യസീദി കുഞ്ഞുങ്ങളുടെ മാസം ഭക്ഷിക്കേണ്ടിവന്ന ഗതികേടിനെക്കുറിച്ച് ലോകത്തോട് വിളിച്ചുപറയുകയാണ് ഐ.എസ്.ഐ.എസിന്‍റെ പിടിയില്‍ നിന്ന് മോചിതയായ ഫൗസിയ സിദോ എന്ന യുവതി. ജീവിതത്തില്‍ താന്‍ നേരിട്ട ആ ഇരുണ്ട കാലത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഫൗസിയയുടെ നെഞ്ചുപൊള്ളുകയാണ്.
ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരര്‍ യസീദികളോടുചെയ്ത മനസ്സ് മരവിപ്പിക്കുന്ന ക്രൂരതകളുടെ നേര്‍സാക്ഷ്യം ലോകത്തോട് വിളിച്ചു പറയുകയാണ് ഫൗസിയ. ഭീകരര്‍ ബന്ദികളാക്കി കൊണ്ടുപോയതുമുതലുള്ള വിവരണം ഉള്ളുപൊള്ളിയല്ലാതെ കേട്ടിരിക്കാനാവില്ല. ‘ഇറാഖിലെ സിന്‍ജര്‍ മുതല്‍ തല്‍–അഫര്‍ വരെ മൂന്നുനാലുദിവസം നീണ്ട യാത്ര. യാത്രയിലുടനീളം പച്ചവെള്ളം പോലും കിട്ടിയില്ല. വിശന്നുപൊരിഞ്ഞ ഞങ്ങള്‍ക്ക് അവര്‍ അവസാനം ചോറും ഇറച്ചിയും നല്‍കി. ആ ഇറച്ചിക്ക് വല്ലാത്തൊരു ചുവയായിരുന്നു. അത് കഴിച്ചശേഷം പലര്‍ക്കും വയറുവേദന അനുഭവപ്പെട്ടു. എന്നാല്‍ അവര്‍ നിര്‍ബന്ധിച്ച് കഴിപ്പിച്ചു.
‘ഭക്ഷണം കഴിച്ചശേഷമാണ് അവര്‍ പറഞ്ഞത്, നിങ്ങള്‍ കഴിച്ചത് യസീദി കുഞ്ഞുങ്ങളുടെ മാംസമാണെന്ന്. അത് തെളിയിക്കാന്‍ അവര്‍ ചില ചിത്രങ്ങള്‍ കാട്ടി. തലയില്ലാത്ത കുഞ്ഞുങ്ങളുടെ ശരീരമായിരുന്നു ചിത്രങ്ങളില്‍. ഈ കുഞ്ഞുങ്ങളെയാണ് നിങ്ങള്‍ കഴിച്ചതെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞു. തൊട്ടുപിന്നാലെ സംഘത്തിലുണ്ടായിരുന്ന ഒരു സ്ത്രീ കുഴഞ്ഞുവീണ് മരിച്ചു. ആ ചിത്രങ്ങളില്‍ കണ്ട കുഞ്ഞുങ്ങളുടെ അമ്മമാരും എനിക്കൊപ്പമുണ്ടായിരുന്നു. തലയില്ലാത്ത കുഞ്ഞിന്‍റെ ചിത്രം കണ്ട് ഒരമ്മ അത് തന്‍റെ കുഞ്ഞാണെന്ന് തിരിച്ചറിഞ്ഞു. കൈ കണ്ടിട്ടായിരുന്നു അത്.’
ഇത്തരം നടുക്കുന്ന ഒട്ടേറെക്കാര്യങ്ങള്‍ ഫൗസിയ വെളിപ്പെടുത്തി. 2014ല്‍ ഒന്‍പതു വയസ്സുള്ളപ്പോഴാണ് ഫൗസിയയും രണ്ട് സഹോദരങ്ങളും ഐഎസ് പിടിയിലകപ്പെട്ടത്. പത്താം വയസ്സില്‍ അവള്‍ അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടു. യസീദി പെണ്ണുങ്ങളെ ഐഎസ്ഐഎസ് ഭീകരര്‍ ലൈംഗിക അടിമകളാക്കി. അക്കൂട്ടത്തില്‍പെട്ടുപോയ ഫൗസിയയെ പതിനാറ് വയസ്സ് തികയും മുന്‍പ് ഒരു ഭീകരന്‍ വിവാഹം കഴിച്ചു. അയാള്‍ അവളെ അതിക്രൂരമായ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയയാക്കി.
ആ ബന്ധത്തില്‍ രണ്ടു മക്കള്‍ ജനിച്ചു. വര്‍ഷങ്ങള്‍ നീണ്ട ആ നരകയാതന അവസാനിച്ചത് ഇസ്രയേലി ഡിഫന്‍സ് ഫോഴ്സസ് യു.എസ് ആര്‍മിയുമായി ചേര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ്. ഗാസയില്‍ കഴിഞ്ഞ വര്‍ഷം നടന്ന സൈനിക നടപടിയെത്തുടര്‍ന്ന് ഫൗസിയ പുറംലോകത്തെത്തി. എന്നാല്‍ ഫൗസിയയുടെ മക്കള്‍ ഇപ്പോഴും ആ ഐഎസ് ഭീകരനൊപ്പമാണ്.