ചികില്‍സയ്ക്കെത്തിയ മൂന്നു സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഇന്ത്യന്‍ വംശജനായ ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി. ഇംഗ്ലണ്ടിലെ ഹാവന്‍റിലെ സ്റ്റാന്‍റണ്‍ സര്‍ജറി ആശുപത്രിയിലെ ജനറല്‍ പ്രാക്ടീഷണറായിരുന്ന മോഹൻ ബാബുവിനെയാണ്  ഇംഗ്ലണ്ടിലെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയെ വ്യവസ്ഥകളോടെ ജാമ്യത്തിൽ വിട്ടതായും ഏപ്രില്‍ 12 ന് ശിക്ഷ വിധിക്കുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 

ഒരു അർബുദ രോഗിയടക്കം ചികിത്സയ്‌ക്കെത്തിയ മൂന്ന് സ്ത്രീകളെയാണ് 47കാരനായ ഡോക്ടര്‍ ലൈംഗികമായി ഉപദ്രവിച്ചത്. പത്തൊമ്പതുകാരിയും പീഡിപ്പിക്കപ്പെട്ട രോഗികളില്‍ ഉള്‍പ്പെടുന്നു. 2019 സെപ്റ്റംബറിനും 2021 ജൂലൈക്കും ഇടയിലുള്ള കാലയളവില്‍ പ്രതി ജോലി ചെയ്തിരുന്ന ആശുപത്രിയില്‍ വച്ചാണ്  പീഡനം നടന്നതെന്നും കോടതി കണ്ടെത്തി. 

രോഗികളെ അനാവശ്യനായി സ്പര്‍ശിക്കുകയും മോശം രീതിയില്‍ അവരോട് സംസാരിക്കുകയും ചെയ്തെന്നു കാട്ടി വിചാരണ കാലയളവില്‍ പ്രതിക്കെതിരെ വേറെയും നിരവധി പരാതികള്‍ ലഭിച്ചിരുന്നു. മോഹൻ ബാബുവിന്‍റെ ഭാര്യയും ഇതേ ആശുപത്രിയില്‍ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യയുടെ ശുപാര്‍ശ പ്രകാരം 2018 ഏപ്രിലിലാണ് ഇയാൾ ജോലിയില്‍ പ്രവേശിക്കുന്നത്. 2019 ആഗസ്റ്റിലാണ് ആദ്യത്തെ പരാതി ലഭിക്കുന്നത്. തുടര്‍ന്ന് നിരവധി പരാതികള്‍ ലഭിച്ചു. സ്വഭാവദൂഷ്യത്തിന്‍റെ പേരില്‍ നിരവധി തവണ അധികൃതർ ഇയാൾക്ക് താക്കീത് നല്‍കിയിരുന്നു.

ആവശ്യമില്ലാത്ത ടെസ്റ്റുകൾ രോഗികളെ കൊണ്ട് ചെയ്യിപ്പിച്ചതായും രോഗികളെ പല രീതിയില്‍ ഉപദ്രവിച്ചിരുന്നതായും ബാബുവിനെതിരെ ആരോപണമുണ്ട്. നിരവധി പരാതികള്‍ ഉയര്‍ന്നതോടെ 2021 ജൂലൈയില്‍ പ്രതിയെ ജോലിയിൽനിന്ന് പുറത്താക്കിയിരുന്നു . മറ്റു സ്ത്രീകളുടെ പരാതിയില്‍ ക്രിമിനല്‍ നടപടികള്‍ ആരംഭിച്ചിട്ടില്ല. 

 

Court finds Indian-origin doctor guilty in sexual harassment case