എന്ന് അവര്‍ ചോദിക്കുന്നു. ലോകമെങ്ങും തീവ്രയാഥാസ്ഥിതികര്‍ പിടിമുറുക്കുന്ന കാലഘട്ടത്തില്‍, സ്ത്രീകള്‍ക്ക് എന്തെങ്കിലും അവകാശങ്ങള്‍ അവശേഷിക്കുന്ന ചുരുക്കം ഇടങ്ങള്‍ കൂടി ചുരുങ്ങിപ്പോകുന്നത് അങ്ങേയറ്റം വേദനയുണ്ടാക്കുന്നതാണ് എന്നുമാത്രമേ പറയാനുള്ളു