യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍– ഡോണള്‍ഡ് ട്രംപ് പോരാട്ടത്തിന് വഴിതുറക്കുന്നു. സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടന്ന സൂപ്പര്‍ ട്യൂസ്ഡെ പ്രൈമറികളില്‍ ഇരുവരും വന്‍ വിജയം നേടി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

2020 ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പ് പോരാട്ടം 2024 ലും ആവര്‍ത്തിക്കുമെന്ന സൂചനയാണ് സൂപ്പര്‍ ട്യൂസ്ഡെ ഫലങ്ങള്‍ നല്‍കുന്നത്. 15 സംസ്ഥാനങ്ങളില്‍ നടന്ന പ്രൈമറികളില്‍ 14 ഇടത്തും ഡെമോക്രാറ്റുകള്‍ ബൈഡനെ പിന്തുണച്ചു. പോസ്റ്റല്‍ വോട്ട് നടന്ന അയോവയിലും ബൈഡനാണ് മുന്നില്‍. 12 സംസ്ഥാനങ്ങളില്‍ വ്യക്തമായ ആധിപത്യവുമായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം ഡോണള്‍ഡ് ട്രംപും ഏറെക്കുറെ ഉറപ്പിച്ചു. അതേസമയം വെര്‍മോണ്ടില്‍ ട്രംപിന്‍റെ എതിരാളിയും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെ അപ്രതീക്ഷിത ജയം സ്വന്തമാക്കി. പ്രൈമറികളില്‍ ലഭിക്കുന്ന വോട്ടിന്‍റെ അടിസ്ഥാനത്തില്‍ സ്ഥാനാര്‍ഥികള്‍ക്ക് ഡെലിഗേറ്റുകളെ ലഭിക്കും. ഓരോ പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടെടുപ്പില്‍ ഈ ഡെലിഗേറ്റുകളാണ് പങ്കെടുക്കുക.  2024 ല്‍ വിജയം ഉറപ്പാണെന്ന് ബൈഡന്‍ പറഞ്ഞപ്പോള്‍ മനോഹരമായ ദിവസം എന്നായിരുന്നു ട്രംപിന്‍റെ പ്രതികരണം. ബൈഡനെതിരെ ട്രംപ് ആഞ്ഞടിക്കുകയും ചെയ്തു. രാജ്യം കണ്ട ഏറ്റവും മോശം പ്രസിഡന്‍റ് എന്നാണ് ട്രംപ് ബൈഡനെ വിശേഷിപ്പിച്ചത്. നവംബറിലാണ് യുഎസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പ്.