വിവാഹമോചനത്തോടെ പ്രശ്നങ്ങളെല്ലാം അവസാനിച്ചെന്ന് കരുതിയിടത്തുനിന്നാണ് മൈക്കിള്‍ ക്ലാര്‍ക്കിനും കോണ്‍സറ്റയ്ക്കുമിടയില്‍ പുതിയ തര്‍ക്കം . മൈക്കിളിനവകാശപ്പെട്ട 400കുപ്പി വൈന്‍ കോണ്‍സറ്റ മനപ്പൂര്‍വം നശിപ്പിച്ചെന്നാണ് ഇപ്പോഴത്തെ തര്‍ക്കം . ന്യൂയോര്‍ക്കിലാണ് സംഭവം.
2005ലായിരുന്നു മൈക്കിളിന്‍റെയും കോണ്‍സറ്റയുടെയും വിവാഹം. ഇരുവരും ചേര്‍ന്നാണ് ന്യൂയോര്‍ക്കിലെ വിന്‍ഡ്ഹാമില്‍ സ്‌കൈ ഹൗസ് വാങ്ങിയത്.
ആറുവീതം കിടപ്പുമുറികളും ബാത്ത് റൂമുകളും രണ്ട് ഫയര്‍പ്ലെയ്‌സുകള്‍, ഒരു ഗെയിം റൂം, ജിം, വെറ്റ് ബാര്‍, ഷെഫ് കിച്ചന്‍ എന്നിവയുള്‍പ്പടെ 6200 ചതുരശ്ര അടി വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്ന ബംഗ്ലാവിന് ഏകദേശം 30 ലക്ഷം ഡോളര്‍ വിലമതിക്കും. വീടിനുള്ളിലെ വൈന്‍ ശേഖരത്തെ ചൊല്ലി ഇരുവരും തമ്മിലുള്ള തര്‍ക്കം പതിവായിരുന്നു.
2023 ജൂലൈയിലാണ് മൈക്കിള്‍ ക്ലാര്‍ക്കും കോണ്‍സറ്റയും വിവാഹമോചിതരായത്. വിവാഹമോചന സമയത്തെ വ്യവസ്ഥ അനുസരിച്ച് കരാര്‍ ഒപ്പിട്ട് ഒരു മാസത്തിനകം കോസറ്റ എല്ലാ വസ്തുവകകളുടെയും ഉടമസ്ഥാവകാശം മൈക്കിളിന് കൈമാറേണ്ടിയിരുന്നു. ഇതിന്റെ ഭാഗമായി 2023 സെപ്റ്റംബര്‍ അഞ്ചിന് കോണ്‍സെറ്റ എന്‍വൈഎസ്ഇജിയില്‍ വിളിച്ച് അക്കൗണ്ടില്‍നിന്ന് തന്റെ പേര് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. ഈ നടപടിക്കിടെ മൈക്കിളിന്‍റെ പേരും കോണ്‍സെറ്റ നീക്കം ചെയ്തെന്നാണ് പരാതി. ഇത് മനപ്പൂര്‍വം ചെയ്തതാണോ എന്നതില്‍ ഇപ്പോഴും ഉറപ്പില്ല.
ഇരുവരുടെയും പേര് നീക്കെ ചെയ്തതിനുശേഷം കമ്പനി മൈക്കിളുമായി ബന്ധപ്പെട്ടിരുന്നില്ല. ആഴ്ചകള്‍ക്ക് ശേഷം വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ട വിവരം മൈക്കിള്‍ മനസിലാക്കുന്നത്. ഇവിടെ 400ലേറെ കുപ്പി വൈന്‍ സംഭരിച്ചിരിക്കുന്നതായി കോണ്‍സറ്റയ്ക്ക് അറിയാമായിരുന്നു. ശീതീകരിച്ച അന്തരീക്ഷത്തിലാണ് വൈനുകള്‍ സൂക്ഷിച്ചിരുന്നത്. വൈദ്യുതി വിച്ഛേദിച്ചതോടെ ശീതീകരണികള്‍ പ്രവര്‍ത്തിക്കാതായി . അതോടെ വൈന്‍ ശേഖരിച്ച മുറിയിലെ താപനില വര്‍ധിക്കുകയും അത് നശിച്ചുപോകുകയുമായിരുന്നുവെന്ന് മൈക്കിള്‍ വ്യക്തമാക്കി. പലിശയും നിയമനടപടിക്കാവശ്യമായ ചെലവും സഹിതം 4.97 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് മൈക്കിള്‍ ആവശ്യപ്പെട്ടു.