ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല നേതാവ് ഹസന്‍ നസ്റല്ലയുടെ ചിത്രം ഉയര്‍ത്തിപ്പിടിച്ച് സ്ത്രീകള്‍. റോയിട്ടേഴ്‌സ് പുറത്തുവിട്ട ചിത്രമാണിത്. നസ്റല്ലയുടെ ഖബറടക്കം നാളെ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബെയ്റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുല്ലയുടെ എക്കാലത്തെയും പ്രധാന നേതാവായ നസ്റല്ല കൊല്ലപ്പെട്ടത്. നസ്റല്ലയുടെ കൊലപാതകത്തോടെ മേഖലയില്‍ യുദ്ധസമാനമായ സാഹചര്യം ഉടലെടുത്തിരിക്കുകയാണ്.
നസ്റല്ലയുടെ കൊലപാതകത്തിനു പിന്നാലെ ഡൗണ്‍ വിത് യു.എസ്, ഡൗണ്‍ വിത് ഇസ്രയേല്‍, റിവെഞ്ച് എന്നീ മുദ്രാവാക്യങ്ങളുമായി വലിയ തോതിലുളള പ്രക്ഷോഭമാണ് നടന്നത്. തുടര്‍ന്ന് വിഷയം ചര്‍ച്ച ചെയ്യാന്‍ സുരക്ഷാ കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കാന്‍ ഇറാന്‍ യുഎന്നിനോട് ആവശ്യപ്പെട്ടു. നസ്റല്ലയുടെ മരണത്തിനു പിന്നാലെ 5 ദിവസത്തെ ദുഖാചരണമായിരുന്നു ലെബനന്‍ പ്രഖ്യാപിച്ചത്. നസ്റല്ലയുടെ ഖബറടക്കം നാളെ നടക്കാനിരിക്കെ അദ്ദേഹത്തിന്റെ ചിത്രം ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന സ്ത്രീകളുടെയുള്‍പ്പടെ ദൃശ്യങ്ങള്‍ പുറത്തുവരുന്നുണ്ട്.
കഴിഞ്ഞ മൂന്ന് ദശാബ്ദമായി ഹിസ്ബുല്ലയുടെ ജീവവായുവായിരുന്നു ഹസൻ നസ്റല്ല. അയാളുടെ വിയോഗമുണ്ടാക്കുന്ന ശൂന്യത ഹിസ്ബുള്ളയ്ക്ക് വലിയ ആഘാതമാണ്. നീണ്ട 18 വർഷത്തെ അധിനിവേശത്തിന് അന്ത്യം കുറിച്ചുകൊണ്ട്, 2000 ൽ ഇസ്രയേലിനെ രാജ്യത്ത് നിന്ന് തുരത്തിയതിന്റെ മാസ്റ്റർ പ്ലാൻ നസ്റല്ലയുടേതായിരുന്നു. 2006ലെ യുദ്ധത്തിലും ഇസ്രയേലിനെതിരെ ഹിസ്ബുല്ല വിജയം നേടിയതോടെയാണ് നസ്റല്ല ഏറ്റവും സ്വാധീനശക്തിയുള്ള നേതാവായി മാറിയത്.
നസ്റല്ലയുടെ കൊലപാതകത്തിനു പിന്നാലെ വെസ്റ്റ്ബാങ്കിലെ പ്രാന്ത പ്രദേശങ്ങളിലും ഇസ്രയേലിലെ പല ഭാഗങ്ങളിലും സൈറണ്‍ മുഴങ്ങി. രാജ്യാന്തര അഭിപ്രായങ്ങളൊന്നും മാനിക്കാത തിങ്കളാഴ്ച രാത്രിയിലാണ് തെക്കന്‍ ലെബനനില്‍ കരയുദ്ധം ആരംഭിക്കുന്നതായി ഇസ്രയേല്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 46 പേര്‍ മരിക്കുകയും 85ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ലെബനന്‍ ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.