പ്രതീകാത്മക ചിത്രം : Meta AI
ടാന്‍സാനിയയിലേക്ക് സെക്യൂരിറ്റി ഗാര്‍ഡ്, സ്റ്റോര്‍ കീപ്പര്‍, ലൈറ്റ്/ഹെവി ഡ്രൈവര്‍മാര്‍ തുടങ്ങിയ ജോലികള്‍ക്ക് ആളെ തേടുന്ന പരസ്യങ്ങള്‍ പതിവാണ്. പ്രതിമാസം 1500 ഡോളറിന് മുകളില്‍ ശമ്പളം വാഗ്ദാനം ചെയ്താണ് അപേക്ഷ ക്ഷണിക്കുന്നത്. ഒട്ടേറെ മലയാളികള്‍ ഈ കെണിയില്‍പ്പെടുന്നുമുണ്ട്. പ്രോസസിങ് പൂര്‍ത്തിയായി വീസ കൈയില്‍ക്കിട്ടിയശേഷം പണം നല്‍കിയാല്‍ മതി എന്നതാണ് പ്രധാന ആകര്‍ഷണം.
ഏജന്‍സിയെ സമീപിച്ചാല്‍ വീസ പ്രോസസിങ്ങിന് 15,000 മുതല്‍ 25,000 രൂപവരെ വാങ്ങും. ദിവസങ്ങള്‍ക്കുശേഷം ഏജന്‍സിയില്‍ നിന്ന് അറിയിപ്പ് ലഭിക്കും. പ്രോസസിങ് ഫെയില്‍ഡ്! വീസ ഇല്ലെന്ന് ചുരുക്കം. അതിന് ആര്‍ക്കും മനസിലാകാത്ത ചില കാരണങ്ങളും നിരത്തും. പ്രോസസിങിന് നല്‍കിയ തുക സാധാരണ തിരിച്ചുകിട്ടാറില്ല. വീസയ്ക്കുള്ള വന്‍ തുക നഷ്ടപ്പെട്ടില്ലല്ലോ എന്ന ആശ്വാസത്തില്‍ ഉദ്യോഗാര്‍ഥികള്‍ പിന്നീട് ആ വഴി പോകില്ല. ആരെങ്കിലും പരാതിയുമായി മുന്നോട്ടുപോയാല്‍ അയാള്‍ക്ക് തുക മടക്കിനല്‍കും. എങ്ങനെ നോക്കിയാലും ഏജന്‍സികള്‍ക്ക് ലാഭം മാത്രമാണെന്ന് തട്ടിപ്പിനിരയായവര്‍ പറയുന്നു.
അത്ര ഈസി അല്ല ടാന്‍സാനിയയിലെ ജോലി: കായികശേഷി ആവശ്യമുള്ളതും അധികം ബൗദ്ധികശേഷി ആവശ്യമില്ലാത്തതുമായ ജോലികള്‍ സ്വന്തം പൗരന്‍മാര്‍ക്ക് തന്നെ നല്‍കണമെന്നതാണ് ടാന്‍സാനിയയിലെ നിയമം. അതായത് സെക്യൂരിറ്റി ഗാര്‍ഡ്, ഹെല്‍പ്പര്‍, ഡ്രൈവര്‍ തുടങ്ങിയ തസ്തികകളില്‍ രാജ്യത്തിന് പുറത്തുനിന്നുള്ളവരെ നിയമിക്കില്ലെന്ന് ചുരുക്കം. തുച്ഛമായ ശമ്പളത്തില്‍ ഈ ജോലികള്‍ ചെയ്യാന്‍ ടാന്‍സാനിയക്കാര്‍ തന്നെ ധാരാളമുണ്ട്. അതിനാല്‍ ഈ ജോലികള്‍ക്ക് വീസയും ലഭിക്കില്ല. ഇല്ലാത്ത വീസയ്ക്കാണ് ഏജന്‍സികള്‍ പ്രോസസിങ് ഫീ വാങ്ങി ഉദ്യോഗാര്‍ഥികളെ പറ്റിക്കുന്നത്.
ടാന്‍സാനിയന്‍ മലയാളികളുടെ മുന്നറിയിപ്പ്: ചില മലയാളികള്‍ സോഷ്യല്‍ മീഡിയയിലൂടെ തട്ടിപ്പിനിരയായ അനുഭവങ്ങള്‍ പങ്കുവച്ചതോടെയാണ് ഇതിന്‍റെ വ്യാപ്തി മനസിലായതെന്ന് ടാന്‍സാനിയയിലെ മലയാളി കൂട്ടായ്മയായ കലാമണ്ഡലം കമ്മിറ്റി ട്രഷറര്‍ ജേക്കബ് തിരുപുരത്ത് പറയുന്നു. ടാന്‍സാനിയയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറുടെ ശ്രദ്ധയില്‍ വിഷയം എത്തിച്ചിട്ടുണ്ട്. ഇടപെടാമെന്ന് ഹൈക്കമ്മിഷണര്‍ ഉറപ്പുനല്‍കിയെന്നും അദ്ദേഹം പറയുന്നു. വീസയ്ക്ക് പണം നല്‍കുന്നതിന് മുന്‍പ് കൃത്യമായ അന്വേഷണം നടത്തി സത്യാവസ്ഥ മനസിലാക്കണമെന്നും തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്നും ടാന്‍സാനിയയിലെ മലയാളികള്‍ മുന്നറിയിപ്പ് നല്‍കുന്നു.