ലഹരി ഉപയോഗിക്കുന്നവരും ലഹരി വില്‍ക്കുന്നവരും തമ്മില്‍ വെറും കണ്‍സ്യൂമര്‍ ബന്ധമെന്ന് കരുതരുത്. അതാണ് പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചനകള്‍. ഉപയോഗിക്കുന്നവര്‍ തന്നെയാണ്, മിക്കയിടങ്ങളിലും പിടിയിലായ വില്‍പ്പനക്കാര്‍. അതായത് ലഹരി ഉപയോഗം അവരെ ലഹരിക്കച്ചവടത്തില്‍ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നുവെന്ന് ചുരുക്കം. അത് നയിക്കുന്നതാകട്ടെ ഗൗരവതരമായ കുറ്റകൃത്യങ്ങളിലേക്കും ആശങ്ക കൂട്ടുന്ന വാര്‍ത്തകളാണ് ചുറ്റും. അധികൃതര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. ലഹരിവേട്ട കൂടുതല്‍ ഊര്‍ജിതമാക്കിയതോടെ പിടിയിലാകുന്നവരുടെ എണ്ണവും കൂടി. എങ്കിലും ലഹരി കടത്ത് കുറഞ്ഞെന്നോ കൂടിയെന്നോ പറയാനാകില്ല.
പൊലീസോ എക്സൈസോ മാത്രമല്ല, സമൂഹം തന്നെ ഒന്നിച്ചിറങ്ങേണ്ടിയിരിക്കുന്നു. ലഹരി സൃഷ്ടിക്കുന്ന ഗുരുതരപ്രശ്നങ്ങള്‍ നിയമസഭയിലും ലോക്സഭയിലുമൊക്കെ സജീവചര്‍ച്ചയായിക്കഴിഞ്ഞു. കൂടുതല്‍ ഇടപടലുകള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പായും പ്രതീക്ഷിക്കാം. ലഹരിയുടെ വേര് അറുത്തേ മതിയാകൂ. അതില്‍ രാഷ്ട്രീയമില്ല, വരുംതലമുറയ്ക്കുകൂടിയുള്ള സന്ദേശമാണത്. സൈര്യമായി ജീവിക്കാനുള്ളഅവകാശവും. വിദ്യാര്‍ഥികളിലേക്കുള്‍പ്പെടെ ലഹരിയുടെ സൂചിമുന നീട്ടുന്നവര്‍ക്കെതിരെ ശക്തമായ നടപടി വേണം. ഉപയോഗിക്കുമ്പോള്‍, വില്‍ക്കാന്‍ തുനിയുമ്പോള്‍ അവരോര്‍ക്കണം, സമൂഹമൊന്നാകെ തങ്ങളെ പൂട്ടാന്‍ പിന്നാലെയുണ്ടെന്ന്.
കൊച്ചി തമ്മനം സ്വദേശി റോണി സക്കറിയ– നഗരത്തിലെ പ്രശസ്തമായ മാളിലെ സ്പോര്‍ട്സ് ഷോപ്പിലെ മാനേജര്‍. പകല്‍ മാളില്‍ ജോലി, രാത്രി ലഹരിക്കടത്തും വിതരണവും. ഇയാളെകുറിച്ച് വിവരം കിട്ടിയതോടെ എക്സൈസ് വല വിരിച്ചു. ദിവസങ്ങളോളം വട്ടംകറക്കിയെങ്കിലും നഗരത്തിലെ പ്രധാന വിതരണക്കാരില്‍ ഒരാളായ റോണിയെ ലഹരിമരുന്നുമായി എക്സൈസ് കയ്യോടെ പൊക്കി. രണ്ടര ഗ്രാം എംഡിഎംഎയും നാല്‍പത് ഗ്രാം കഞ്ചാവും റോണി സക്കറിയയുടെ കൈവശമുണ്ടായിരുന്നു. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിയത്. റോണിയില്‍ നിന്ന് ലഹരിമരുന്ന് വാങ്ങുന്നവരില്‍ ഏറെയും സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍. ഷോപ്പില്‍വച്ചും ഇയാള്‍ ലഹരിവില്‍പന നടത്തിയെന്ന് എക്സൈസ് സംശയിക്കുന്നുണ്ട്.
ദുരന്തകാലത്തെന്ന പോലെ ഒറ്റക്കെട്ടായി ഇറങ്ങേണ്ട സമയമാണിത്. ലഹരി മൂത്ത് എന്തും ചെയ്യുന്ന ആളുകളുടെ എണ്ണം ഭീകരമായ തോതില്‍ വര്‍ധിക്കുകയാണ്. അവരെ നിയന്ത്രിക്കേണ്ടതുണ്ട്. ഇപ്പോള്‍, ഏറ്റവുമൊടുവില്‍ വരുന്ന വാര്‍ത്ത പെരുമ്പാവൂരില്‍നിന്നാണ്. അവിടെ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു. മദ്യലഹരിയില്‍ മകന്റെ ചവിട്ടേറ്റു മരിക്കാന്‍ വിധിക്കപ്പെട്ടത് ചേലാമറ്റം സ്വദേശി ജോണിനാണ്. ചവിട്ടിക്കൊന്നത് മകന്‍ മെല്‍ജോയും. ലഹരിക്കെതിരെ തുറന്നപോരാട്ടം അനിവാര്യമായ സമയം. ഇല്ലെങ്കില്‍ ലഹരിയുടെ ചവിട്ടേറ്റ് നാടിന്റെ ക്രമസമാധാനം അന്ത്യശ്വാസം വലിക്കുന്ന കാലം വിദൂരമല്ല.