ഇംഗ്ലണ്ടില്‍ ഏറ്റവും ജനപ്രിയമായി പേരായി മാറി മുഹമ്മദ്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്‍റെ ഡാറ്റ പ്രകാരം 2023 ല്‍ മുഹമ്മദ് എന്ന പേരിലാണ് ഏറ്റവും കൂടുതല്‍ ആണ്‍കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്തത്. ആദ്യമായാണ് ഇംഗ്ലണ്ടില്‍ മുഹമ്മദ് എന്ന പേര് ഒന്നാം സ്ഥാനത്തേക്ക് എത്തുന്നത്. 2016 മുതല്‍ രാജ്യത്തെ ജനപ്രിയമായ പേരുകളിലൊന്നാണ് ഇത്. നൂഹ് എന്ന പേരിനെ മറികടന്നാണ് മുഹമ്മദ് ഒന്നാമതായത്. ഒലിവര്‍ എന്ന പേരാണ് മൂന്നാമത്.
പെണ്‍കുട്ടികള്‍ക്കിടയില്‍ ഒലിവിയ എന്ന പേരിനോടാണ് താല്‍പര്യം. എട്ടാം വര്‍ഷമാണ് ഒലിവിയ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. അമേലിയ, ഇസ്‍ല എന്നി പേരുകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ജനന രജിസ്ട്രേഷനിൽ നൽകിയിരിക്കുന്ന പേരുകളുടെ കൃത്യമായ സ്പെല്ലിങ് ഉപയോഗിച്ചാണ് റാങ്കിംഗ്. വ്യത്യസ്ത സ്പെല്ലിങുള്ള സമാന പേരുകൾ പ്രത്യേകം കണക്കാക്കുന്നുണ്ട്.
മുഹമ്മദ് എന്ന പേരിന്‍റെ വിവിധ സ്പെല്ലിങുകള്‍ കഴിഞ്ഞ വര്‍ഷം ആദ്യ 100 പേരുകളിലുണ്ടായിരുന്നു. 2023 ല്‍ Muhammads എന്ന പേരുള്ള 4,661 കുട്ടികളുടെ ജനനമാണ് രജിസ്റ്റര്‍ ചെയ്തത്. 2022 നെ അപേക്ഷിച്ച് 4177 അധിക രജിസ്ട്രേഷനാണ് ഈ പേരിന് ലഭിച്ചത്. 28 മതുള്ള Mohammed എന്ന പേരില്‍ 1601 രജിസ്ട്രേഷന്‍ നടന്നു. 835 പേരുടെ രജിസ്ട്രേഷനുമായി Mohammad എന്ന പേര് 68 ാം സ്ഥാനത്താണ്. 4,382 ആണ്‍കുട്ടികള്‍ക്കാണ് 2023 ല്‍ നൂഹ് എന്ന പേരിട്ടത്.
ഇംഗ്ലണ്ടിലെ ഒമ്പത് റീജിയണില്‍ നാലിലും ഏറ്റവും പ്രചാരമുള്ള ആൺകുട്ടികളുടെ പേരാണ് മുഹമ്മദ്. അഞ്ച് റീജിയണുകളില്‍ ഏറ്റവും പ്രചാരമുള്ള പെൺകുട്ടികളുടെ പേര് ഒലീവിയയാണ്. ഇംഗ്ലണ്ടിലെ പേരുകളില്‍ പോപ്പ് കള്‍ച്ചര്‍ തുടരുന്നതായാണ് ഡാറ്റ കാണിക്കുന്നത്. മ്യൂസിക് താരങ്ങളുടെ പേരായ ബില്ലി, ലാന, മൈലി, റിഹാന എന്നി പേരുകള്‍ പെൺകുട്ടികൾക്ക് ഉപയോഗിക്കുന്നുണ്ട്. ആൺകുട്ടികൾക്ക് കെൻഡ്രിക്ക്, എൽട്ടൺ എന്നി പേരുകളിടുന്നതും ട്രെന്‍ഡാണ്.
അതേസമയം റോയല്‍ പേരുകളില്‍ ജനങ്ങള്‍ക്ക് താല്‍പര്യ കുറയുന്നു എന്നാണ് കണക്ക്. ജോര്‍ജ് എന്ന പേരില്‍ 3,494 കുട്ടിളാണ് 2023 ല്‍ രജിസ്റ്റര്‍ ചെയ്തത്. നാലാം സ്ഥാനമാണ് ഈ പേരിനുള്ളത്. പത്തു വര്‍ഷത്തിനിടെ ആദ്യമായാണ് ജോര്‍ജ് എന്ന പേരില്‍ 4,000 ത്തില്‍ താഴെ രജിസ്ട്രേഷന്‍ വരുന്നത്. വില്യം 29-ാം സ്ഥാനവും ലൂയിസ് 45-ാംസ്ഥാനത്തുമാണ്.