old-love

പ്രതീകാത്മക ചിത്രം.

TOPICS COVERED

‘എങ്ങനെ പണക്കാരായ യുവാക്കളെ വളയ്ക്കാം?’ ചൈനയിലെ ഒരു ‘ലവ് ഗുരു’ യുവതികള്‍ക്കായി നല്‍കിയ ഉപദേശത്തിന് അവര്‍ക്ക് ലഭിച്ച പ്രതിഫലം കണ്ട് കണ്ണുതള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ലീ ച്വാങു എന്ന യുവതിയാണ് ഈ വൈറല്‍ ഉപദേശത്തിലൂടെ കോടിപതിയായത്. ബന്ധങ്ങളെക്കുറിച്ചും സാമ്പത്തിക ഭദ്രതയെക്കുറിച്ചുമെല്ലാം പലവിധ ഉപദേശങ്ങള്‍ നല്‍കി മുന്‍പും ശ്രദ്ധ നേടിയിട്ടുണ്ട് ച്വാങു. എന്നാല്‍ ഇത് ഇത്തിരി കടുത്തുപോയി എന്നാണ് പലരുടെയും പക്ഷം.

സമൂഹമാധ്യമങ്ങളിലൂടെയാണ് ച്വാങുവിന്‍റെ ഉപദേശങ്ങള്‍. ഇതിലൂടെ നല്ല വരുമാനം ഇവര്‍ക്ക് ലഭിക്കുന്നുണ്ട്. അതുകൊണ്ട് വ്യത്യസ്തമായ ഉപദേശങ്ങള്‍ എപ്പോഴും പോസ്റ്റ് ചെയ്തുകൊണ്ടിരിക്കും. എങ്ങനെ പണക്കാരനെ വിവാഹം കഴിക്കാം എന്ന ഉപദേശത്തിന് മാത്രം അവര്‍ക്ക് ലഭിച്ചത് 142 മില്യണ്‍ യുവാന്‍ (ഏകദേശം 163 കോടി രൂപ) ആണ്.

ഈ ഉപദേശം വിവാദമായെങ്കിലും ച്വാങുവിന് അത് ഗുണമായി. ബന്ധങ്ങളും വിവാഹവും സാമ്പത്തിക ഭദ്രത നോക്കി തിരഞ്ഞെടുക്കേണ്ട ഒന്നാണെന്നാണ് ച്വാങുവിന്റെ നിലപാട്. വിവാഹം എന്നത് ഒരു കോട്ടയ്ക്കുള്ളില്‍ അകപ്പെടും പോലെയാണ്, പണമാണ് അന്നം, ഒരു പന്ത് കെട്ടിവച്ചത് പോലെയാണ് ഗര്‍ഭാവസ്ഥ തുടങ്ങി പുരോഗമനവാദികള്‍ കേട്ടാല്‍ കലിതുള്ളുന്ന ഉപദേശങ്ങളാണ് ഇവരുടേത്. മാനുഷികവും വൈകാരികവുമായ വിഷയങ്ങളില്‍ പണം മാത്രം നോക്കി തീരുമാനമെടുക്കണം എന്ന ഉപദേശം പലര്‍ക്കും ദഹിച്ചിട്ടില്ല. സ്വന്തം നേട്ടങ്ങള്‍ക്കും ശാക്തീകരണത്തിനുമുള്ളതാകണം ബന്ധങ്ങള്‍ എന്നതാണ് ച്വാങു ലൈന്‍. 

ഒരു പഴ്സണല്‍ ഫെയ്സ്–ടു–ഫെയ്സ് ലൈവ് സ്ട്രീമിന് മാത്രം 13,000 രൂപയാണ് ഇവരുടെ ചാര്‍ജ്. ‘മൂല്യവത്തായ ബന്ധങ്ങള്‍’ എന്ന ച്വാങുവിന്‍റെ വന്‍പ്രചാരമുള്ള കോഴ്സിന് 43,000 രൂപയാണ് ഫീസ്. ഒരുമാസത്തെ നേരിട്ടുള്ള കൗണ്‍സിലിംഗിന് വാങ്ങുന്നത് 1,17,000 രൂപ. സമൂഹമാധ്യമങ്ങളിലൂടെയുള്ള ക്ലാസുകള്‍ക്കു പുറമേ ഇവര്‍ വര്‍ക്ക്ഷോപ്പുകളും സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്.

ബന്ധങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി ച്വാങുവിനെ പല സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളും നിരോധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ക്ലാസുകള്‍ കൂടുതല്‍ മികവുറ്റതാക്കി അവതരിപ്പിക്കുകയാണ് ഇവര്‍. ചില സ്വകാര്യ ചാനലുകളില്‍ ഇവരുടെ പരിപാടി സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്നാണ് വിവരം. ച്വാങുവിന്‍റെ ഉപദേശങ്ങള്‍ കേട്ട് രണ്ടുതരത്തിലുള്ള പ്രതികരണങ്ങള്‍ എത്തുന്നുണ്ട്. 

സ്വയം തൊഴില്‍, ശാക്തീകരണം തുടങ്ങിയവ വഴികള്‍ തിരഞ്ഞെടുക്കാന്‍ സ്ത്രീകളെ പ്രോത്സാഹിപ്പിക്കുന്നതിന് പകരം ആണിന്‍റെ തണലില്‍ കഴിയാന്‍ പ്രേരിപ്പിക്കുന്നതാണ് ച്വാങുവിന്‍റെ ഉപദേശങ്ങള്‍ എന്നാണ് വിമര്‍ശകരുടെ നിലപാട്. എന്നാല്‍ സാമ്പത്തികമായി മുന്നോട്ടുവരാനായി നല്ല കാര്യങ്ങളാണ് ച്വാങു പറയുന്നതെന്ന് അഭിപ്രായമുള്ളവരുമുണ്ട്.