TOPICS COVERED

ഭക്ഷ്യമേഖലയിൽ 2030നകം 20,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ യുഎഇ. ആഭ്യന്തര ഉദ്പാദന വളർച്ചയിൽ ഭക്ഷ്യമേഖലയുടെ സംഭാവന 10 ബില്യൺ ഡോളർ ആയി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും യുഎഇ വ്യക്തമാക്കി. യുഎഇ ഫുഡ് ആൻഡ് ബിവറേജ് ബിസിനസ് ഗ്രൂപ്പ് സംഘടിപ്പിച്ച ദ്വിദിന പരിപാടിയിലാണ് ഭക്ഷ്യമേഖലയിലെ ഭാവി പദ്ധതികൾ രാജ്യം വ്യക്തമാക്കിയത്. 

നിലവിൽ 90 ശതമാനം ഭക്ഷ്യ ഉൽപന്നങ്ങളും രാജ്യം ഇറക്കുമതി ചെയ്യുകയാണ്. 2050 ആകുമ്പോഴേക്കും ഇത് അൻപത് ശതമാനമായി കുറയ്ക്കും. 2030നകം മേഖലയിൽ ഇരുപതിനായിരം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കും. ഇതുവഴി ജിഡിപിയിൽ ഭക്ഷ്യമേഖലയുടെ സംഭാവന 10 ബില്യൻ ഡോളർ ആയി വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സാമ്പത്തിക മന്ത്രി അബ്ദുല്ല ബിൻ തൗഖ് അൽ മർറി പറഞ്ഞു. 2007-ൽ ആഗോള ഭക്ഷ്യപ്രതിസന്ധി ഉണ്ടായത്  മുതൽ ഭക്ഷ്യസുരക്ഷയ്ക്ക് വലിയ മുൻഗണനയാണ് യുഎഇ നൽകിവരുന്നത്. 

ആഭ്യന്തര ഉൽപാദനമേഖലയിൽ കൈവരിച്ച നേട്ടത്തിൽ  അഭിമാനമുണ്ടെന്നും മന്ത്രി അറിയിച്ചു. താമസക്കാർക്ക് സുസ്ഥിരമായ ഭക്ഷ്യവിതരണം ഉറപ്പാക്കുന്നതിനായി  ഭക്ഷ്യസുരക്ഷയിൽ വൻതോതിൽ നിക്ഷേപം നടത്തുന്നുമുണ്ട് യുഎഇ.  2023-ൽ രാജ്യം 23 ബില്യൻ  ഡോളർ വിലമതിക്കുന്ന ഭക്ഷ്യ ഉൽപന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. അതേസമയം ആ വർഷത്തെ ഭക്ഷ്യ കയറ്റുമതി 6.6 ബില്യൻ ഡോളറിലെത്തി.  2024ലിന്റെ  ആദ്യ പകുതിയിൽ ഭക്ഷ്യമേഖല മൊത്തം വ്യാപാരത്തിൽ 20 ശതമാനമാണ് വളർച്ച കൈവരിച്ചത്.

ഭക്ഷ്യ ഇറക്കുമതി 23 ശതമാനവും കയറ്റുമതി 19 ശതമാനവും വർധിച്ചു. 2029 ഓടെ ജിസിസി രാജ്യങ്ങളിൽ ഒട്ടാകെ ഭക്ഷ്യമേഖല 128 ബില്ല്യൺ ഡോളറിന്റെ വളർച്ച കൈവരിക്കുമെന്നാണ് വിലയിരുത്തൽ.

ENGLISH SUMMARY:

Imports will be reduced; 20,000 jobs to be created in Dubai's food sector.