chinese-wedding

സൈബറിടത്ത് ഒരു കല്യാണ വിശേഷം വൈറലാകുകയാണ്. അനന്ത് അംബാനിയുടെ കല്യാണകാര്യങ്ങള്‍ മാസങ്ങളായി ട്രെന്‍ഡിങ് ലിസ്റ്റിലിരിക്കെ 'ചൈനയിലെ അംബാനി കല്യാണം' ആണ് ഇപ്പോഴത്തെ ചര്‍ച്ച. അത്യാഡംബരം നിറഞ്ഞ ഈ വിവാഹത്തിന്‍റെ വിശേഷങ്ങള്‍ ഡാന വാങ് എന്ന യുവതിയാണ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ വിഡിയോ വൈറലായി.

ഡാന വാങിന്‍റെ സുഹൃത്തിന്‍റെ വിവാഹമായിരുന്നു ഇത്. വിദേശത്തുള്ള എല്ലാ അതിഥികള്‍ക്കും വിവാഹത്തിനെത്താന്‍ സൗജന്യ വിമാന ടിക്കറ്റ് വധൂവരന്‍മാര്‍ നല്‍കി. അതു മാത്രമല്ല അഞ്ച് ദിവസം ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ അതിഥികള്‍ക്കായി താമസവും ഒരുക്കി. വിവാഹം നടക്കുന്ന നഗരം ചുറ്റിക്കറങ്ങാനായി വില കൂടിയ റോള്‍സ് റോയ്‌സും ബെന്‍റലിയുമടക്കമുള്ള കാറുകളാണ് അതിഥികള്‍ക്കായി ഇവര്‍  ഒരുക്കിയത്.

വിവാഹവേദിയിലെത്തിയപ്പോള്‍ യൂറോപ്പില്‍ വന്നതുപോലെയാണ് തോന്നിയതെന്ന് ഡാന വാങ് പറയുന്നു. ചടങ്ങ് നടക്കുന്ന പ്രദേശമാകെ പുഷ്പങ്ങളാല്‍ അലങ്കരിച്ചിരുന്നു. ഓരോ അലങ്കാരവും വളരെയധികം പ്രത്യേകതയുള്ളതായി തോന്നിയെന്ന് വാങ്ങ് പറയുന്നു. 

വരനും വധുവിനും അതിഥികള്‍ പണം, ചുവപ്പ് നിറമുള്ള കവറിലാക്കി നല്‍കുന്നത് ചൈനീസ് വിവാഹങ്ങളിലെ പരമ്പരാഗതമായ ചടങ്ങാണ്. എന്നാല്‍ വധൂവരന്മാര്‍ അതിഥികളില്‍ നിന്ന് പണം സ്വീകരിച്ചില്ല. പകരം പണം നിറച്ച ചുവപ്പ് കവര്‍ ഇവര്‍ അതിഥികള്‍ക്ക് സമ്മാനിച്ചു. ഓരോ കവറിലും ഏകദേശം 66,700 രൂപയാണുണ്ടായിരുന്നത്.  ഓരോ ടേബിളിലും വീണ്ടും കവറുകള്‍ വെച്ചിരുന്നു. കൂടുതല്‍ പണം ആവശ്യമുള്ളവര്‍ക്ക് ആ കവറുകള്‍ എടുക്കാനുള്ള സൗകര്യവുമുണ്ടായിരുന്നു.

എനിക്കിപ്പോഴും ആ ചുവപ്പ് കവറില്‍ കിട്ടിയ പണത്തിന്‍റെ കൗതുകം മാറിയിട്ടില്ല എന്ന കുറിപ്പോടെയാണ് വാങ് വിഡിയോ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. അനന്ത് അംബാനിയുടെയും രാധിക മര്‍ച്ചന്‍റിന്‍റെയും വിവാഹം ഇതിലും ആഡംബരം നിറഞ്ഞതായിരിക്കുമെന്ന കമന്‍റുകള്‍ പോസ്റ്റിനു താഴെ വന്നുനിറയുകയാണ്.

ENGLISH SUMMARY:

This is what a Crazy Rich Asian wedding is like in real life. Chinese wedding goes viral on social media.